ADVERTISEMENT

കണ്ണൂർ ∙ പൊലീസ് പരേഡ് ഗ്രൗണ്ടിലെ സിന്തറ്റിക് ട്രാക്ക് നിർമാണം പുരോഗമിക്കുന്നു. 400 മീറ്റർ 8 ലെയ്ൻ ട്രാക്കാണ് പണിയുന്നത്. കെർബ് ലൈൻ പ്രവൃത്തിയും മൈതാനത്തെ ഡ്രെയ്നേജ് നിർമാണവും പൂർത്തിയായി. പുറം ഡ്രെയ്നേജ് നിർമാണം പുരോഗമിക്കുന്നു. ഇതോടൊപ്പം പുൽത്തകിടിയുള്ള ഫുട്ബോൾ മൈതാനത്തിന്റെ നിർമാണം ആരംഭിച്ചു. ലോങ് ജംപ്, ട്രിപ്പിൾ ‌ജംപ് പിറ്റുകളും പണിയുന്നുണ്ട്. കേരളത്തിൽ പൊലീസ് വകുപ്പിനു കീഴിൽ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ മാത്രമാണ് സിന്തറ്റിക് ട്രാക്ക് ഉള്ളത്.

കേരള പൊലീസ് സ്പോർട്സ് ആൻഡ് യൂത്ത് വെൽഫെയർ സൊസൈറ്റിയുടെ ഫണ്ടാണ് ഉപയോഗിക്കുന്നത്. ഹൗസിങ് ആൻഡ് കൺസ്ട്രക്‌ഷൻ കോർപറേഷൻ ലിമിറ്റഡാണ് നിർ‌മാണ ചുമതല. 7.57 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പൊലീസ് മൈതാനത്ത് ഇൻഡോർ കോർട്ട് നിർമാണവും ആരംഭിച്ചിട്ടുണ്ട്. ഇതിന് 1.42 കോടി രൂപ ചെലവ് വരും. സംസ്ഥാന സ്കൂൾ കായികമേളകൾ‌ക്കും പൊലീസ് ഗെയിംസിനും പൊലീസ് കായിക മേളകൾക്കും പൊലീസ് പരേഡ് ഗ്രൗണ്ട് വേദിയാകാറുണ്ട്.

കണ്ണൂരിലെ ഒട്ടുമിക്ക കായിക മത്സരങ്ങളും നടത്തുന്നത് ഇവിടെയാണ്. വർഷങ്ങളായി കണ്ണൂർ സ്പോർട്സ് സ്കൂളിലെ അത്‌ലറ്റിക്സ് താരങ്ങളും ഫുട്ബോൾ താരങ്ങളും പരിശീലിക്കുന്നത് ഈ ഗ്രൗണ്ടിലാണ്. സ്കൂൾ, കോളജ് കായിക മത്സരങ്ങൾ, കേരളോത്സവത്തിന്റെ ഭാഗമായുള്ള മത്സരങ്ങൾ തുടങ്ങിയവയും നടക്കാറുണ്ട്. സിന്തറ്റിക് ട്രാക്ക് വരുന്നത് ജില്ലയിലെ കായിക വളർച്ചയിൽ ഒരു നാഴികകല്ലാകും.

എന്താണ് സിന്തറ്റിക് ട്രാക്ക്?
ട്രാക്ക് നിർമിക്കുന്ന സ്ഥലത്ത് രണ്ടടി ആഴത്തിൽ മണ്ണെടുക്കും. തുടർന്ന് ഒരടി ഉയരത്തിൽ മണ്ണിട്ട് ഉറപ്പിക്കും (മണ്ണിന്റെ ഗുണവും ഉറപ്പും അനുസരിച്ച് ഇവയിൽ മാറ്റം വരുത്തും).തുടർന്ന് 8 ഇഞ്ച് കനത്തിൽ വെറ്റ്മിക്സ് മെക്കാഡം പാകും. അതിനു മുകളിൽ രണ്ടിഞ്ച് കനത്തിൽ ബിറ്റുമിനസ് മെക്കാഡം. ഒരിഞ്ച് കനത്തിൽ ബിറ്റുമിനസ് കോൺക്രീറ്റ്. 13 മുതൽ 15 മില്ലീമീറ്റർ കനത്തിൽ റബർ, പോളിയുറത്തൈൻ എന്നിവയുടെ മിശ്രിതം പാകും.വേഗവും കാലുകൾക്ക് കൂടുതൽ ഗ്രിപ്പും ലഭിക്കാൻ സിന്തറ്റിക് ഉപകരിക്കും.അത്‌ലീറ്റുകൾക്ക് മികച്ച സമയവും കണ്ടെത്താം. മഴക്കാലത്തും ഉപയോഗിക്കാമെന്ന മെച്ചവുമുണ്ട്.

English Summary:

A state-of-the-art synthetic track is being constructed at the Police Parade Ground in Kannur, promising a significant boost to athletics and sports development in the district. The project, funded by the Kerala Police, also includes a grassy football field, long jump and triple jump pits, and an indoor court.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com