ADVERTISEMENT

മട്ടന്നൂർ∙ നഗരസഭയുടെ സ്നേഹത്തണലിലേക്ക് നാണുവും ദേവിയും. ഇരുവരുടെയും കുടുംബങ്ങൾക്ക് ഇത് ആശ്വാസനിമിഷം. 6 മാസത്തിനകം വീട് പണി പൂർത്തിയാക്കാനാണ് നഗരസഭയുടെ തീരുമാനം. ഭരണസമിതിയുടെ രണ്ടാം വാർഷികത്തിലാണു ഇരുവർക്കും ഈ ഓണസമ്മാനം നൽകുന്നതെന്ന് നഗരസഭാ ചെയർമാൻ എൻ.ഷാജിത്ത് പറഞ്ഞു. മട്ടന്നൂർ മത്സ്യമാർക്കറ്റിലായിരുന്നു വളയങ്ങാടൻ ദേവിക്കു(77) ജോലി. ഉള്ളതെല്ലാം സ്വരുക്കൂട്ടിയൊരുക്കിയ വീട് പക്ഷാഘാതം വന്ന മകളുടെ ചികിത്സയ്ക്കായി വിൽക്കേണ്ടി വന്നു. 11 വർഷം ചികിത്സ നടത്തിയിട്ടും മകളെ രക്ഷിക്കാനായില്ല.

ഭിന്നശേഷിക്കാരനായ പേരക്കുട്ടിയെ സംരക്ഷിക്കാനും ജീവിതച്ചെലവിനും വേണ്ടിയാണ് ദേവി മറ്റുള്ളവർക്കു മുന്നിൽ കൈ നീട്ടാൻ തുടങ്ങിയത്. മുട്ടുവേദനയും ശാരീരിക അസ്വസ്ഥതകളും ദേവിയെ വലച്ചെങ്കിലും ദേവിക്ക് ആശ്രയിക്കാൻ മറ്റാരുമില്ലായിരുന്നു. രണ്ടാമത്തെ മകൾക്ക് ഹൃദയസംബന്ധമായ അസുഖമുണ്ട്. അവരും അവരുടെ മകളും ചാവശ്ശേരിയിലെ വാടകവീട്ടിലാണു താമസം. ദേവിയുടെയും കുടുംബത്തിന്റെയും ദുരിതം മനസ്സിലാക്കിയ നഗരസഭ ദേവിയെയും കുടുംബത്തെയും അതിദരിദ്ര പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. തുടർന്നാണ് വീട് നിർമിച്ചു നൽകാൻ തീരുമാനിച്ചത്

∙ മാനന്തേരിക്കാരനായ നാണുവിന്റെ ഉപജീവനമാർഗം പലഹാരങ്ങളുണ്ടാക്കലും അതിന്റെ വിൽപനയുമായിരുന്നു. 30 വർഷം മുൻപാണ് മട്ടന്നൂർ നഗരസഭയിലെ അയ്യല്ലൂരിൽ എത്തുന്നത്. പലഹാരം ഉണ്ടാക്കുന്ന കടയോട് ചേർന്നുള്ള മുറിയിലായിരുന്നു ഒറ്റയ്ക്കുള്ള താമസം. കോവിഡ് വന്നതോടെ തൊഴിൽ നഷ്ടപ്പെട്ടു. വരുമാനമില്ലാതായ അക്കാലത്ത് നാട്ടുകാരാണു നാണുവിനെ സംരക്ഷിച്ചത്. കോവിഡ് കഴിഞ്ഞും മുറിയുടെ വാടക നൽകാൻ കഴിയാതെ വന്നതോടെ നാണുവിനെ കടയുടമ ഒഴിപ്പിച്ചു. കരേറ്റ പൊയിൽ റോഡിനോട് ചേർന്നുള്ള പരേതനായ വി.കെ.കുഞ്ഞമ്പുവിന്റെ ഉടമസ്ഥതയിലുള്ള ഒറ്റമുറി കെട്ടിടത്തിലായിരുന്നു ഇക്കഴിഞ്ഞ നാലു വർഷവും നാണു(82) കഴിഞ്ഞിരുന്നത്. റോഡ് വികസനം വരുമ്പോൾ ഇപ്പോൾ താമസിക്കുന്ന കെട്ടിടത്തിൽ നിന്നും നാണു ഒഴിയേണ്ടി വരുമെന്നു മനസ്സിലാക്കിയ നഗരസഭാ അധികൃതരാണ് പുനരധിവാസത്തിനു വേണ്ട സഹായങ്ങൾ ചെയ്തത്.

English Summary:

This heartwarming story from Mattannur, Kerala showcases the municipality's commitment to its residents. Two elderly individuals, Devi and Naanu, facing difficult circumstances, will receive new homes thanks to the compassionate efforts of the Municipal Corporation.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com