ADVERTISEMENT

കാറഡുക്ക∙പുലിപ്പേടിയിൽ കഴിയുന്ന വനാതിർത്തി ഗ്രാമങ്ങളെ കൂടുതൽ ഭീതിയിലാക്കി വളർത്തു നായകൾക്കെതിരെയുള്ള ആക്രമണം തുടരുന്നു. കൊട്ടംകുഴി ഒയക്കോലിലെ എൻ.കെ.വിനോദിന്റെ വീട്ടിലെ നായയെയാണ് തിങ്കളാഴ്ച രാത്രി 11ന് അഞ്ജാത ജീവി അക്രമിച്ചത്. വീട്ടുമുറ്റത്ത് കെട്ടിയിട്ട നായയുടെ കഴുത്തിൽ കടിച്ച് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ചങ്ങല പൊട്ടിക്കാൻ സാധിക്കാത്തതിനാൽ നടന്നില്ല. അതിനിടെ നായയുടെ കരച്ചിൽ കേട്ട് വിനോദ് ലൈറ്റിട്ടതോടെ ജീവി പെട്ടെന്ന് ഇരുട്ടിലേക്ക് മറഞ്ഞു. ആക്രമിച്ച മൃഗത്തെ വ്യക്തമായി കാണാൻ കഴിഞ്ഞില്ലെന്നു വിനോദ് പറഞ്ഞു.

കഴിഞ്ഞമാസം 2 പുലികളെ മിനിട്ടുകളുടെ വ്യത്യാസത്തിൽ കണ്ട നെയ്യങ്കയത്തിന്റെ മറുഭാഗമാണ് ഒയക്കോൽ പ്രദേശം. വനാതിർത്തിയിൽ നിന്നുള്ള ആദ്യത്തെ വീടാണ് വിനോദിന്റേത്. മുറ്റത്തുനിന്ന് ലഭിച്ച കാൽപാടുകൾ പുലിയുടെതാണെന്നാണ് പ്രാഥമിക നിഗമനം. ഡിഎഫ്ഒ കെ.അഷ്റഫിന്റെ നേതൃത്വത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ വീടും പരിസരവും സന്ദർശിച്ചു. സ്ഥലത്ത് നിരീക്ഷണ ക്യാമറയും സ്ഥാപിച്ചു.

 കൊട്ടംകുഴി ഒയക്കോലിൽ കണ്ടെത്തിയ പുലിയുടേതെന്നു കരുതുന്ന കാൽപാട് വനപാലകർ പരിശോധിക്കുന്നു.
കൊട്ടംകുഴി ഒയക്കോലിൽ കണ്ടെത്തിയ പുലിയുടേതെന്നു കരുതുന്ന കാൽപാട് വനപാലകർ പരിശോധിക്കുന്നു.

അജ്ഞാതജീവി പുലി തന്നെ?
വനം വകുപ്പ് സ്ഥാപിച്ച ക്യാമറകൾക്കു മുഖം കൊടുത്തില്ലെങ്കിലും കാസർകോട്ടെ വനത്തിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന തെളിവുകളാണ് ഇതിനകം ലഭിച്ചത്. കഴിഞ്ഞ മാസം ആദ്യം വളർത്തുനായയെ കൊണ്ടുപോയ ഇരിയണ്ണി തോണിപ്പള്ളത്തെ ബി.നാരായണന്റെ വീട്ടിൽ നിന്നു വ്യക്തമായ കാൽപാട് വനം വകുപ്പിനു ലഭിച്ചിരുന്നു. അതിനു മുൻപ് കുറ്റിയടുക്കം, കുട്ടിയാനം, മഞ്ചക്കൽ എന്നിവിടങ്ങളിലും പിന്നീട് തൈര, നെയ്യങ്കയം, പയർപ്പള്ളം, പേരടുക്കം എന്നിവിടങ്ങളിയും രാത്രി യാത്രക്കാർ റോഡിൽ പുലിയെ നേരിട്ട് കണ്ടു. നെയ്യങ്കയത്ത് രണ്ടെണ്ണത്തെയാണ് ഒരേസമയം കണ്ടത്. പുലിയുണ്ടെന്ന് വനം വകുപ്പ് സ്ഥിരീകരിക്കുന്നില്ലെങ്കിലും ഉണ്ടാകാനുള്ള സാധ്യതകൾ തള്ളുന്നില്ല. ഇതോടെ വനാതിർത്തി ഗ്രാമങ്ങളിലെ ജനങ്ങൾ കടുത്ത ആശങ്കയിലാണ്. 

ദേലംപാടി, കാറഡുക്ക, മുളിയാർ പഞ്ചായത്തുകളിലെ റോഡുകളിൽ ഭൂരിഭാഗവും വനത്തിലൂടെയാണ്. നടവഴികളുടെ സ്ഥിതിയും ഇതു തന്നെ. കുട്ടികളെ തനിച്ചു സ്കൂളിലയയ്ക്കാൻ പോലും പേടിയാണ്. സംസ്ഥാനത്തെ മറ്റു ജില്ലകളിൽ നിന്നു വ്യത്യസ്തമാണ് ഈ പ്രദേശത്തെ സ്ഥിതി. ഇവിടെ കാടും നാടും ഇടകലർന്നാണ് നിൽക്കുന്നത്. അതുകൊണ്ട് കാട്ടിൽ പുലിയെത്തുമ്പോൾ  നാടിന്റെ സ്വസ്ഥതയാണു നഷ്ടമാകുന്നത്. അതുകൊണ്ട് പുലികളുടെ എണ്ണം പെരുകുന്നതിനു മുൻപ് അവയെ ഇവിടെ നിന്നു മാറ്റുന്നതിനുളള നടപടി വനം വകുപ്പ് സ്വീകരിക്കണമെന്നാണ് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നത്.

പുലിയെക്കാൾ അപകടം ഈ വ്യാജൻ !
കാറഡുക്കയിൽ കണ്ട പുലി എന്ന ശബ്ദ സന്ദേശത്തിനൊപ്പം പ്രചരിക്കുന്ന കടുവയുടെ വിഡിയോ വ്യാജം. എന്നാൽ ജില്ലയിലെ വാട്സാപ് ഗ്രൂപ്പുകളിലടക്കം വിഡിയോ വ്യാപകമായി പ്രചരിക്കുകയാണ്. മാസങ്ങൾക്ക് മുൻപ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് പകർ‍ത്തിയ കടുവയുടെ ദൃശ്യമാണ് കാറഡുക്കയിലേത് എന്നരീതിയിൽ പങ്കുവയ്ക്കപ്പെടുന്നത്. വ്യാജ വിഡിയോ പ്രചരിക്കുന്നത് സംഭവത്തിന്റെ ഗൗരവത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com