ADVERTISEMENT

കാഞ്ഞങ്ങാട് ∙ സംസ്ഥാനത്തെ വിശാലവും അത്യാധുനികവുമായ ഷൂട്ടിങ് റേഞ്ച് ഉദ്ഘാടനത്തിനൊരുങ്ങി. ജില്ലാ റൈഫിൾസ് അസോസിയേഷന്റെ നേതൃത്വത്തിൽ അമ്പലത്തറ പന്നിക്കൂറിലാണ് അത്യാധുനിക സൗകര്യത്തോടു കൂടിയ ഷൂട്ടിങ് റേഞ്ചും ഓഫിസ് കെട്ടിടവും നിർമിച്ചത്. ഷൂട്ടിങ് റേഞ്ചിന്റെ ഉദ്ഘാടനം 27ന് 3 മണിക്കു നടക്കും. റൈഫിൾ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും എഡിജിപിയുമായ മനോജ് ഏബ്രഹാം ഉദ്ഘാടനം ചെയ്യും. കലക്ടർ കെ.ഇമ്പശേഖരർ അധ്യക്ഷത വഹിക്കും.

ഒരേക്കർ സ്ഥലത്താണു ഷൂട്ടിങ് റേഞ്ച് ഒരുക്കിയിരിക്കുന്നത്. 50, 25, 10 മീറ്റർ എന്നീ വിഭാഗങ്ങളിലുള്ള അത്യാധുനിക സൗകര്യത്തോടെയുള്ള റേഞ്ചാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. അംഗങ്ങളിൽ നിന്നുള്ള തുക ഉപയോഗിച്ചാണ് 2 കോടി ചെലവിട്ടു ഷൂട്ടിങ് റേഞ്ച് ഒരുക്കിയത്. 2018ൽ അന്നത്തെ കലക്ടറായിരുന്നു കെ.സജിത്ത് ബാബുവാണു കെട്ടിടത്തിനു തറക്കല്ലിട്ടത്. 

അന്നത്തെ എഡിഎം ആയിരുന്ന എച്ച്.ദിനേശാണു സ്വന്തം സ്ഥലത്തു ഷൂട്ടിങ് റേഞ്ച് നിർമിക്കാൻ നിർദേശം നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് അമ്പലത്തറ പന്നിക്കൂറിൽ ഷൂട്ടിങ് റേഞ്ചിനു സ്ഥലം കണ്ടെത്തിയത്. സംസ്ഥാനത്തു മിക്ക ഷൂട്ടിങ് റേഞ്ചുകളും ലീസിനു വാങ്ങിയ സ്ഥലത്താണു പ്രവർത്തിക്കുന്നത്. സംസ്ഥാനതല മത്സരം നടത്താൻ വരെ ശേഷിയുള്ള റേഞ്ചാണ് അമ്പലത്തറയിൽ ഒരുക്കിയിരിക്കുന്നത്.

250 അംഗങ്ങളാണു നിലവിലുള്ളത്. ഒരേ സമയത്ത് 25 പേർക്കു പരിശീലനം നൽകാനുള്ള സൗകര്യം ഇവിടെയുണ്ട്. പരിശീലകനെയും അസോസിയേഷൻ നിയമിച്ചിട്ടുണ്ട്. നിലവിൽ 15 കുട്ടികൾക്കു ഷൂട്ടിങ് പരിശീലനം നൽകുന്നുണ്ട്. കൂടുതൽ കുട്ടികൾക്കു പരിശീലനം നൽകാനാണു ലക്ഷ്യം. ഇതിനായി 14-21 വയസ്സ് വരെയുള്ള കുട്ടികൾക്ക് 5000 രൂപയുടെ ആജീവനാന്ത അംഗത്വം നൽകും. സ്കൂൾ ഗെയിംസിലടക്കം കുട്ടികളെ പങ്കെടുപ്പിക്കുക എന്നതാണു ലക്ഷ്യം

ഡോർമട്രി, ക്വാർട്ടേഴ്സ് എന്നിവ നിർമിക്കുകയാണ് അസോസിയേഷന്റെ അടുത്ത ലക്ഷ്യമെന്നു സബ് കലക്ടർ സൂഫിയാൻ അഹമ്മദ്, കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.ബാലകൃഷ്ണൻ നായർ, അസോസിയേഷൻ സെക്രട്ടറി കെ.എ.നാസർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എം.ശ്രീകണ്ഠൻ നായർ, അസോസിയേഷൻ ട്രഷറർ എ.കെ.ഫൈസൽ, ജോയിന്റ് സെക്രട്ടറി പി.വി.രാജേന്ദ്ര കുമാർ എന്നിവർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com