ADVERTISEMENT

തലശ്ശേരി ∙ ട്രെയിനിറങ്ങി കുറുക്കുവഴിയിലൂടെ നടന്നുപോകുമ്പോൾ റെയിൽപാളത്തിനരികിൽ തളർന്നുവീണയാൾ നാലു മണിക്കൂർ സഹായം ലഭിക്കാതെ കിടന്നു. കത്തിയെരിയുന്ന വെയിലി‍ൽ ബോധമില്ലാതെ കിടന്നയാളെ ഒടുവിൽ ആർപിഎഫ് എത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. മുണ്ടലൂർ കോട്ടത്തെ നെല്ലാളിക്കണ്ടി ഹൗസിൽ എടമുട്ടിനകത്ത് ബാബു(66) ആണ് ആർപിഎഫ് ഉദ്യോഗസ്ഥരുടെ സഹായത്തിൽ ജീവിതത്തിലേക്ക് തിരികെ കയറിയത്. എറണാകുളത്തെ ഹോട്ടലിൽ ജോലി ചെയ്യുന്ന ബാബു തിരുവനന്തുപരം – മംഗളൂരു എക്സ്പ്രസ് ട്രെയിനിൽ രാവിലെ 7.20ന് ആണ് തലശ്ശേരിയിൽ ഇറങ്ങിയത്. 

 പുതിയ ബസ് സ്റ്റാൻഡിലേക്ക് എളുപ്പവഴിയിലൂടെ നടന്നുപോകുമ്പോൾ റെയിൽവേ ഓവർ ബ്രിജിനു താഴെ തളർന്നു വീഴുകയായിരുന്നു. സമീപത്ത് ബാഗും ഉണ്ടായിരുന്നു. അബോധാവസ്ഥയിൽ കിടക്കുന്ന ആളെ അതുവഴി കടന്നുപോയ ഒട്ടേറെപ്പേർ കണ്ടെങ്കിലും ഒരാൾ പോലും സഹായിക്കുകയോ വിവരം റെയിൽവേ സ്റ്റേഷനിലോ പൊലീസിലോ അറിയിക്കുകയോ ചെയ്തില്ല. 

നിയമ ലംഘനങ്ങൾ പിടികൂടാനായി ഇതുവഴി എത്തിയ ആർപിഎഫ് എസ്ഐ കെ.വി.മനോജ്കുമാറും കോൺസ്റ്റബിൾ റിബേഷും കേരള പൊലിസ് അംഗങ്ങളായ മുരളീധരനും മനോജ്കുമാറുമാണ് ഒരാൾ കടുത്ത വെയിലിൽ ബോധമില്ലാതെ കിടക്കുന്നത് കണ്ടു. ഉടൻ ആംബുലൻസിനെ വിളിച്ചു. ആംബുലൻസ് എത്തുംവരെ റിബേഷ് കുടപിടിച്ച് ബാബുവിന് തണലൊരുക്കി. പോർട്ടർ റനീബിന്റെ സഹായത്തോടെ ബാബുവിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് ബന്ധുക്കളെ വിവരം അറിയിച്ചു. ബാബു സുഖം പ്രാപിച്ചു വരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com