ADVERTISEMENT

ഇരിട്ടി∙ സംസ്ഥാനാന്തര പാതയിലെ മാക്കൂട്ടം ചുരത്തിൽ ട്രോളി ബാഗിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയിട്ടു ഇന്ന് 1 വർഷം. കൊല്ലപ്പെട്ട യുവതി ആരെന്നു പോലും കണ്ടെത്താനാകാതെ അന്വേഷണം നിലച്ച നിലയിലാണ്. കഴിഞ്ഞ വർഷം സെപ്റ്റംബർ 18ന് ആണ് മാക്കൂട്ടം പെരുമ്പാടി ചുരത്തിൽ 25 – 30 വയസ്സ് പ്രായം തോന്നിക്കുന്ന യുവതിയുടെ അഴുകിയ നിലയിലുള്ള മൃതദേഹം ട്രോളി ബാഗിൽ കണ്ടെത്തിയത്. തുടക്കത്തിൽ ശക്തമായ അന്വേഷണം കർണാടക പൊലീസിന്റെ ഭാഗത്തു നിന്നു നടന്നിരുന്നു. കുടക് ജില്ലാ പൊലീസ് മേധാവി ഇടപെട്ട് അന്വേഷണം ഊർജിതമാക്കുന്നതിനായി 2 പ്രത്യേക സംഘം രൂപീകരിക്കുകയും ചെയ്തിരുന്നു.വീരാജ്പേട്ടയും കേരളവും കേന്ദ്രീകരിച്ചു ഒരു ടീം അന്വേഷണം നടത്തിയപ്പോൾ മൈസൂരു, ഹാസൻ, ബെംഗളൂരു എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചു 2–ാം ടീമും പരിശോധന നടത്തി.

ഇരു ടീമുകളും തങ്ങളെ ചുമതലപ്പെടുത്തിയ മേഖലകളിൽ കാണാതായ യുവതികളുടെ വിവര ശേഖരണം നടത്തി ഏതാനും മിസിങ് കേസുകൾ കണ്ടെത്തിയെങ്കിലും അന്വേഷണ ഘട്ടത്തിൽ ‘കാണാതായവർ’ തിരിച്ചെത്തുകയോ, മാക്കൂട്ടം സാഹചര്യ തെളിവുകളുമായി കൂട്ടിയോജിപ്പിക്കാൻ പറ്റുന്ന വസ്തുതകൾ കണ്ടെത്താൻ കഴിയുകയോ സാധിച്ചില്ല. കണ്ണൂർ‌ ജില്ലയിലെ കണ്ണവം പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് സമാന സമയത്ത് കാണാതായ യുവതിയെ കേന്ദ്രീകരിച്ചായിരുന്നു ആദ്യഘട്ട അന്വേഷണം. ബന്ധുക്കൾ മടിക്കേരി ഗവ. മെഡിക്കൽ കോളജിൽ എത്തി മൃതദേഹം കണ്ടെങ്കിലും തിരിച്ചറിയാനായില്ല. ഇതേത്തുടർന്ന് ഡിഎൻഎ പരിശോധനയ്ക്കുള്ള നടപടികൾ സ്വീകരിച്ചു വരുന്നതിനിടെ ഈ യുവതിയെ കേരളത്തിൽ തന്നെ കണ്ടെത്തി.‍‍

അന്വേഷണം തുടരുന്നതിനിടെ കണ്ണപുരത്തുള്ള ഒരു കേസും പരിഗണിച്ചെങ്കിലും അല്ലെന്നുറപ്പിച്ചു. തൃശൂരിൽ നിന്നു കാണാതായ ഒരു 30 കാരിയെ കേന്ദ്രീകരിച്ചു ശാസ്ത്രീയ പരിശോധനകൾക്ക് നീക്കം ആരംഭിച്ചെങ്കിലും അന്വേഷിക്കുന്ന യുവതി കോയമ്പത്തൂരിൽ ഉണ്ടെന്നു വിവരം ലഭിച്ചു. മാണ്ഡ്യ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയെങ്കിലും പ്രയോജനം ഉണ്ടായില്ല. ആദ്യ 3 മാസം വ്യാപകമായ തിരച്ചിലും പരിശോധനയും ആയി കർണാടക പൊലീസ് സംഘം ഊർജിതമായി രംഗത്ത് ഉണ്ടായിരുന്നെങ്കിലും പിന്നീട് അന്വേഷണം നിർത്തിയ നിലയിൽ ആയി.

