ADVERTISEMENT

പയ്യന്നൂർ ∙ കിഫ്ബിയിൽ നിന്ന് 58.53 കോടി  രൂപ  ചെലവഴിച്ച് നവീകരിച്ച പെരുമ്പ – കാനായി – മണിയറ – മാതമംഗലം റോഡ് ഇന്ന് വൈകിട്ട് 5ന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ടി.ഐ.മധുസൂദനൻ എംഎൽഎ അധ്യക്ഷത വഹിക്കും.  നഗരസഭയെയും എരമം-കുറ്റൂർ  പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന 11 കിലോമീറ്റർ  റോഡ് 12 മീറ്റർ വീതിയിലാണ് നവീകരിച്ചിരിക്കുന്നത്. മണിയറ വയലിൽ കാലപ്പഴക്കം ചെന്ന 2 പാലങ്ങൾ പുനർനിർമിച്ചു.

നിലവിലെ റോഡരികിലൂടെ പോകുന്ന വാട്ടർ അതോറിറ്റി പൈപ്പ് ലൈനുകൾ മാറ്റി പുതിയത് സ്ഥാപിച്ചു. കുത്തനെയുള്ള കയറ്റങ്ങളും വലിയ വളവുകളും നികത്തി ഓവുചാലുകളും കലുങ്കുകളും നിർമിച്ച് സുരക്ഷാ സംവിധാനങ്ങൾ ഉൾപ്പെടെ ഉണ്ടാകുന്ന രീതിയിലാണ് റോഡിന്റെ നവീകരണം. 

റോഡ് വീതി കൂട്ടി നവീകരിക്കുമ്പോൾ സ്ഥലമെടുപ്പ് വലിയ പ്രതിസന്ധിയുണ്ടാക്കി.  നൂറിലധികം ആളുകൾ സൗജന്യമായി ഭൂമി വിട്ടു നൽകാൻ തയാറായെങ്കിലും  64 വീട്ടുകാർ കോടതിയെ സമീപിച്ചു. നിർമാണം പലയിടത്തും  നിൽക്കുന്ന അവസ്ഥ വന്നു. ഈ ഘട്ടത്തിൽ ടി.ഐ.മധുസൂദനൻ എംഎൽഎയുടെയും നഗരസഭ ചെയർമാൻ കെ.വി.ലളിതയുടെയും ഇടപെടൽ മൂലമാണ് പ്രതിസന്ധി പരിഹരിച്ചത്. റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി പൊളിച്ചു മാറ്റിയ മതിലുകൾക്ക് പകരമായി പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് തന്നെ മതിലുകൾ പുതുതായി നിർമിച്ച് നൽകി.

കോഴിച്ചാൽ പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് 
ഏറെ കാലത്തെ കാത്തിരിപ്പിനു ഒടുവിൽ കോഴിച്ചാൽ ഐഎച്ച്ഡിപി കോളനി നിവാസികളുടെ പാലം എന്ന സ്വപ്നം യാഥാർഥ്യമാകുന്നു. 5 കോടി രൂപ ചെലവിൽ തേജസ്വിനിപ്പുഴയുടെ കോഴിച്ചാൽ ഭാഗത്തു പാലം നിർമിക്കുന്നതോടെ കോളനി നിവാസികളുടെ യാത്രാക്ലേശത്തിനു ശാശ്വത പരിഹാരമാകും.

പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ഇന്ന് വൈകിട്ടു 4.30ന് പൊതുമരാമത്ത് വകുപ്പുമന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവഹിക്കും. ടി.ഐ.മധുസൂദനൻ എംഎൽഎ അധ്യക്ഷത വഹിക്കും. ഉദ്ഘാടന പരിപാടി നാടിന്റെ ഉത്സവമാക്കി മാറ്റാനുള്ള തയാറെടുപ്പിലാണു നാട്ടുകാർ. വേനൽക്കാലത്തു പുഴയിൽ കല്ല് നിരത്തിയാണു വാഹനങ്ങൾ കോളനിയിൽ എത്തുന്നത്. എന്നാൽ മഴക്കാലമായാൽ പുഴയ്ക്ക് കുറുകെയുള്ള ഇരുമ്പുനടപ്പാലം മാത്രമാണു പ്രദേശവാസികൾക്ക് ഏക ആശ്രയം. 

പുഴയിൽ ജലവിതാനം ഉയർന്നാൽ പ്രായമായവർക്ക് പുറത്തിറങ്ങാൻ പറ്റാത്ത സ്ഥിതിയാണ്. രോഗികളെ കസേരയിൽ ചുമന്നു പുഴ കടത്തി വേണം ആശുപത്രിയിൽ എത്തിക്കാൻ. ഇക്കാര്യം പ്രദേശവാസികൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താൻ തുടങ്ങിയിട്ടു കാലമെറെയായി. ഏറ്റവും ഒടുവിൽ എൽഡിഎഫ് സർക്കാരാണു പാലം യാഥാർഥ്യമാക്കിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com