ADVERTISEMENT

മാഹി∙ രാജ്യാന്തര നിലവാരത്തിൽ നിർമാണവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കി നിർമാണം നടത്തിയ മാഹി ഇൻഡോർ സ്റ്റേഡിയം ലക്ഷ്യം കാണാതെ കിതയ്ക്കുന്നു. ഏറെ പ്രതീക്ഷകളുയർത്തി മുൻ മന്ത്രി ഇ.വത്സരാജ് നടപ്പാക്കിയ സംസ്ഥാനത്തെ മികച്ച ഇൻഡോർ സ്റ്റേഡിയം ലക്ഷ്യമിട്ട പദ്ധതി നിലവിൽ വികസനവും സംരക്ഷണവും കാത്തിരിപ്പാണ്.വോളിബോൾ കോർട്ട്, 3 ഷട്ടിൽ കോർട്ട്, 3 ടേബിൾ ടെന്നിസ് കോർട്ട് എന്നിവയാണ് സ്റ്റേഡിയത്തിലുള്ളത്. രാജ്യാന്തര നിലവാരത്തിലുള്ള മേപ്പിൾ വുഡ് ഉപയോഗിച്ചാണ് നിലം പണിതത്. വിദേശത്ത് നിന്നാണ് വുഡ് എത്തിച്ചത്. എന്നാൽ, 16 വർഷം കഴിഞ്ഞിട്ടും വുഡ് പോളിഷ് ചെയ്തിട്ടില്ല. ഫലമോ ലക്ഷങ്ങൾ വിലയുള്ള വുഡിന്റെ നാശവും.സ്റ്റേഡിയത്തിന്റെ മേൽക്കൂര അടർന്നു വീണ് ടേബിൾ ടെന്നിസ് കോർട്ടിനു സാരമായ കേടുവന്നിട്ടുണ്ട്. വൈദ്യുതി പാനൽ ബോർഡും തകർന്നു. നിലവിൽ താൽക്കാലിക സംവിധാനത്തിലാണ് വെളിച്ചം ലഭിക്കുന്നത്.ആവശ്യമായ വെളിച്ചം ഇല്ലാത്തതിനാൽ ഇഴജന്തുകളുടെ ശല്യം സ്റ്റേഡിയത്തിനു അകത്തും പുറത്തും വർധിച്ചിട്ടുണ്ടെന്നും ഭയത്തോടെയാണ് സ്റ്റേഡിയത്തിൽ എത്തുന്നതെന്ന് കായിക താരങ്ങൾ പറഞ്ഞു. 

ശുചിമുറികളിലും ആവശ്യത്തിനു വെളിച്ചമോ വൃത്തിയോ ഇല്ല. 750 പേർക്ക് ഇരിക്കാവുന്ന ഗാലറിയാണ് സ്റ്റേഡിയത്തിലുള്ളത്. എന്നിട്ടും സ്ഥിരം ശുചീകരണ തൊഴിലാളികളെയോ സെക്യൂരിറ്റികളെയോ മറ്റ് ഉദ്യോഗസ്ഥരെയോ ഇവിടെ നിയമിച്ചിട്ടില്ല. എസിയും ഇതുവരെ പ്രവർത്തിച്ചിട്ടില്ല.2012ലാണ് അന്നത്തെ കേന്ദ്ര കായിക യുവജനകാര്യ മന്ത്രി അജയ് മാക്കൻ ഇൻഡോർ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്. 12.262 കോടി രൂപയോളം ചെലവഴിച്ച് നിർമിച്ച സ്റ്റേഡിയം ഏറെക്കാലം കായിക പ്രേമികളെ പടിക്കു പുറത്തു നിർത്തി. പരാതി ശക്തമായപ്പോഴാണ് സ്റ്റേഡിയം 2015ന് വിദ്യാഭ്യാസ വകുപ്പിനു കൈമാറിയത്. എന്നിട്ടും സ്റ്റേഡിയത്തിന്റെ ഗതി കായിക പ്രേമികൾക്കു നിരാശ മാത്രമേ നൽകിയുള്ളൂ. മാഹിക്കാരനായ ദിനേഷ് മംഗലാട്ട് മാഹി അഡ്മിനിസ്ട്രേറ്ററായി ചുമതല ഏറ്റെടുത്തതോടെയാണ് ഇൻഡോർ സ്റ്റേഡിയം കായിക താരങ്ങളുടെ കളിയാരവം കേട്ടു തുടങ്ങിയത്. അഡ്മിനിസ്ട്രേറ്റർ ചെയർമാനായി ലോക്കൽ സ്‌പോർട്‌സ് മാനേജ്‌മെന്റ് കമ്മിറ്റി രൂപീകരിച്ചു. രണ്ട് കായിക അധ്യാപകർക്കു ചുമതലയും നൽകി. തുടക്കത്തിൽ വേണു, ശ്യാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. നിലവിൽ കുട്ടികൾ ഉൾപ്പെടെ 250 പേരാണ് സ്റ്റേഡിയം ഉപയോഗിക്കുന്നത്. പൊതുജനങ്ങളിൽ നിന്നും 500 രൂപ ഫീസ് വാങ്ങിയാണ് ദൈനംദിന പ്രവർത്തനങ്ങൾ നടത്തുന്നത്. കായികാധ്യാപകരായ റോഷിത്ത്, വിനോദ് വളപ്പിൽ എന്നിവരാണു നേതൃത്വം നൽകുന്നത്.

മാഹി ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉൾവശം
മാഹി ഇൻഡോർ സ്റ്റേഡിയത്തിന്റെ ഉൾവശം
English Summary:

Built to international standards, the Mahe Indoor Stadium faces neglect and deterioration. Despite housing top-notch facilities, the stadium suffers from a lack of maintenance, proper lighting, and basic amenities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com