ADVERTISEMENT

കാസർകോട്∙ റെയിൽ‍വേ സ്റ്റേഷനു സമീപം നിർത്തിയിട്ട ബുള്ളറ്റ് മോഷ്ടിച്ച കേസിലെ പ്രതി പിടിയിലായതിനു കാരണം വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബുള്ളറ്റിലെ വിരലടയാളം. വിവിധ ജില്ലകളിലായി ഇരുചക്ര വാഹന മോഷണം പതിവാക്കിയ കോഴിക്കോട് കല്ലായി സ്വദേശിയും കൊണ്ടോട്ടി അരിപ്രയിലെ താമസക്കാരനുമായ റംഷാദി (ബുള്ളറ്റ് റംഷാദ്– 24)നെയാണ് കാസർകോട് പൊലീസ് ജയിലിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്

ഇലക്ട്രീഷ്യനായ പെരിന്തൽമണ്ണ സ്വദേശി വി.സി.മുഹമ്മദ് സിറാജുദ്ദീൻ തന്റെ ബുള്ളറ്റ് കാസർകോട് റെയിൽവേ സ്റ്റേഷനിലെ പൊലീസ് എയ്ഡ് പോസ്റ്റിനടുത്ത് നിർത്തിയിട്ട് ഫെബ്രുവരി 25ന് രാത്രി 7ന് നാട്ടിലേക്കു പോയതായിരുന്നു. പിറ്റേന്നു രാത്രി ഏഴരയോടെ കാസർകോട്ടേക്കു തിരിച്ചെത്തി വണ്ടി എടുക്കാൻ പോയപ്പോൾ നിർത്തിയിട്ട സ്ഥലത്ത് കാണുന്നില്ല.

27ന് വൈകിട്ടു കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. തുടർന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. സിസിടിവിയിൽ ഒരാൾ ബുള്ളറ്റ് ഓടിച്ചു പോകുന്ന ചിത്രം കണ്ടെങ്കിലും പ്രതിയെ തിരിച്ചറിയാനായില്ല. 29ന് ഉപ്പള പാറക്കട്ടയിലെ സ്കൂളിനടുത്ത് ഒരു ബുള്ളറ്റ് ഉപേക്ഷിച്ച നിലയിലുള്ള വിവരം നാട്ടുകാർ പൊലീസിനെ അറിയിച്ചു. മ‍ഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി വണ്ടി ഉപ്പളയിലെ പൊലീസ് എയ്ഡ് പോസ്റ്റിലേക്കു മാറ്റി.

ഈ ബുള്ളറ്റ് കാസർകോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് മോഷ്ടിച്ചതാണെന്നു ബുള്ളറ്റിന്റെ ഉടമസ്ഥൻ എത്തി തിരിച്ചറിഞ്ഞു. മോഷ്ടിച്ചതിനു ശേഷം മംഗളൂരു വഴി കർണാടകയിലേക്ക് പോകാനായിരുന്നു പ്രതിയുടെ ഉദ്ദേശ്യമെന്നും പെട്രോൾ തീർന്നതോടെ വഴിയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നുമാണ് പൊലീസ് സംശയിക്കുന്നത്.

ബുള്ളറ്റിൽ നിന്ന് പൊലീസ് വിരലടയാളം ശേഖരിച്ചിരുന്നു. ദിവസങ്ങൾ കഴിഞ്ഞ് കൊണ്ടോട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ കുരുമുളക് മോഷ്ടിച്ച് കടത്തിയ കേസിൽ റംഷാദ് അറസ്റ്റിലായി. പൊലീസിന്റെ  ചോദ്യം ചെയ്യലിനിടെയാണ് മോഷണ കഥകൾ വിവരിച്ചത്. ഈ വിവരം കാസർകോട് പൊലീസിലെത്തിയതോടെ ബുള്ളറ്റിൽ നിന്ന് ലഭിച്ച വിരലടയാളവുമായി പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് പ്രതി ഇയാൾ തന്നെ എന്ന് തിരിച്ചറിഞ്ഞത്.

ജയിൽ വച്ചു തന്നെ കോടതി നിർദേശ പ്രകാരം അറസ്റ്റും രേഖപ്പെടുത്തി. ജില്ലയിൽ കാസർകോട്, ബേക്കൽ, കുമ്പള എന്നീ സ്റ്റേഷനുകളിലായി പ്രതിക്കെതിരെ ബൈക്ക് കവർന്നതിന് കേസുണ്ടെന്നു പൊലീസ് പറഞ്ഞു. ഇതുവരെ 34 കേസുകളാണുള്ളത്.  മോഷ്ടിച്ച ഇരുചക്രവാഹനം ബെംഗളൂരു, മംഗളൂരു എന്നിവിടങ്ങളിലെത്തിച്ച് കൈമാറുകയാണ് പതിവ്.  

കാസർകോട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലായി മുപ്പതിലേറെ മോഷണ കേസുകളിലെ പ്രതിയാണ് റംഷാദ്. കാസർകോട് ഇൻസ്പെക്ടർ ഷാജി പട്ടേരിയുടെ നേതൃത്വത്തിൽ എസ്ഐമാരായ പി.അനൂപ്, പി.കെ.അബ്ദുൽ റസാഖ്, സിവിൽ പൊലീസ് ഓഫിസർ എൻ.വി.രഘു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിൽ പങ്കാളിയായത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com