ADVERTISEMENT

പേരാവൂർ∙ കൊട്ടിയൂർ മുതൽ കോളയാട് വരെ ഇന്നലെ ഉച്ചയ്ക്കുണ്ടായ ചുഴലിക്കാറ്റിൽ വ്യാപക നാശം. എല്ലാ പ്രദേശങ്ങളിലും വൈദ്യുതി, വാർത്താ വിനിമയ സംവിധാനങ്ങൾ താറുമാറായി. മണത്തണ കൊട്ടിയൂർ അമ്പായത്തോട് മലയോര ഹൈവേയിലേക്ക് മരങ്ങൾ വീണതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. കണിച്ചാറിന് സമീപം ചാണപ്പാറയിലും കൊട്ടിയൂർ കണ്ടപ്പുനം ടൗണിന് സമീപവുമാണ് മരം ഹൈവേയിലേക്ക് വീണത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മരങ്ങൾ മുറിച്ചു നീക്കി ഗതാഗതത്തിന് തുറന്നു കൊടുത്തു. 

പെരുവ റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടപ്പോൾ.
പെരുവ റോഡിൽ മരം വീണ് ഗതാഗതം തടസ്സപ്പെട്ടപ്പോൾ.

കണ്ടപ്പുനം ടൗണിലെ വൈദ്യുതി ട്രാൻസ്ഫോമർ തകർന്നു. ഇവിടെ ഏഴിലധികം വൈദ്യുതത്തൂണുകളും നശിച്ചിട്ടുണ്ട്. അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലേക്ക് പോകുന്ന പ്രധാന പാതയിലേക്ക് സമീപത്ത് നിന്ന കൂറ്റൻ മരം വീണു. ഇവിടെയും വൈദ്യുതി തൂൺ തകർന്നിട്ടുണ്ട്. കൊട്ടിയൂർ ക്ഷേത്രത്തിന് സമീപത്ത് നിന്ന് നെല്ലിയോടിയിലേക്ക് ഉള്ള റോഡിലും മരം വീണു. കേളകം പഞ്ചായത്തിലെ ഉൾ പ്രദേശങ്ങളിലാണ് ചുഴലിക്കാറ്റ് വീശിയത്. നാരങ്ങാത്തട്ട്, കുണ്ടേരി, ആനക്കുഴി മേഖലകളിൽ മരങ്ങൾ വീണ് വൈദ്യുതി തൂണുകൾ തകർന്നിട്ടുണ്ട്.

ആനക്കുഴി റോഡിൽ മരം വീണപ്പോൾ
ആനക്കുഴി റോഡിൽ മരം വീണപ്പോൾ

മരം വീണതിനെ തുടർന്ന് തുള്ളൽ വളയംചാൽ റോഡിലും ശാന്തിഗിരി നാരങ്ങാത്തട്ട് റോഡിലും ഗതാഗതം തടസ്സപ്പെട്ടു. റോഡുകളിൽ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. നാട്ടുുകാർ ചേർന്ന് മരങ്ങൾ വെട്ടി നീക്കി. വെള്ളൂന്നിയിൽ കുന്നാണ്ടാത്ത് സുരേഷിന്റെയും ഇല്ലിമുക്കിൽ വെള്ളാനിക്കുന്നേൽ സജിയുടെ വീടിന്റെ മേൽക്കൂരകൾ തകർന്നു. വള്ളിപ്പറമ്പിൽ ജെയ്സന്റെ വീടിനു മുകളിൽ തെങ്ങ് വീണു.

കരിക്കോട്ടക്കരിയിൽ വള്ളിക്കാവുങ്കൽ ബാബുവിന്റെ വീട്ടുമുറ്റത്തേക്ക് പൊട്ടി വീണ വാകമരത്തിന്റെ കൂറ്റൻ ശിഖരം
കരിക്കോട്ടക്കരിയിൽ വള്ളിക്കാവുങ്കൽ ബാബുവിന്റെ വീട്ടുമുറ്റത്തേക്ക് പൊട്ടി വീണ വാകമരത്തിന്റെ കൂറ്റൻ ശിഖരം

പേരാവൂർ പഞ്ചായത്തിലെ തിരുവോണപ്പുറത്തും ചുഴലിക്കാറ്റിൽ വ്യാപകമായ നാശമുണ്ടായി. ലൈനിലേക്ക് മരം വീണ് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. തിരുവോണപ്പുറത്തെ ശ്രീലകം ബിനിൽകുമാറിന്റെ വീടിനും കാറിനും മുകളിലേക്ക് മരം വീണു. കോളയാട് പഞ്ചായത്തിലെ പെരുവ, മേനച്ചോടി മേഖലകളിൽ ഉണ്ടായ കാറ്റിലും മഴയിലും കൊറോത്ത് ജോൺസന്റെ വീടിനു മുകളിൽ മരം കടപുഴകി വീണു. രാഹുൽ മേനച്ചോടിയുടെ വീടിന്റെ മേൽക്കൂരയുടെ ഓടുകൾ പറന്ന് പോയി. വിനോദ് പാടത്തിയുടെ നിരവധി ബഡ് കശുമാവുകളും നശിച്ചു. ചെക്കേരി പത്മനാഭന്റെ വീടിനു മുകളിൽ മരം വീണ് ഭാഗികമായി തകർന്നു.

