ADVERTISEMENT

കണ്ണൂർ ജില്ലയിൽ ദേശീയപാത നിർമാണം പുരോഗമിക്കുന്ന സ്ഥലങ്ങളിൽ അപകടസാധ്യത എത്രത്തോളം? കർണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചിൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഒരന്വേഷണം...

കണ്ണൂർ ∙ ജില്ലയിൽ ദേശീയപാത നിർമാണത്തിനു വേണ്ടി കുന്നിടിച്ച് മണ്ണെടുത്ത പല സ്ഥലങ്ങളിലും ‘ഷിരൂർ’ ഒളിഞ്ഞിരിപ്പുണ്ട്. വൻ ദുരന്തത്തിനിടയാക്കുന്ന മണ്ണിടിച്ചിൽ ഏതു നിമിഷവും സംഭവിച്ചേക്കാമെന്ന അവസ്ഥ. ഈ സ്ഥലങ്ങളിൽ താമസിക്കുന്നവർ അപായഭീതിയിൽ ഉറക്കം നഷ്ടപ്പെട്ടു കഴിയുമ്പോഴും അധികൃതർ നിസ്സംഗത തുടരുന്നു. 

പുളിമ്പറമ്പിൽ മണ്ണിടിച്ചിൽ ഭീതി
തളിപ്പറമ്പ് പുളിമ്പറമ്പിലെ കുന്ന് 30 മീറ്ററോളം ആഴത്തിൽ ഇടിച്ച് കുഴിയെടുത്താണ് ദേശീയപാത നിർമിക്കുന്നത്. മഴ തുടങ്ങിയതോടെ കുന്ന് ഇടിച്ച സ്ഥലത്ത് നിന്ന് മണ്ണിടിച്ചിൽ തുടങ്ങിയതിനാൽ റോഡ് പണികൾ നിർത്തിവച്ചിരിക്കുകയാണ്. മണ്ണിടിയുന്നതിനോടൊപ്പം സമീപത്തെ ഒരു വീട് തകർന്ന് വീഴുമെന്ന ഭീതിയിലാണ് വീട്ടുകാരും പരിസരവാസികളും.

മണ്ണിളകിയ പൂരോന്ന് കുന്ന്
എടക്കാട് മേഖലയിലെ ദേശീയപാത നിർമാണത്തിന് ചാല–ആറ്റടപ്പ റോഡിലെ പൂരോന്ന് കുന്ന് ഇടിച്ചാണ് മണ്ണെടുത്തത്. മഴ തുടങ്ങിയതോടെ കുന്ന് ഇടിക്കൽ നിർത്തി വച്ചിട്ടുണ്ട്. കുന്നിന്റെ മിക്ക സ്ഥലങ്ങളിലു ഏത് സമയവും ഇടിയാവുന്ന നിലയിൽ മഴവെള്ള പാച്ചിൽ ഉണ്ട്. മണ്ണ് ഇളകി കിടക്കുന്ന കുന്ന് ഇടിഞ്ഞാൽ ചാല–ആറ്റടപ്പ റോഡിലേക്കും റോഡിന് താഴെ ജനങ്ങൾ തിങ്ങി പാർക്കുന്ന സ്ഥലത്തേക്കുമായിരുക്കും വലിയ കല്ലുകൾ അടക്കമുള്ള മൺ കൂമ്പാരം എത്തുക.

തളിപ്പറമ്പ് പുളിമ്പറമ്പിൽ ദേശീയപാത നിർമാണത്തിന് വേണ്ടി കുന്നിടിച്ച സ്ഥലത്തിന്റെ ആകാശ ദൃശ്യം. മഴ കനത്തതോടെ മണ്ണിടിയുന്നത് സമീപത്തെ വീടിനും ഭീഷണിയാണ്.
തളിപ്പറമ്പ് പുളിമ്പറമ്പിൽ ദേശീയപാത നിർമാണത്തിന് വേണ്ടി കുന്നിടിച്ച സ്ഥലത്തിന്റെ ആകാശ ദൃശ്യം. മഴ കനത്തതോടെ മണ്ണിടിയുന്നത് സമീപത്തെ വീടിനും ഭീഷണിയാണ്.

