ADVERTISEMENT

കണ്ണൂർ∙ ശരീരത്തിന്റെ പ്രതിരോധശേഷി തകരാറിലാക്കാനും ചിലപ്പോൾ മരണത്തിലേക്കു വരെ തള്ളിയിടാനും ശേഷിയുള്ള രോഗമാണ് ചെള്ളുപനി. തുടക്കത്തിലേ രോഗം കണ്ടെത്തി വൈദ്യസഹായം നൽകിയാൽ രോഗിയെ രക്ഷിക്കാനാകും. ജില്ലയിൽ ഈ വർഷം ഇതുവരെ 15 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രണ്ടു പേർ മരിച്ചു. ഇരിട്ടി, പാട്യം, കോളയാട്, കണിച്ചൂർ, മേലൂർ, ചപ്പാരപ്പടവ്, കതിരൂർ, ചെറുതാഴം മേഖലകളിലാണു രോഗവ്യാപനം കൂടുതൽ. എല്ലാ കാലാവസ്ഥയിലും ഈ രോഗമുണ്ടാകാമെങ്കിലും കേരളത്തിലെ സാഹചര്യത്തിൽ മഴക്കാലത്തും മഞ്ഞുകാലത്തുമാണ് പ്രധാനമായും രോഗവ്യാപനമുള്ളത്. 

ലക്ഷണങ്ങൾ
ചെള്ള് കടിയേറ്റ ഭാഗത്ത് കറുപ്പു നിറമാകും (എഷ് കാർ). 50 ശതമാനത്തിലധികം രോഗികളിലും ഈ നിറവ്യത്യാസം കാണാം. സാധാരണ രീതിയിൽ 10 മുതൽ 12 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. ചിലപ്പോൾ 21 ദിവസം വരെയെടുക്കാം. പനി, കടുത്ത തലവേദന, ചെങ്കണ്ണ് പോലെ കണ്ണുകൾ ചുവക്കുക, കഴല വീക്കം, ചുമ, പേശീവേദന, ശരീരത്തിൽ പാടുകൾ കാണപ്പെടുക വിറയൽ തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ.വീൽ ഫെലിക്സ് ടെസ്റ്റ്, എലീസ ടെസ്റ്റ് എന്നിവയിലൂടെ രോഗം സ്ഥിരീകരിക്കാം 

രോഗം വരുന്നവഴി
എലി, അണ്ണാൻ, മുയൽ പോലുള്ള ജീവികളിലും ചില ഉരഗങ്ങളിലും കാണപ്പെടുന്ന ഒരു തരം ചെള്ളിലാണ് പനിക്കു കാരണമാകുന്ന ബാക്ടീരിയ വളരുന്നത്. ഈ ചെള്ള് മനുഷ്യനെ കടിച്ചാൽ ഈ രോഗം പിടിപെടാം. ചെള്ളിലെ ഒറെൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മനുഷ്യ ശരീരത്തിൽ പ്രവേശിക്കുന്നതു മൂലം ഉണ്ടാകുന്ന പനിയാണിത്. ഈ ചെള്ളിന്റെ ജീവിതചക്രത്തിലെ ഒരു ഘട്ടമാണ് ചിഗർ എന്ന ലാർവ അവസ്ഥ. ഈ അവസ്ഥയിലാണ് ചെള്ളുകൾ രോഗം പടർത്തുക. ചിഗർ ലാർവ മനുഷ്യരെ കടിക്കുമ്പോൾ ബാക്ടീരിയ മനുഷ്യശരീരത്തിലെത്തും. രക്തത്തിൽ കടന്നു പെരുകും.

"രോഗത്തിന് ആന്റിബയോട്ടിക് ചികിത്സ ലഭ്യമാണ്. ഏതെങ്കിലും പ്രദേശത്ത് രോഗപ്പകർച്ച കണ്ടെത്തിയാൽ അവിടെ കീടനാശിനികൾ ഉപയോഗിച്ച് ചെള്ളിനെ നിയന്ത്രിക്കണം. കുറ്റിക്കാടുകൾ, പുല്ല് നിറഞ്ഞ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർ ശരീരത്തെ പൊതിഞ്ഞ് സൂക്ഷിക്കുന്ന വസ്ത്രങ്ങളും കയ്യുറകളും ബൂട്ടുകളും ധരിക്കുന്നതു നല്ലതാണ്. വീട്ടുപരിസരത്തെ അനാവശ്യ കുറ്റിച്ചെടികൾ വെട്ടിമാറ്റി തീയിട്ടു നശിപ്പിക്കണം. തുണികൾ കുറ്റിച്ചെടികളുടെ മുകളിൽ ഉണക്കാൻ ഇടരുത്."

English Summary:

This article provides crucial information about the increasing cases of scrub typhus in Kannur, Kerala. It covers symptoms, transmission through mite bites, diagnosis methods, and emphasizes the importance of early medical intervention to prevent severe complications.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com