രാഹുൽ മേനച്ചോടിയുടെ വീടിന്റെ ഓടുകൾ കാറ്റിൽ പറന്നുപോയ 
നിലയിൽ.
രാഹുൽ മേനച്ചോടിയുടെ വീടിന്റെ ഓടുകൾ കാറ്റിൽ പറന്നുപോയ നിലയിൽ.

ചങ്ങലഗേറ്റ്∙ ചുഴലികാറ്റിൽ പെരുവ – ചങ്ങലഗേറ്റി റോഡിൽ നിരവധി മരങ്ങൾ കടപുഴകി വീണ്‌ ഗതാഗതം സ്തംഭിച്ചു. പെരുവയിലേക്കുള്ള 11കെവി ലൈനും നശിച്ചു. വൈദ്യുതി തൂണുകൾ വ്യാപകമായി നശിച്ചിട്ടുണ്ട്. കുത്തുപറമ്പ് ഫയർ ഫോഴ്സും കണ്ണവം വനപാലകരും നാട്ടുകാരും ചേർന്ന് മരങ്ങൾ മുറിച്ചുമാറ്റി. 3 മണിക്കൂറോളം പെരുവയിലേക്കുള്ള വാഹന ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു. പെരുവ പിഎച്ച്സിയിലേക്കുള്ള രോഗികളും മറ്റു നാട്ടുകാരും വലഞ്ഞു.കോളയാട് വൈദ്യുതി സെക്ഷനിൽ 25 ഓളം പോസ്റ്റുകൾ തകർന്നിട്ടുണ്ട്. പെരുവയിൽ മാത്രം 12 പോസ്റ്റുകളും പൊട്ടിയിട്ടുണ്ട്.

കൊട്ടിയൂർ മലയോര ഹൈവേയിൽ കണ്ടപ്പുനം ടൗണിനുസമീപം മരം വീണ് ഗതാഗതം തടസ്സപ്പെട്ടപ്പോൾ.
കൊട്ടിയൂർ മലയോര ഹൈവേയിൽ കണ്ടപ്പുനം ടൗണിനുസമീപം മരം വീണ് ഗതാഗതം തടസ്സപ്പെട്ടപ്പോൾ.

നെടുംപൊയിൽ∙ വനത്തിലെ മരം വീണ് കോളയാട് പഞ്ചായത്തിലെ നെടുംപൊയിൽ ടൗണിലുള്ള പുതിയ കെട്ടിടത്തിന് കേടുപാട് സംഭവിച്ചു. കൊട്ടിയൂർ വനവിഭാഗത്തിൽ ഉള്ള രണ്ട് മരങ്ങളാണ് ഇന്നലെ ഉണ്ടായ ചുഴലിക്കാറ്റിൽ കെട്ടിടത്തിന് മുകളിലേക്ക് വീണത്. ഭിത്തിക്കും മേൽക്കൂരയ്ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. ചൊക്ലി സ്വദേശി മുഹമ്മദ് റഫീഖിന്റെ ഉടമസ്ഥതയിൽ ഉളളതാണ് കെട്ടിടം. കെട്ടിടത്തിന് സമീപം നിൽക്കുന്ന മരങ്ങൾ വെട്ടി മാറ്റണമെന്ന് വനം വകുപ്പിന് പല തവണ കത്ത് നൽകിയിരുന്നതാണ്. 
കരിക്കോട്ടക്കരി മേഖലയിലുംവ്യാപക നാശനഷ്ടം
ഇരിട്ടി∙ കനത്ത മഴയിലും കാറ്റിലും അയ്യൻകുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരി മേഖലയിൽ വ്യാപക നാശനഷ്ടം. കരിക്കോട്ടക്കരി – ഉരുപ്പുകുറ്റി റോഡിൽ കൃഷിഭവനു സമീപം മരാമത്ത് റോഡിലെ കൂറ്റൻ വാകമരത്തിന്റെ ശിഖരം പൊട്ടി വീണു. വള്ളിക്കാവുങ്കൽ ബാബുവിന്റെ വീട്ടുമുറ്റത്തേക്കും ആയി പതിച്ച ശിഖരം പുരയിടത്തിലെ തെങ്ങും മാവും അടക്കം നിരവധി ഫലവൃക്ഷങ്ങൾ നശിപ്പിച്ചു. വീടിന്റെ മതിലും തകർന്നു. ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. വീടിന്റെ തിണ്ണയിൽ നിന്നിരുന്ന കുടുംബം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. 

