ADVERTISEMENT

മട്ടന്നൂർ∙ ഒന്നര വർഷം കൊണ്ടു നിർമാണം പൂർത്തിയാക്കുമെന്നു പ്രഖ്യാപിച്ച മട്ടന്നൂർ സ്പെഷ്യൽറ്റി ആശുപത്രി നിർമാണം 5 വർഷം കഴിഞ്ഞും അനിശ്ചിതാവസ്ഥയിൽ. പണി മതിയാക്കി കാരാറുകാരൻ സ്ഥലം വിട്ടു മാസങ്ങളായിട്ടും ഇതുവരെയും വേറെ ടെൻഡർ നൽകിയിട്ടില്ല. കണ്ണൂർ വിമാനത്താവളം യാഥാർഥ്യമായതോടെ ആധുനിക ചികിത്സ ലഭ്യമാകുന്ന ആശുപത്രി കൂടി ആരംഭിക്കണമെന്ന ആവശ്യത്തെത്തുടർന്നാണ് മുൻ മന്ത്രി കെ.കെ.ശൈലജയുടെ ഇടപെടലിൽ ആശുപത്രി നിർമാണം ആരംഭിച്ചത്. 

സ്വകാര്യ ആശുപത്രികളെ പോലും വെല്ലുന്ന സൗകര്യങ്ങളോടെ സർക്കാരിന്റെ ആശുപത്രി എന്നതായിരുന്നു ലക്ഷ്യം. പക്ഷേ, വിമാനത്താവള നഗരമായ മട്ടന്നൂരിൽ തലയെടുപ്പോടെ നിൽക്കേണ്ട സർക്കാരിന്റെ സ്പെഷ്യൽറ്റി ആശുപത്രി ഇപ്പോൾ വെറും നോക്കുകുത്തിയാണ്.

തുടക്കം 2019ൽ
2019 ഒക്ടോബറിലാണ് ആശുപത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ടത്. ഒന്നര വർഷത്തിനുള്ളിൽ പ്രവൃത്തി പൂർത്തീകരിക്കുന്നതിന് ടെൻഡർ നൽകി. ഉടൻതന്നെ നിർമാണം ആരംഭിക്കാൻ തീരുമാനിച്ചെങ്കിലും നിർദിഷ്ട പ്രദേശത്തെ മരങ്ങൾ മുറിച്ചു നീക്കാനും ലേലം ചെയ്യാനും കാലതാമസം നേരിട്ടു. ഇതിനൊപ്പം കോവിഡും കൂടിയെത്തിയതോടെ നിർമാണം തുടങ്ങുന്നതു വൈകി. 2020 മാർച്ചിലാണ് ഭൂമി നിരപ്പാക്കൽ, ട്രയൽ പൈലിങ് എന്നിവ ആരംഭിച്ചത്. 2023ൽ പണി പൂർത്തിയാക്കാനായിരുന്നു മുൻ മന്ത്രി കെ.കെ.ശൈലജയുടെ നിർദേശം.

എന്നാൽ, പദ്ധതി നിർവഹണ ഏജൻസിയായ കെഎസ്ഇബി കരാർ നൽകിയ ഉത്തരേന്ത്യൻ കമ്പനി പലപ്പോഴായി തൊഴിലാളികൾക്ക് ശമ്പളം നൽകാതെ വന്നതോടെ തൊഴിലാളികൾ ജോലി ചെയ്യാതെയായി. പലപ്പോഴും എംഎൽഎ ഇടപെട്ടാണ് തൊഴിലാളികൾക്ക് കൂലി ലഭിച്ചത്. കരാർ കമ്പനിയെ ഒഴിവാക്കി പകരം പുതിയ ടെൻഡർ വച്ചെങ്കിലും പുതിയ ടെൻഡറിൽ ഒരു കമ്പനി മാത്രമേ പങ്കെടുത്തിട്ടുള്ളു. നിയമ പ്രശ്നങ്ങൾ ഉള്ളതിനാൽ വേറെ കമ്പനികൾക്ക് കരാർ നൽകാനാകുന്നില്ല. ഇതുമൂലം ആശുപത്രി നിർമാണം അനിശ്ചിതമായി നീളുകയാണ്.

വിഭാവനം ചെയ്തത് മികച്ച സൗകര്യങ്ങൾ
എല്ലാ വിഭാഗങ്ങളിലുമുള്ള വിദഗ്‌ധ ഡോക്ടർമാരുടെ സേവനവും ആദ്യഘട്ടത്തിൽ 100 കിടക്കകളുമുള്ള നാലുനില കെട്ടിടവുമായിരുന്നു ലക്ഷ്യം. താഴെ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സൗകര്യങ്ങൾ, മുകളിൽ ലാബ്, ഒപി ബ്ലോക്ക്, എമർജൻസി മെഡിക്കൽ കെയർ യൂണിറ്റ് തുടങ്ങിയവയുമുണ്ടാകും. ഇവിടേക്കെത്താൻ താഴെ നിന്ന് ബ്രിജ് നിർമിക്കും. താഴെ മോർച്ചറി സൗകര്യവുമടങ്ങിയതാണ് ആശുപത്രി.

ചെരിഞ്ഞ പ്രദേശമായതിനാൽ ബേസ്‌മെന്റ് ഉൾപ്പെടെയുള്ള ആദ്യ ഭാഗത്തിന്റെ പ്രവൃത്തി വളരെ ശ്രമകരമായിരുന്നു. ഏറെ പില്ലറുകളും മറ്റും നിർമിച്ചാണ് പ്രവൃത്തികൾ നടത്തിയത്. രണ്ടു നിലകളുടെ നിർമാണം പൂർത്തിയാക്കി മൂന്നാം നിലയുടെ നിർമാണം ആരംഭിച്ചു. രണ്ടു നിലകൾ കൂടി നിർമിക്കാനുണ്ട്. 35 ശതമാനത്തോളം പ്രവ‍ൃത്തികളാണു പൂർത്തിയായത്. മട്ടന്നൂർ-ഇരിട്ടി റോഡിൽ റവന്യു ടവറിന് പിറകിലായി ജലസേചന വകുപ്പിൽ നിന്ന് വിട്ടുകിട്ടിയ സ്ഥലത്താണ് ആശുപത്രി വരുന്നത്.

കേസിൽ കുടുങ്ങി നിർമാണം
കരാറുകാരനെ ഒഴിവാക്കിയതിൽ സർക്കാരിനെതിരെ കരാർ കമ്പനി കേസ് കൊടുത്തിരിക്കുകയാണ്. ഒത്തുതീർപ്പാക്കിയാൽ മാത്രമേ ഇനി വേറെ കരാറുകാരെ ഏൽപിക്കാൻ കഴിയുകയുള്ളൂ. ആശുപത്രിക്കെട്ടിടം പൂർത്തിയാകാൻ ഇനിയും ഏറെ കാത്തിരിക്കേണ്ടി വരും.

English Summary:

Despite an ambitious plan to provide quality healthcare near Kannur International Airport, the construction of the Mattannur Specialty Hospital has been stalled for years. Contract disputes, labor issues, and legal hurdles have plagued the project, leaving the community wondering when they will have access to this vital healthcare facility.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com