ADVERTISEMENT

കണ്ണൂർ∙ നാലുവർഷ ഡിഗ്രി കോഴ്സുകൾ ആരംഭിക്കുന്നതിനു മുന്നോടിയായി കണ്ണൂർ സർവകലാശാലയിൽ മന്ത്രി ബിന്ദു പങ്കെടുക്കുന്ന ചടങ്ങിലേക്ക് സെനറ്റ്, അക്കാദമിക് കൗൺസിൽ അംഗങ്ങൾക്ക് ക്ഷണമില്ലാത്തത് പ്രതിഷേധകരമെന്ന് കെപിസിടിഎ കണ്ണൂർ മേഖലാ കമ്മിറ്റി. ചടങ്ങുമായി ബന്ധപ്പെട്ട ദുരൂഹതയിൽ ആശങ്കയുണ്ടെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. പ്രേമചന്ദ്രൻ കീഴോത്ത് പറഞ്ഞു.

സെനറ്റ്, അക്കാദമിക് കൗൺസിൽ അംഗങ്ങളെ ഒഴിവാക്കിയത് മന്ത്രിയുടെ ഓഫിസിന്റെ അറിവോടെയാണോ എന്ന് വ്യക്തമാക്കണം. മുൻ വൈസ് ചാൻസലറെ സുപ്രീം കോടതി പുറത്താക്കിയതിനു ശേഷമുള്ള പ്രതിസന്ധിയിൽ നിന്നും സർവകലാശാല ഇതുവരെ കരകയറിയിട്ടില്ലെന്ന് ഇത്തരം സമീപനങ്ങൾ വ്യക്തമാക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട അക്കാദമിക് ബോഡികളിലെ അംഗങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ് സർവകലാശാലയുടെ സമീപനമെന്നും കെപിസിടിഎ ആരോപിച്ചു.

നാലുവർഷ ഡിഗ്രി കോഴ്സുകൾ നടപ്പിലാക്കാൻ സെനറ്റ്, അക്കാദമിക് കൗൺസിൽ ബോഡികളുടെ അംഗീകാരം അനിവാര്യമാണ്. സർവകലാശാല നയരൂപീകരണത്തിൽ സെനറ്റ് ആണ് പരമോന്നത ബോഡി എന്നിരിക്കെ, സർവകലാശാല അക്കാദമിക് സംവിധാനത്തിലേക്കുള്ള ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ കടന്നുകയറ്റമായി ചടങ്ങിനെ കാണുന്നുവെന്നും സർവകലാശാല രാഷ്ട്രീയവൽക്കരണ അജൻഡയിൽ നിന്നും മന്ത്രി പിന്തിരിയണമെന്നും മേഖലാ പ്രസിഡന്റ് ഡോ. ഷിനോ പി. ജോസ് ആവശ്യപ്പെട്ടു.

സർവകലാശാല അക്കാദമിക് സംവിധാനത്തിലേക്കുള്ള മന്ത്രിയുടെയും സംസ്ഥാന സർക്കാരിന്റെയും ഇടപെടലുകൾ കണ്ണൂർ വൈസ് ചാൻസലർ കേസിൽ സുപ്രീം കോടതി ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. പ്രസ്തുത സാഹചര്യത്തിൽ സർവകലാശാല അക്കാദമിക് സമൂഹത്തെ വെല്ലുവിളിക്കുന്ന സമീപനത്തിൽ നിന്നും മന്ത്രി പിന്തിരിയണമെന്ന് കെപിസിടിഎ ആവശ്യപ്പെട്ടു. ഡോ. ഷിനോ പി. ജോസ് അധ്യക്ഷത വഹിച്ചു. ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, ഡോ. പി. പ്രജിത, ഡോ. വി.പ്രകാശ് എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com