ADVERTISEMENT

കേളകം∙ കരിയംകാപ്പിൽ കടുവ ഭീതിയുടെ ഒരു രാപകൽ കൂടി. കടുവയെ പിടികൂടാൻ വനംവകുപ്പ് തയാറാകാത്തതാണെന്ന ആരോപണവുമായി പ്രതിഷേധം കടുപ്പിച്ച് നാട്ടുകാർ. ഇന്നലെ പകൽ മുഴുവൻ നടത്തിയ തിരച്ചിലിൽ നിന്നു പ്രതിഷേധത്തിന്റെ ഭാഗമായി ഒരു വിഭാഗം നാട്ടുകാർ വിട്ടുനിന്നു.  ഇന്നലെ രാവിലെ 9.30 ന് കടുവയെ നാരങ്ങാത്തട്ടിനും പൊട്ടനാനി കവലയ്ക്കുമിടയിൽ കണ്ടതായി റേഞ്ച് ഓഫിസർ സുധീർ നരോത്ത് അറിയിച്ചു. ഇതിനെ തുടർന്ന് വിവിധ സെക‌്ഷനുകളിൽ നിന്ന് എത്തിയ, വാച്ചർമാരും വനം ഉദ്യോഗസ്ഥരുമടക്കം നൂറോളം പേർ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് തിരച്ചിൽ നടത്തി. ആൾത്താമസം ഇല്ലാത്ത പ്രദേശങ്ങൾ, തോടുകൾ, തോട്ടങ്ങൾ, പാറക്കെട്ടുകൾ എന്നിവിടങ്ങളിൽ എല്ലാം തിരച്ചിൽ നടത്തി.

പകൽ മുഴുവൻ കരിയംകാപ്പിലെ എല്ലായിടവും അരിച്ചുപെറുക്കിയിട്ടും കടുവയെ കണ്ടെത്താൻ കഴിഞ്ഞില്ല. വൈകിട്ട് 5 മണിയോടെ രണ്ട് കൂടുകൾ സ്ഥാപിക്കാനായി ശ്രമം തുടങ്ങി. ഒരു കൂട് വയനാട്ടിൽ നിന്ന് എത്തിച്ചു. കൂട്ടിൽ ഇരയായി ആടിനെ നിശ്ചയിച്ചു എങ്കിലും പിന്നീട് ആടിന് പകരം നായയെ വയ്ക്കാൻ തീരുമാനിച്ചു. കൂടുകൾക്ക് സമീപം ക്യാമറകളും സ്ഥാപിച്ച് വനപാലകർ പ്രദേശത്ത് നിന്ന് മാറി.  നാട്ടുകാർ ഇന്നലെ വനം വകുപ്പിന് ഒപ്പം തിരച്ചിലിനിറങ്ങിയില്ല. പ്രദേശത്തെ കുറിച്ച് അറിവുള്ള ഒരാൾ വീതം ഓരോ സംഘത്തിനും ഒപ്പം ഉണ്ടായിരുന്നു. വനം വകുപ്പിനോടുള്ള പ്രതിഷേധമെന്ന നിലയിലാണ് ഒരു വിഭാഗം നാട്ടുകാർ തിരച്ചിലിൽ നിന്ന് വിട്ടുനിന്നത്.

കേളകം കരിയംകാപ്പിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പൊട്ടനാനിക്കൽ കവലയ്ക്കു സമീപം കൃഷിയിടത്തിൽ സ്ഥാപിച്ച കൂട്ടിൽ കെണി വയ്ക്കാനായി എത്തിച്ച ആട്.
കേളകം കരിയംകാപ്പിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പൊട്ടനാനിക്കൽ കവലയ്ക്കു സമീപം കൃഷിയിടത്തിൽ സ്ഥാപിച്ച കൂട്ടിൽ കെണി വയ്ക്കാനായി എത്തിച്ച ആട്.

പ്രവ‍ൃത്തി ദിനമായിരുന്നതിനാൽ മറ്റുള്ളവരും വിട്ടു നിന്നു. കർഷകരിൽ ബഹുഭൂരിപക്ഷവും കൃഷിയിടങ്ങളിൽ പണികൾ ചെയ്തില്ല. റബർ ടാപ്പിങ്. കശുവണ്ടി ശേഖരണം, തോട്ടം നനയ്ക്കൽ തുടങ്ങിയ പണികളും നടത്തിയില്ല.  കടുവ ഭീഷണിയെ അവഗണിച്ച് പണികൾ നടത്തിയ കർഷകരും ഉണ്ട്. പരീക്ഷയ്ക്കു പോകാനുള്ള കുട്ടികൾ നടന്നു പോകുമ്പോൾ കടുവയുടെ മുന്നിൽ പെടാൻ സാധ്യത ഉണ്ടെന്ന കണക്കുകൂട്ടലിൽ പലരും വാഹനങ്ങളിലാണ് അവരെ സ്കൂളുകളിൽ എത്തിച്ചത്. കടുവയെ പിടികൂടാതിരിക്കാൻ വനം വകുപ്പ് ബോധപൂർവം നടപടികൾ വൈകിപ്പിച്ചെന്നും അതിനായി ജനങ്ങളെ പ്രദേശത്ത് നിന്ന് പൊലീസിനെ ഉപയോഗിച്ച് അകറ്റിനിർത്താൻ ശ്രമിച്ചു എന്നുമാണു നാട്ടുകാരുടെ ആരോപണം.

ഞായറാഴ്ച കടുവയെ കണ്ടെത്തിയതും വിഡിയോ പകർത്തിയതും കടുവയുള്ള സ്ഥലം അടയാളപ്പെടുത്തി വളഞ്ഞു വച്ച്,വനം വകുപ്പ് ഉദ്യോഗസ്ഥർ വരുന്നതു വരെ നിരീക്ഷിച്ചതും നാട്ടുകാർ ആണ്. നാട്ടുകാർ പ്രതിഷേധ പ്രകടനം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും നിരോധനാജ്ഞ ഏർപ്പെടുത്തിയതിനാൽ പിന്മാറി. പിടികൂടാൻ സാധിക്കുന്നില്ലെങ്കിൽ കടുവയെ വെടിവച്ചു കൊല്ലണം എന്നാണു നാട്ടുകാരുടെ ആവശ്യം. കടുവയെ കാട്ടിലേക്ക് ഓടിച്ചുവിടാനാണു വനം വകുപ്പ് ശ്രമിക്കുന്നതെന്നു നാട്ടുകാർ ആരോപിച്ചു. ഒരാഴ്ചയായി ഒളി‍ഞ്ഞും തെളിഞ്ഞും കടുവ ഈ പ്രദേശത്തു തന്നെയുണ്ട്. ഞായർ രാവിലെ നാട്ടുകാർ കണ്ടെത്തി വളഞ്ഞു വച്ച കടുവയെ ഓടിച്ചു വിടാനാണു വനം വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിച്ചത്. അതുവരെ നിരീക്ഷണത്തിലുണ്ടായിരുന്ന കടുവയെ, ഞായർ രാത്രിയോടെ കാണാതാവുകയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com