ADVERTISEMENT

ഇരിട്ടി∙ മലയോരത്ത് മഴയും കെടുതികളും തുടരുന്നു. രാവിലെ മഴയ്ക്ക് നേരിയ ശമനം കണ്ടെങ്കിലും വൈകിട്ടോടെ വീണ്ടും ശക്തി പ്രാപിച്ചു. ബാവലിപ്പുഴ കരകവിഞ്ഞു മൂടിയ പാലപ്പുഴ പാലത്തിൽ നിന്നു വെള്ളം ഇറങ്ങിയെങ്കിലും മലയോര ഹൈവേയിൽ ചേംതോട് പാലം സമാന്തര പാത ഇന്നലെയും വെള്ളത്തിനടിയിൽ തന്നെയാണ്. ഇതേത്തുടർന്ന് രണ്ടാം ദിനവും മലയോര ഹൈവേ എടൂർ – മണത്തണ റീച്ചിൽ ഗതാഗതം മുടങ്ങി. വൈകിട്ട് 5 ഓടെ മുടിക്കയം പാറയ്ക്കാമലയിൽ സ്റ്റോൺ ക്രഷറുകാർ കൂട്ടിയിട്ട മണ്ണിടിഞ്ഞു ഉരു‍ൾപൊട്ടൽ ഉണ്ടായത് പ്രദേശത്ത് ആശങ്ക പരത്തി. ഇരിട്ടി താലൂക്കിൽ 9 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.

കോളാരി, കൊട്ടിയൂർ, കേളകം, കരിക്കോട്ടക്കരി, ചാവശ്ശേരി വില്ലേജുകളിലെ അഞ്ചു കുടുംബങ്ങളിലെ 21 പേരെ അപകടകരമായ സ്ഥലങ്ങളിൽ നിന്നും സുരക്ഷിതമായ സ്ഥലങ്ങളിലേക്കു മാറ്റിയതായി ഇരിട്ടി തഹസിൽദാർ വി.എസ്.ലാലിമോൾ അറിയിച്ചു. പാറയ്ക്കാമലയിൽ ഉരുൾപൊട്ടൽ ഉണ്ടായതിന്റെ താഴ്‌വശത്തു താമസിക്കുന്ന 4 കുടുംബങ്ങളെ അയ്യൻകുന്ന് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ മാറ്റിപ്പാർപ്പിച്ചു. മലയോര ഹൈവേയിൽ ഗതാഗതം മുടങ്ങിയതു യാത്രക്കാരെ ദുരിതത്തിലാക്കി.

ഇരിട്ടി – പേരാവൂർ സംസ്ഥാന പാതയിൽ ഹാജി റോഡ് വഴി മലയോര ഹൈവേയിലേക്കു എത്തുന്ന വാഹനങ്ങൾ ഉൾപ്പെടെ പാലപ്പുഴയിൽ നിന്ന് കാക്കയങ്ങാട് വഴി തിരിച്ചു വിടുകയാണ്. റോഡിന് ഇരുവശവും ഗതാഗത നിരോധിച്ചുള്ള അറിയിപ്പ് ബോർഡും സ്ഥാപിച്ചു. ആറളം ഫാം ഗവ.ഹയർ സെക്കൻഡറി സ്കൂളിന്റെ ചുറ്റുമതിലും കഞ്ഞിപ്പുരയും ഭാഗികമായി തകർന്നു. മതിൽ 30 മീറ്ററോളം നീളത്തിലാണു നിലംപൊത്തിയത്. കഞ്ഞിപ്പുരയോട് ചേർന്ന വിറകുപുര പൂർണമായും തകർന്നു. കാട്ടാനകൾ സ്കൂൾ ക്യാംപസ്സിലേക്കു പ്രവേശിക്കാതിരിക്കാനാണ് സ്‌കൂളിന് ചുറ്റുമതിൽ പണിതത്. ഇതോടെ സ്കൂൾ കുട്ടികളും അധികൃതരും ഭീതിയുടെ നിഴലിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com