ADVERTISEMENT

കണ്ണൂർ ∙ ദേശീയപാതയുടെ തലശ്ശേരി – മാഹി ബൈപാസ് 27ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാൻ സാധ്യത. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ സമാപനത്തിന് പ്രധാനമന്ത്രി തിരുവനന്തപുരത്ത് എത്തുന്നുണ്ട്. ഇതേ ദിവസം സംസ്ഥാനത്തെ വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം നടത്തുന്ന കാര്യം പരിഗണനയിലുണ്ട്. ഇതിനൊപ്പം ഓൺലൈനായി ദേശീയപാത ബൈപാസിന്റെ ഉദ്ഘാടന ചടങ്ങ് നടത്തുന്ന കാര്യമാണ് ആലോചിക്കുന്നതെന്ന് അറിയുന്നു.

ബൈപാസ് പ്രവൃത്തിയിൽ ബാക്കിയുണ്ടായിരുന്ന അഴിയൂരിലെ റെയിൽവേ മേൽപാലത്തിൽ മുഴുവൻ ഗർഡറുകളും സ്ഥാപിച്ച് ടാറിങ്ങും പൂർത്തിയാക്കി. ഭൂമി ഏറ്റെടുക്കൽ നീണ്ട 13 സ്ഥലങ്ങളിൽ സർവീസ് റോഡ് നിർമാണം ബാക്കിയുണ്ട്. ഇത് ഉടൻ പൂർത്തിയാക്കാൻ കഴിയുകയുമില്ല. ഉദ്ഘാടന ചടങ്ങോടെ തൊഴിലാളികളെ പിൻവലിക്കാനാണ് കരാർ കമ്പനി ആലോചിക്കുന്നത്. ഭൂമി വിട്ടുകിട്ടുന്നത് വൈകുന്ന സാഹചര്യത്തിൽ തൊഴിലാളികളെ അനിശ്ചിതമായി ഇവിടെ നിയോഗിക്കുന്നത് കനത്ത നഷ്ടമുണ്ടാക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

നാലരപ്പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് ദേശീയപാതയിൽ തലശ്ശേരിയിലെയും മാഹിയിലെയും ഗതാഗതക്കുരുക്ക് ഒഴിവാക്കിയുള്ള യാത്രയ്ക്ക് വഴി തുറക്കുന്നത്. ദേശീയപാത ബൈപാസിനായി 1977ൽ ആരംഭിച്ച സ്ഥലം ഏറ്റെടുക്കൽ നടപടികളുടെ കുരുക്കഴിഞ്ഞതോടെ 2018 നവംബറിലാണ് പ്രവൃത്തി ഔദ്യോഗികമായി തുടങ്ങിയത്. കണ്ണൂർ ജില്ലയിലെ മുഴപ്പിലങ്ങാട് മുതൽ കോഴിക്കോട് ജില്ലയിലെ അഴിയൂർ വരെ 18.6 കിലോമീറ്റർ നീളത്തിലാണു ബൈപാസ്. ധർമടം, തലശ്ശേരി, തിരുവങ്ങാട്, എരഞ്ഞോളി, കോടിയേരി, മാഹി, ചൊക്ലി എന്നിവിടങ്ങളിലൂടെയാണ് ബൈപാസ് കടന്നു പോകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com