കോമത്ത് കുന്നുമ്പ്രത്ത് കുന്നിടിച്ചിൽ തുടങ്ങി
കാപ്പാട്–ചക്കരക്കൽ റോഡിലെ കോമത്ത് കുന്നുമ്പ്രം കുന്ന് ദേശീയപാത നിർമാണത്തിനടക്കം മണ്ണെടുക്കുന്നതിനു വേണ്ടിയാണ് ഇടിച്ചത്. കുന്ന് ഇടിച്ച റോഡ് ഭാഗത്ത് രൂപപ്പെട്ട സമനിരപ്പുള്ള സ്ഥലത്ത് നിന്ന് കുട്ടികൾ കളിക്കുന്നത് കാഴ്ചയാണ്. ഇവിടെ വാഹനങ്ങളും നിർത്തിയിടുന്നുണ്ട്. ഇടിച്ച കുന്നിന് സമീപം വീടുകളും ഉണ്ട്. മഴ തുടങ്ങിയതോടെ കുന്ന് ഇടിച്ച ഭാഗത്ത് നിന്ന് മണ്ണ് ഇടിയുന്നുണ്ട്. കഴിഞ്ഞ ദിവസം കുന്നിന്റെ ഒരു ഭാഗത്തോടൊപ്പം കൂറ്റൻ മരം കടപുഴകി താഴേക്ക് പതിച്ചിട്ടുണ്ട്.

ദേശീയപാതയിൽ  മണ്ണിടിച്ചിൽ ഭീതി.
തളിപ്പറമ്പ് കുപ്പത്ത് ദേശീയപാത നിർമാണത്തിനു വേണ്ടി മണ്ണിടിച്ച സ്ഥലത്ത് നിന്ന് മഴ തുടങ്ങിയതോടെ പഴയ ദേശീയപാതയിലേക്ക് മണ്ണിടിയാൻ തുടങ്ങി. മണ്ണിടിയുന്നതിന് സമീപത്താണ് കുക്കുന്ന് പയറ്റായാൻ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിലേക്ക് വരുന്ന ഭക്തജനങ്ങൾക്കും പഴയ ദേശീയപാതയിലൂടെ പോകുന്ന വാഹനങ്ങളും അപകട ഭീതിയിലാണ്.

ദേശീയപാത നിർമാണത്തിനു വേണ്ടി എടക്കാട് ഭൂതത്താൻ കുന്ന് ഇടിച്ച നിലയിൽ.
ദേശീയപാത നിർമാണത്തിനു വേണ്ടി എടക്കാട് ഭൂതത്താൻ കുന്ന് ഇടിച്ച നിലയിൽ.

റോഡിലേക്ക് ഇടിഞ്ഞ് ഭൂതത്താൻ കുന്ന്
എടക്കാട് റെയിൽവേ സ്റ്റേഷനു മുൻപിലെ ഭൂതത്താൻ കുന്നിന്റെ ചെറിയ ഭാഗം ദേശീയപാത നിർമാണത്തിന് വേണ്ടി ഇടിച്ചിരുന്നു. മഴ തുടങ്ങിയതോടെ ഇടിച്ച ഭാഗത്ത് നിന്ന് ഇടയ്ക്കിടെ മഴ വെള്ളത്തോടൊപ്പം വലിയതോതിൽ മണ്ണ് സർവീസ് റോഡിലേക്കെത്തുന്നുണ്ട്. കുന്നിടിച്ചപ്പോൾ തന്നെ മഴയ്ക്ക് മുൻപേ ഇടിച്ച ഭാഗത്ത് കോൺക്രീറ്റ് മതിൽ കെട്ടി ബലപ്പെടുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിക്കാത്തതിന്റെ ഫലം ഇപ്പോൾ ദേശീയപാത അതോറിറ്റി അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. കോൺക്രീറ്റ് മതിൽ നിർമിക്കുന്നതിനു വേണ്ടി സ്ഥാപിച്ച കമ്പികൾ അടക്കം തകർത്താണ് കഴിഞ്ഞ ദിവസം കുന്ന് ഇടിഞ്ഞ് സർവീസ് റോഡിലേക്ക് മണ്ണ് എത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com