ADVERTISEMENT

കണ്ണൂർ ∙ കണ്ടൽക്കാടുകളെ സംരക്ഷിക്കാൻ പരിസ്ഥിതി പ്രവർത്തകർ കൈകോർത്തപ്പോൾ കുഞ്ഞിമംഗലത്ത് രൂപപ്പെട്ടത് 43 ഏക്കർ കണ്ടൽക്കാട്. പരിസ്ഥിതി പ്രവർത്തകനായ പി.പി.രാജന്റെ നേതൃത്വത്തിൽ 1998ൽ നാട്ടുകാർ ചേർന്നു 3.3 ഏക്കറിൽ തുടങ്ങിയ കണ്ടൽക്കാട് വാങ്ങലാണ് ഇപ്പോൾ ഇത്രയും വലിയൊരു കാടായി വളർന്നത്. പരിസ്ഥിതി സംഘടനയായ സീക്ക് വാങ്ങിയത് 4 ഏക്കർ. ഡൽഹി ആസ്ഥാനമായുള്ള വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ (ഡബ്ല്യുടിഐ) ആണ് ബാക്കി സ്ഥലം വാങ്ങിയത്. ഇന്ത്യയിൽ ആദ്യമായിട്ടാണ് കണ്ടൽസംരക്ഷണത്തിനായി പരിസ്ഥിതി പ്രവർത്തകർ കൈകോർത്ത് ഇത്രയും വലിയൊരു കണ്ടൽവനമൊരുക്കിയത്. കേരളത്തിലെ 4250 ഏക്കർ കണ്ടൽക്കാടുകളിൽ 1900 ഏക്കറും കണ്ണൂർ ജില്ലയിലാണ്.

ഇതിൽ 342 ഏക്കർ കുഞ്ഞിമംഗലത്താണ്. പഴയങ്ങാടി, പാപ്പിനിശ്ശേരി, തലശ്ശേരി, പിലാത്തറ, പയ്യന്നൂർ ഭാഗങ്ങളിലാണ് ബാക്കിയുള്ളത്. ഇതിൽ അധികവും സ്വകാര്യവ്യക്തികളുടെ കൈവശമാണ്. ചെമ്മീൻകെട്ടിനും മറ്റും കണ്ടൽക്കാടുകൾ വ്യാപകമായി നശിപ്പിക്കാൻ തുടങ്ങിയപ്പോഴാണ് പരിസ്ഥിതി പ്രവർത്തകർ കണ്ടൽവളർത്താൻ സ്ഥലം വാങ്ങാൻ തുടങ്ങിയത്. ഇങ്ങനെ വാങ്ങിയ 43 ഏക്കർ സ്ഥലത്തും ഡബ്ല്യുടിഐയുടെ നേതൃത്വത്തിലാണ് കണ്ടൽ നടുന്നത്. ഉപ്പെട്ടി, ചെറു ഉപ്പെട്ടി, ചക്കരക്കണ്ടൽ, നക്ഷത്രക്കണ്ടൽ, പൂക്കണ്ടൽ, എഴുത്താണിക്കണ്ടൽ, ചുള്ളിക്കണ്ടൽ, കുറ്റിക്കണ്ടൽ, സ്വർണക്കണ്ടൽ, പേനക്കണ്ടൽ, പ്രാന്തൻകണ്ടൽ, വള്ളിക്കണ്ടൽ എന്നിവയാണ് ഡബ്ല്യുടിഐ ഇവിടെ നട്ടത്. ഇതിന്റെയെല്ലാം തൈകൾ വളർത്തി സംസ്ഥാനത്തെ കണ്ടൽപ്രദേശങ്ങളിലെല്ലാം നടും. ഈ വർഷം ഒരു ലക്ഷം തൈകളാണ് നടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com