ADVERTISEMENT

പട്ടുവം∙ കൂത്താട് കനത്ത കാറ്റിൽ മരങ്ങൾ വീണ് നാശനഷ്ടം സംഭവിച്ചു. പുന്നക്കൻ മറിയത്തിന്റെ വീടിന് മുകളിലാണ് മരങ്ങളും കവുങ്ങുകളും വീണത്. മരം വീണ് വീടിന്റെ മതിലും തകർന്നു. പറമ്പിലുള്ള ഒട്ടേറെ വാഴകളും കാറ്റിൽ നശിച്ചു

ചപ്പാരപ്പടവ്∙ പഞ്ചായത്തിലെ വിമലശ്ശേരി, അതിരുകുന്ന്, കല്യാണപുരം, വിളയാർക്കോട്, വായാട്ടുപറമ്പ്  എന്നിവിടങ്ങളിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ  വീടുകളും ഒട്ടേറെ കൃഷികളും നശിച്ചു. റബർ, ജാതി, തേക്ക്, പ്ലാവ് ഉൾപ്പെടെയുള്ള കൃഷികളാണ് നശിച്ചത്. വായാട്ടുപറമ്പിലെ പാണ്ടിമാക്കൽ ഗീതയുടെ വീട് മരം വീണു തകർന്നു. വിമലശ്ശേരിയിലെ കെ.ജെ.ടോമി, മേലേകൂടപ്പാട്ട് ലിജോ എന്നിവരുടെ വീടുകൾക്കു മുകളിൽ മരം വീണു.

ലിജോയുടെ വീടിന്റെ കോൺക്രീറ്റിന് വിള്ളൽ വീണു. പുത്തൻപുരയ്ക്കൽ  തോമസിന്റെ തൊഴുത്ത് മരം വീണു തകർന്നു. പുത്തൻപുര സണ്ണി, പൈക്കര തോമസ്, പുത്തൻപുര ബേബി, കല്യാണപുരം, വിളയാർക്കോട് പ്രദേശങ്ങളിലെ  പാറത്തറ ജോസ്, പാറത്തറ കുര്യാക്കോസ്, കൊച്ചിത്തറ ജോസഫ്, മഠത്തിൽ കരുണാകരൻ  എന്നിവരുടെ കൃഷികളാണ് നശിച്ചത്. വിമലശ്ശേരി മേഖലയിലെ ഒട്ടേറെ വൈദ്യുതത്തൂണുകളും ലൈനും നിലംപൊത്തി.

കാർത്തികപുരം ∙ ഉദയഗിരി പഞ്ചായത്തിലും കാറ്റ് നാശം വരുത്തി. കാർത്തികപുരത്തെ കച്ചിറ സ്കറിയയുടെ വീടിന് മുകളിൽ കൂറ്റൻ തേക്ക് ഒടിഞ്ഞു വീണു. തേക്ക് തട്ടി തൊട്ടടുത്തുള്ള തെങ്ങും കമുകുകളും ഒടിഞ്ഞ് വീടിനു മുകളിൽ വീണു.കോൺക്രീറ്റ് വീടിനു കേടുപാടുകൾ സംഭവിച്ചു.

കാർത്തികപുരം  ടൗണിൽ കൂറ്റൻ ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞുവീണു  രാത്രിയായതിനാൽ വൻ അപകടം ഒഴിവായി. ടൗണിൽ ആൽമരത്തിനടുത്തുള്ള ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞ് റോഡിൽ വീണു. തൊട്ടടുത്തുള്ള പഞ്ചായത്ത് കെട്ടിടത്തിന്റെ ജനൽ ചില്ലുകളും തകർന്നു.  കവുങ്ങുംതണ്ണിയിൽ തെങ്ങ് വീണ്  പൊന്നി തോയന്റെ വീട് തകർന്നു.

ചെറുപുഴ∙ മലയോര മേഖലയിൽ ശക്തമായ കാറ്റിനും മഴയ്ക്കും ശമനമില്ല. ഇന്നലെ പുലർച്ചെ 5 മണിയോടെ ചെറുപുഴ പഞ്ചായത്തിലെ, കന്നിക്കളം, പത്തായക്കുണ്ട്, പ്രാപ്പൊയിൽ ഭാഗങ്ങളിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വ്യാപക കൃഷിനാശം ഉണ്ടായി. കമുക്,റബർ,ചേന,കപ്പ, വാഴ തുടങ്ങിയ കൃഷി നശിച്ചു.

കന്നിക്കളത്തെ പൂതകുഴിയിൽ നബീസയുടെ കമുക്, റബർ എന്നിവ കാറ്റിൽ നശിച്ചു. കമുക് ഒടിഞ്ഞുവീണതിനെ തുടർന്നു കോഴിക്കൂട് ഭാഗികമായി തകരുകയും ചെയ്തു. മൂന്നാംകുന്ന്- പത്തായക്കുണ്ട് ഭാഗത്തു മരം ഒടിഞ്ഞു വീണതിനെ തുടർന്നു പ്രാപ്പൊയിൽ -എയ്യൻകല്ല്-രയറോം റോഡിൽ ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. തുടർന്നു നാട്ടുകാരുടെ നേതൃത്വത്തിൽ മരം മുറിച്ചു നീക്കിയാണു ഗതാഗതം പുനഃസ്ഥാപിച്ചത്.

തിരുമേനിയിലെ താമര പുതിയവീട്ടിൽ രുഗ്മിണിയുടെ വീടിന്റെ മുറ്റം കനത്ത മഴയിൽ ഇടിഞ്ഞു വീണു.ഇതോടെ സമീപത്തെ വീടും അപകടഭീഷണിയിലായി.കഴിഞ്ഞ ദിവസങ്ങളിൽ മലയോര മേഖലയിൽ ഉണ്ടായ കാറ്റിലും മഴയിലും വീടുകൾക്കും കൃഷികൾക്കും നാശനഷ്ടം ഉണ്ടായവർക്ക് അടിയന്തര ധനസഹായം അനുവദിക്കണമെന്നു വിവിധ സംഘടനകൾ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com