തെളിവായി ചുരിദാറും മുടിയും മാത്രം
അഴുകി തുടങ്ങിയ നിലയിൽ ബാഗിൽ വളച്ചു കൂട്ടി വച്ച മൃതദേഹത്തിൽ നിന്നു ലഭിച്ച മുടിയും ചുരിദാറും മാത്രമാണു തെളിവായി അന്വേഷണ സംഘത്തിന്റെ കൈവശമുള്ളത്. 2 ആഴ്ചയോളം പഴക്കമുള്ളതായിരുന്നു മൃതദേഹം. വനം പ്രദേശത്ത് പ്ലാസ്റ്റിക് ശേഖരിക്കാൻ വനം വകുപ്പ് നിയോഗിച്ച സംഘത്തിൽ പെട്ടവരാണ് അന്ന് ബാഗ് കണ്ടെത്തിയത്. ചുരം പാതയിൽ നിന്നു കേരളത്തിലേക്കും കർണാടകയിലേക്കും കടന്നു പോയ വാഹനങ്ങളുടെ പരിശോധന നടത്തിയതിൽ വ്യാജ നമ്പർ ഒട്ടിച്ച ഒരു ആഡംബര വാഹനത്തിന്റെ വിവരങ്ങൾ ലഭിച്ചെങ്കിലും കൂടുതൽ തെളിവുകൾ കണ്ടെത്താൻ സാധിച്ചിട്ടില്ല.

നിബിഡ വനം
കൊടുംവളവുകളും കൊല്ലികളും നിറഞ്ഞ മാക്കൂട്ടം ചുരം പാതയിൽ 18 കിലോമീറ്ററോളം നിബി‍ഡ വനമാണ്. റോഡിന്റെ വലതുവശം മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സങ്കേതവും ഇടതുവശം മാക്കൂട്ടം റേഞ്ച് വനമേഖലയാണ്. ഇതാണ് സാധാരണ യാത്രക്കാരെ ഭയപ്പെടുത്തുന്നതും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരെ ആകർഷിക്കുന്നതും.‌കേരളാതിർത്തിയായ കൂട്ടുപുഴയിൽനിന്ന് 15 കിലോമീറ്റർ മാറി ഓട്ടക്കൊല്ലിക്ക് സമീപം മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെ പരിധിയിലാണു മൃതദേഹം അടങ്ങിയ ബാഗ് കണ്ടെത്തിയത്. 

സമ്മർദമുയരണം
കേരളത്തെയും കർണാടകയെയും കോർത്തിണക്കുന്ന സംസ്ഥാനാന്തര പാതയിൽ കണ്ടെത്തിയ കേസ് എന്ന നിലയിൽ കേരളത്തിൽ നിന്ന് സർക്കാർ തലത്തിലോ, പൊലീസ് തലത്തിലോ കർണാടകയിൽ ഇടപെടൽ ഉണ്ടാകണമെന്നതാണ് അതിർത്തി മേഖലയിൽ നിന്നുള്ള ആവശ്യം.ചുരം പാതയിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും ആവശ്യം ഉണ്ട്.

English Summary:

One year ago, the decomposing body of a young woman was discovered in a trolley bag at the Makkootam hairpin bend on the interstate highway connecting Kerala and Karnataka. Despite extensive investigations and various leads, the identity of the victim and the circumstances surrounding her death remain a mystery.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com