കരിക്കോട്ടക്കരി – 18 ഏക്കർ റോഡിൽ ഗതാഗതവും തടസ്സപ്പെടുത്തി ഒറവാറന്തറ ജിന്നിയുടെ 
വീട്ടുമുറ്റത്തേക്ക് വീണ തേക്ക് മരം
കരിക്കോട്ടക്കരി – 18 ഏക്കർ റോഡിൽ ഗതാഗതവും തടസ്സപ്പെടുത്തി ഒറവാറന്തറ ജിന്നിയുടെ വീട്ടുമുറ്റത്തേക്ക് വീണ തേക്ക് മരം

മരാമത്ത് റോഡിൽ അപകടാവസ്ഥയിലായ വാക മരം മുറിച്ചു മാറ്റണമെന്നു പ്രദേശവാസികൾ നിരവധി തവണ പരാതി നൽകിയിട്ടും അധികൃതർ നടപടി സ്വീകരിച്ചിരുന്നില്ല. 2 മാസം മുൻപ് മരം മുറിക്കാൻ കരാറുകാരൻ എത്തിയെങ്കിലും മറ്റു സാങ്കേതിക കാരണങ്ങൾ പറഞ്ഞ് മുറിക്കാതെ പോയതായി നാട്ടുകാർ പറഞ്ഞു. വിദ്യാർഥികൾ അടക്കം ആയിരക്കണക്കിനു വാഹനങ്ങൾ കടന്നു പോകുന്ന റോഡിൽ വേരടക്കം ദ്രവിച്ചു തുടങ്ങിയ മരം ഏതു നിമിഷവും പൊട്ടിവീഴുമെന്ന ഭീഷണി കണക്കിലെടുത്ത് കരിക്കോട്ടക്കരി എസ്ഐ പ്രഭാകരന്റെ നേതൃത്വത്തിൽ ബന്ധപ്പെട്ടവരോട് ഫോണിൽ ചർച്ച നടത്തി നാട്ടുകാരുടെ നേതൃത്വത്തിൽ തൊഴിലാളികൾ ഇന്നലെ തന്നെ ഈ മരം മുറിച്ചു നീക്കി. പഞ്ചായത്ത് പ്രസിഡന്റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, വൈസ്പ്രസിഡന്റ് ബീന റോജസ്, സ്ഥിരം സമിതി അധ്യക്ഷൻ ഐസക് ജോസഫ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.സി.ചാക്കോ , കോൺഗ്രസ് കരിക്കോട്ടക്കരി മണ്ഡലം പ്രസിഡന്റ് മനോജ്.എം കണ്ടതിൽ എന്നിവർ നേതൃത്വം നൽകി.

തിരോവണപ്പുറത്ത് ശ്രീലകം ബിനിലിന്റെ കാറിന് മുകളിൽ മരം പൊട്ടി വീണപ്പോൾ
തിരോവണപ്പുറത്ത് ശ്രീലകം ബിനിലിന്റെ കാറിന് മുകളിൽ മരം പൊട്ടി വീണപ്പോൾ

18 ഏക്കർ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു
കരിക്കോട്ടക്കരി 18 ഏക്കർ റോഡിൽ തേക്ക് മരം പൊട്ടി ഒറവാറന്തറ ജിന്നിയുടെ വീട്ടുമുറ്റത്തേക്ക് പതിച്ചു. ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. സമീപത്തെ പുരയിടത്തിൽ നിന്ന മരമാണ് വീട്ടുമുറ്റത്തേക്ക് പൊട്ടിവീണത്. ജിന്നിയുടെ വീട്ടുമതി‍ൽ തകർന്നു. മേഖലയിൽ കൂടുതൽ പേർക്ക് കൃഷിനാശം ഉണ്ടായിട്ടുണ്ട്. വൈദ്യുതി തൂണും തകർന്നു. സ്ഥലത്തെത്തിയ കരിക്കോട്ടക്കരി പൊലീസ് പൊട്ടിവീണ മരം നിന്ന സ്ഥലം ഉടമയെ വിളിച്ചു വരുത്തി അപകടകരമായ മരം മുറിച്ചുമാറ്റാൻ നിർദേശിച്ചു.

വൈദ്യുതത്തൂണുകൾ തകർന്നു
കെഎസ്ഇബി എടൂർ സെക്‌ഷന്റെ പരിധിയിൽ വരുന്ന വിവിധ പ്രദേശങ്ങളിലായി കാറ്റിൽ വ്യാപകമായി വൈദ്യുതി തൂണുകൾ തകർന്നു. കനത്ത കാറ്റിൽ മരം വീണാണു സംഭവം. ഉച്ച മുതൽ വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. ആനപ്പന്തി – കഞ്ഞിക്കണ്ടം റോഡിൽ തെങ്ങ് കടപുഴകി വീണ 6 എച്ച്ടി തൂണുകളും 20 എൽടി തൂണുകളും തകർന്നു. വീടുകളുടെ ഷീറ്റുകൾ കാറ്റിൽ പറത്തി. മെയിൻ ലൈനിൽ ഇന്നലെ രാത്രിയോടെ വൈദ്യുതി പുന:സ്ഥാപിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com