ADVERTISEMENT

കാസർകോട് ∙ പത്താം ക്ലാസ് പൊതുപരീക്ഷ ഇന്നു തുടങ്ങുമ്പോൾ മധ്യപ്രദേശിൽ നിന്നെത്തിയ സുരക്ഷയ്ക്കും ജിതേന്ദറിനും അതു വീട്ടുകാര്യമാണ്. ഇവരുടെ അഞ്ചു മക്കളിൽ മൂന്നു പേർ ഇത്തവണ 10–ാം ക്ലാസിലാണ്. കാജലും പൂജയും നിഷയും ബേക്കൽ ഗവ.ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനികളാണ്. മലയാള നാടിന്റെ സ്നേഹ മധുരം നുകർന്ന് 3 പേരും എല്ലാ വിഷയത്തിനും എ പ്ലസോടെ മികച്ച വിജയം നേടുമെന്ന പ്രതീക്ഷയിലാണു മാതാപിതാക്കളും സ്കൂൾ അധികൃതരും. ഒരു അതിഥിത്തൊഴിലാളിയുടെ 3 മക്കൾ ഒന്നിച്ച് എസ്എസ്എൽസി എഴുതുന്നു എന്ന കൗതുകവും ഇതിനുണ്ട്. 

മധ്യപ്രദേശിലെ കൈലാറസിൽ നിന്ന് ജോലി തേടി 16 വർഷം മുൻപാണു ജിതേന്ദർ കാസർകോട്ടെത്തിയത്. നാടുവിട്ടു നിൽക്കുന്നതിന്റെ സമ്മർദങ്ങളും ജീവിത പ്രാരാബ്ധങ്ങളുമുണ്ടെങ്കിലും മക്കളുടെ പഠിപ്പ് ഈ ദമ്പതികൾ മുടക്കിയില്ല. മക്കളുടെ പഠനം മുടങ്ങാതിരിക്കാൻ അവധി ദിനങ്ങളിൽ പോലും ജോലി ചെയ്ത് ഇത്രയുമെത്തിയതു തന്നെ വലിയ വിജയമായി ജിതേന്ദറും സുരക്ഷയും കണക്കാക്കുന്നു. കളനാട് ഇടവുങ്കാലിലെ ക്വാർട്ടേഴ്സിലാണ് താമസം.

പഠനത്തോടൊപ്പം പാഠ്യേതര മേഖലകളിലും സ്കൂളിലെ മിന്നും താരങ്ങളായ ഇവർ അധ്യാപകരുടെ പ്രിയ വിദ്യാർഥിനികളാണ്. പ്രായത്തിൽ മുതിർന്നത് കാജലാണ്. രണ്ടാമത് പൂജയും ഏറ്റവും ഇളയത് നിഷയും. പ്രാഥമിക വിദ്യാഭ്യാസം മാത്രമുള്ള, ഹിന്ദി മാത്രം അറിയുന്ന മാതാപിതാക്കൾക്ക് ഇവരെ പഠനത്തിൽ സഹായിക്കാൻ സാധിക്കുന്നില്ല. അതിനാൽ വീട്ടിലെത്തിയാൽ, പഠന സമയത്ത് ഉണ്ടാകുന്ന സംശയങ്ങൾ മൂവരും ചേർന്നു പരിഹരിക്കും. ഒപ്പം അധ്യാപകരുടെ സഹായവുമുണ്ട്. 

മാർബിൾ തൊഴിലാളിയെ അച്ഛനെയും വീട്ടമ്മയായ അമ്മയെയും പ്രയാസപ്പെടുത്താതെ മുന്നോട്ടു പോകണമെന്നാണ് ആഗ്രഹം. കാജലിനു ഡോക്ടറും പൂജയ്ക്ക് അധ്യാപികയും നിഷ പൊലീസ് ഓഫിസറും ആകാനാണു താൽപര്യം. ‌സഹപാഠികൾക്ക് എല്ലാവർക്കും തങ്ങളോടു വലിയ സ്നേഹമാണെന്നും ഇതര സംസ്ഥാനക്കാരാണെന്ന വേ‍ർതിരിവില്ലെന്നും ഇവർ പറഞ്ഞു. ജിതേന്ദറും സുരക്ഷയും ജനിച്ചത് മധ്യപ്രദേശിൽ, ജോലി ചെയ്യുന്നതും ജീവിക്കുന്നതും കേരളത്തിൽ, മക്കൾ പഠിക്കുന്നതു കേരളത്തിലെ കന്നഡ മീഡിയത്തിൽ. ചെറിയ വരുമാനത്തിൽനിന്നു മിച്ചം പിടിച്ചു മക്കളുടെ ഭാവിക്ക് വെളിച്ചം പകരുകയാണ് ഈ മാതാപിതാക്കൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com