ADVERTISEMENT

ചെറുപുഴ∙ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ ഗ്രാമീണ റോഡുകൾ ഒലിച്ചുപോയി. ജലജീവൻ മിഷൻ ശുദ്ധജല വിതരണ പദ്ധതിയുടെ പൈപ്പിടാനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു പഞ്ചായത്ത് റോഡുകളുടെ അരികിൽ അശാസ്ത്രീയമായി കുഴിയെടുത്തതാണു റോഡ് ഒഴുകി പോകാൻ കാരണമായത്. തീരെ വീതി കുറഞ്ഞ റോഡുകളുടെ അരികിൽ മണ്ണുമാന്ത്രി യന്ത്രം ഉപയോഗിച്ചു കുഴിയെടുത്തതുമൂലം റോഡുകളുടെ അരികുവശത്തെ ടാറിങ് തകരുകയും റോഡരികിൽ കുഴിയെടുത്തു പൈപ്പിട്ടതിനു ശേഷം ശരിയായ രീതിയിൽ മൂടാത്തതുമൂലം  മണ്ണ് അപ്പാടെ കുത്തിയൊലിച്ചു പോകുകയും ചെയ്തു. ഇതോടെ റോഡുകളുടെ അരികുവശം കുഴികൾ രൂപപ്പെട്ടു. 

 പ്രാപ്പൊയിൽ -ചപ്പാരംതട്ട് റോഡും മഞ്ഞക്കാട് -തട്ടുമ്മൽ റോഡും കഴിഞ്ഞ ദിവസം ഉണ്ടായ മഴയിൽ കുത്തിയൊലിച്ചു പോയതോടെ ചെറുവാഹനങ്ങൾക്കൊന്നും യാത്ര ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ്. ഇതിനുപുറമെ റോഡ് നിറയെ മണ്ണും ചെറിയ കല്ലുകളും അടിഞ്ഞുകൂടിയതോടെ കാൽനടയാത്രയും ദുസ്സഹമായി മാറി.

 30 കോടിയോളം രൂപ ചെലവഴിച്ചാണു കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നേതൃത്വത്തിൽ ചെറുപുഴ പഞ്ചായത്തിൽ ജലജീവൻ മിഷൻ ശുദ്ധജല വിതരണ പദ്ധതി നടപ്പാക്കുന്നത്. ഇതിൽ 61 കോടി രൂപയുടെ ഒന്നാംഘട്ട പ്രവ്യത്തിയാണ് ഇപ്പോൾ നടന്നുവരുന്നത്.പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളായ ജോസ്ഗിരിയിലും തട്ടുമ്മലിലും വലിയ 2 വാട്ടർ ടാങ്കുകൾ നിർമിക്കും. തുടർന്നു പഞ്ചായത്തിലെ മുഴുവൻ റോഡുകളുടെ അരികിലും കുഴിയെടുത്തു പൈപ്പിടുകയും ചെയ്യും. തുടർന്നു മുഴുവൻ വീടുകളിലും പൈപ്പുവഴി വെള്ളം എത്തിക്കുകയാണു പദ്ധതി കൊണ്ടു ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണു റോഡരികിൽ കുഴിയെടുക്കുന്നത്. മഴക്കാലത്ത് പൈപ്പിടാൻ കുഴിയെടുക്കുന്നത് മുഴുവൻ ഗ്രാമീണ റോഡുകളുടെയും തകർച്ചയ്ക്ക് ഇടയാക്കുമെന്നാണു നാട്ടുകാർ പറയുന്നത്. ഏറെ കാലത്തെ മുറവിളിയ്ക്കെടുവിലാണ് പല ഗ്രാമീണ റോഡുകളും ഗതാഗതയോഗ്യമാക്കിയത്.

1. കനത്ത മഴയിൽ പറവൂരിൽ  നശിച്ച വാഴകൾ. 2. കോഴിച്ചാൽ ഭാഗത്തെ വൈദ്യുതലൈനിൽ റബർ മരം ഒടിഞ്ഞു വീണപ്പോൾ.
1. കനത്ത മഴയിൽ പറവൂരിൽ നശിച്ച വാഴകൾ. 2. കോഴിച്ചാൽ ഭാഗത്തെ വൈദ്യുതലൈനിൽ റബർ മരം ഒടിഞ്ഞു വീണപ്പോൾ.

കൈതപ്രം, പറവൂർ ഭാഗത്ത് വൻ കൃഷിനാശം
മാതമംഗലം∙ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിലും  മിന്നലിലും  വാഴ, കമുക്, തെങ്ങ് എന്നീ വിളകൾക്ക് വൻ നാശനഷ്ടം. കൈതപ്രം, പറവൂർ  ഭാഗത്താണ് കാർഷിക വിളവുകൾക്ക് നാശനഷ്ടം സംഭവിച്ചത്.   കൈതപ്രം ഭാഗത്ത്  ഇടിമിന്നലിൽ  വാളക്കോട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരി, വാളക്കോട്ടില്ലത്ത് നാരായണൻ എന്നിവരുടെ പറമ്പിലെ 60  കമുകും 15  തെങ്ങും നശിച്ചു. കൂടാതെ 2 പന, വാഴക്കൃഷി എന്നിവയും നശിച്ചു. തെങ്ങിന്റെ  ഓലകൾ മുഴുവൻ കരിഞ്ഞു ണങ്ങിയ നിലയിലാണ്. തേങ്ങകൾ മുഴുവൻ നിലത്തേക്ക് വീഴുകയും ചെയ്തു. സ്ഥലം  പഞ്ചായത്ത് അംഗം  എൻ.കെ. സുജിത്ത്, കൃഷി അസിസ്റ്റന്റ് പി.വി. പ്രശാന്ത് എന്നിവർ സന്ദർശിച്ച് നാശനഷ്ടം വിലയിരുത്തി. പറവൂർ ഭാഗത്ത്  കനത്ത മഴയിലും കാറ്റിലും കർഷകരുടെ വാഴ ക്കൃഷി വ്യാപകമായി നശിച്ചു. കുലച്ച നേന്ത്രവാഴകളാണ്  നശിച്ചത്. മൊട്ടമ്മൽ ഭാസ്കരൻ , കെ.പ്രേമൻ ,പി.പി. പ്രഭാകരൻ , പ്രവീൺ എന്നിവർ കൃഷിചെയ്ത വാഴകളാണ് നശിച്ചത്.  കൃഷി ജീവനക്കാർ കൃഷിയിടം സന്ദർശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com