ADVERTISEMENT

സ്വപ്നതുല്യമായിരുന്നു കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ തുടക്കം. ആദ്യ സർവീസ് തന്നെ അബുദാബിയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ്. കണ്ണൂരിനെ ഹബ് ആയി പ്രഖ്യാപിച്ച് ഗോ എയറും (ഇപ്പോൾ ഗോ ഫസ്റ്റ്) ഉഡാൻ സർവീസ് ഉൾപ്പെടെ രാജ്യത്തെ ഒട്ടേറെ നഗരങ്ങളിലേക്ക് സർവീസുകളുമായി ഇൻഡിഗോയും തുടക്കത്തിലേ സജീവമായി. വൈകാതെ എയർ ഇന്ത്യയും സർവീസ് ആരംഭിച്ചു. ഒട്ടേറെ കമ്പനികൾകൂടി കണ്ണൂരിൽ നിന്നു സർവീസ് തുടങ്ങാൻ താൽപര്യം പ്രകടിപ്പിച്ച നാളുകൾ.

പ്രവർത്തനം ആരംഭിച്ച് 9 മാസം കൊണ്ടു പ്രതിദിനം 50 വീതം സർവീസ്. ആഴ്ചയിൽ 65 രാജ്യാന്തര സർവീസ് എന്ന നേട്ടവും കൈവരിച്ചു. ആദ്യ 10 മാസം കൊണ്ട് 10 ലക്ഷം യാത്രക്കാർ എന്ന സ്വപ്നതുല്യമായ നേട്ടം കണ്ണൂർ സ്വന്തമാക്കി. നാല് വർഷം പിന്നിട്ട കിയാലിന്റെ വളർച്ചയുടെ നിർണായക ഘടകമായിരുന്നു ഹജ് പുറപ്പെടൽ കേന്ദ്രത്തിനുള്ള അനുമതി. എന്നാൽ ഈ സന്തോഷത്തേക്കാൾ കണ്ണൂരിനെ അലട്ടുന്നത് ഗോ ഫസ്റ്റ് സർവീസുകൾ അവസാനിപ്പിച്ചതാണ്. വിസ്താരയുമായുള്ള ലയന നടപടികളുടെ ഭാഗമായി എയർ ഇന്ത്യ നേരത്തേ സർവീസ് നിർത്തി. ഇതോടെ രണ്ട് എയർലൈനുകൾ മാത്രമായി കണ്ണൂരിൽ. പറന്നു കൊതിതീരും മുന്നേ ചിറകൊടിഞ്ഞ അവസ്ഥ. ജനപ്രതിനിധികളും സർക്കാരും രംഗത്തിറങ്ങിയില്ലെങ്കിൽ കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ വെറും സ്വപ്നമായി അവശേഷിക്കും.

ഗോ ഫസ്റ്റ്  നിർത്തുമ്പോൾ

∙ പ്രതിദിനം കുറയുന്നത്: 8 സർവീസ്
∙ പ്രതിമാസം: 240 സർവീസുകൾ
∙ യാത്രക്കാരുടെ കുറവ്: പ്രതിദിനം
∙ ശരാശരി 1200
∙ പ്രതിമാസം: 36,000
∙ കിയാലിന് വരുമാന നഷ്ടം: പ്രതിദിനം ശരാശരി 13 ലക്ഷം ‌പ്രതിമാസം 4 കോടി രൂപയോളം

2021 ഓഗസ്റ്റ്, സെപ്റ്റംബർ മാസത്തിൽ രാജ്യാന്തര യാത്രക്കാരുടെ ആദ്യ പത്തിൽ കണ്ണൂരും ഇടം പിടിച്ചെങ്കിലും 2022 ഒക്ടോബറിൽ 13ാം സ്ഥാനത്തേക്ക് പിന്തള്ളി. നിലവിൽ ആദ്യ 15നും പുറത്തായി.

നേട്ടമില്ലാതെ കാർഗോ

2021 ഒക്ടോബർ മുതൽ രാജ്യാന്തര കാർഗോ ആരംഭിച്ചെങ്കിലും പ്രതിദിനം 7 ടൺ വരെ മാത്രമാണ് ചരക്ക് നീക്കം സാധ്യമാകുന്നത്. ഉള്ള സർവീസുകളിൽ പരമാവധി ലോഡ് എടുക്കുന്നുണ്ടെന്ന് എയർലൈനും പറയുന്നു. സർവീസ് കൂടിയാൽ ആനുപാതികമായി ചരക്ക് നീക്കവും സാധിക്കും. ആദ്യ വർഷം 3764.402 ടൺ ചരക്ക് നീക്കമാണ് നടന്നത്. ഗോ ഫസ്റ്റ് സർവീസ് കുറച്ചതോടെ ചരക്ക് നീക്കവും കുറഞ്ഞു.

കിയാൽ

∙ റൺവേ: 3050 മീറ്റർ (നാലായിരം ആക്കുമെന്ന് പ്രഖ്യാപനം)
∙ ടെർമിനൽ: 97,000 ചതുരശ്ര മീറ്റർ
∙ എയ്റോബ്രിജുകൾ: 6
∙ ഏപ്രൺ: 20 കോഡ് സി വിമാനങ്ങൾക്ക്
പാർക്കിങ്

∙ അത്യാധുനിക അഗ്നിശമന വാഹനങ്ങൾ: 4
∙ ചെക് ഇൻ കൗണ്ടറുകൾ: 24 (48 വരെയായി ഉയർത്താം)
∙ എമിഗ്രേഷൻ കൗണ്ടറുകൾ: 32
∙ എസ്കലേറ്ററുകൾ: 16

∙ ലിഫ്റ്റുകൾ: 17
∙ വാഹന പാർക്കിങ്: 700 കാറുകൾ,
200 ടാക്സി, 25 ബസ്
∙ നിർമാണ ചെലവ്: 2350 കോടി രൂപ
∙ വായ്പ: 892 കോടി രൂപ (ഇപ്പോഴിത് 1100 കോടിക്കു മുകളിൽ)

കരകയറാനാകുമെന്ന് പ്രതീക്ഷ: ബ്രിട്ടാസ് 

മട്ടന്നൂർ∙ പ്രതിസന്ധിയിലായ കണ്ണൂർ വിമാനത്താവളത്തിന് വൈകാതെ കരകയറാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ജോൺ ബ്രിട്ടാസ് എംപി. 6 മാസത്തിനകം കണ്ണൂർ വിമാനത്താവളത്തിൽ വലിയൊരു മാറ്റം ഉണ്ടാകും. വിദേശ കമ്പനികളുടെ വിമാന സർവീസ് നടത്താനുള്ള പോയിന്റ് ഓഫ് കോൾ കേന്ദ്രത്തിന് ഇനി നിഷേധിക്കാനുള്ള സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. മുടങ്ങിയ ഗോ ഫസ്റ്റ് സർവീസ് വീണ്ടും പുനരാരംഭിക്കാൻ പോകുകയാണ്. എയർ ഏഷ്യ ഉൾപ്പെടെയുള്ള വിമാന കമ്പനികളുമായി കിയാൽ ചർച്ച പൂർത്തിയാക്കിക്കഴിഞ്ഞു. കൂടുതൽ സർവീസുകൾ കണ്ണൂർ വിമാനത്താവളത്തിലേക്ക് വരികയാണ്.
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com