ADVERTISEMENT

കണ്ണൂർ ∙ വടക്കേ മലബാറിലെ കളരികൾ എന്നും പുറംനാട്ടുകാർക്ക് വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ്. ആയോധനകലകളുടെ മാതാവായ കളരിപ്പയറ്റിന്റെ സ്വാധീനം ചൈനയിലെ ഷവോലിൻ കുങ്ഫു ഉൾപ്പെടെ ലോകമെമ്പാടുമുള്ള ആയോധന കലകളിൽ കാണാം. മുപ്പതോളം കലകളിലും കളരിപ്പയറ്റിന്റെ സ്വാധീനമുണ്ട്. കളരി അഭ്യാസം കാണാനും പഠിക്കാനുമായി വിദേശത്തു നിന്ന് ഒട്ടേറെപ്പേർ മലബാറിലെ കളരികളിൽ എത്തുന്നുണ്ട്.മെയ്‌വഴക്കവും ഏകാഗ്രതയും മനസ്സാന്നിധ്യവും വേണ്ട ഈ ആയോധനകലാ പ്രകടനം കാണാൻ അവസരം ഒരുക്കിയാൽ അത് വടക്കേ മലബാറിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് മുതൽക്കൂട്ടാവും.

ഇതിനുള്ള സ്ഥിരം സംവിധാനങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങളും റിസോർട്ടുകളും കേന്ദ്രീകരിച്ച് സജ്ജമാക്കണം. കളരിയെ ടൂറിസവുമായി കോർത്തിണക്കാനുള്ള ശ്രമങ്ങൾ നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിലുള്ള ടൂറിസം ഓർഗനൈസേഷനും (നോംടോ) പയ്യമ്പള്ളി കളരി സംഘവും ചേർന്ന് തുടങ്ങിക്കഴിഞ്ഞു.കഴിഞ്ഞ ദിവസം ആദികടലായിലെ സീഷെൽ ഹാരിസ് ബീച്ച് ഹോമിൽ കാനഡ, ന്യൂസീലൻഡ്, ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്കു മുന്നിൽ കളരിഅഭ്യാസ പ്രകടനം നടന്നിരുന്നു.

ഏറെ ആവേശത്തോടെയാണ് സഞ്ചാരികൾ കളരി ആസ്വദിച്ചതെന്ന് ഹോം സ്റ്റേ അസോസിയേഷൻ ജില്ലാ പ്രസിഡന്റുകൂടിയായ ഇ.വി.ഹാരിസ് പറഞ്ഞു.ജനുവരി 27ന് പൊലീസ് മൈതാനത്ത് 500 കളരി അഭ്യാസികൾ അണിനിരക്കുന്ന പ്രദർശനം ഒരുക്കും. ആ ദിവസം വടക്കേ മലബാറിലുള്ള ടൂറിസ്റ്റുകളെ പ്രദർശനം കാണാൻ ഇവിടേക്ക് ക്ഷണിക്കുമെന്ന് ഹോട്ടൽ, റിസോർട്സ്, ഹോം സ്റ്റേ ഉടമകൾ പറഞ്ഞു. കളരിപ്പയറ്റിന്റെ പ്രചാരണം വർധിക്കുന്നതോടെ കളരി ചികിത്സ തേടിയും കർക്കടകത്തിൽ ഉഴിച്ചിലിനും വിദേശികൾ ഉൾപ്പെടെയുള്ളവർ എത്തുന്നതിനും വഴിതെളിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com