ADVERTISEMENT

ചിറ്റാരിക്കാൽ  ∙ കെഎസ്ഇബി കരാർ ജീവനക്കാരനെ മർദിച്ച സംഭവത്തിൽ വീട്ടുടമയുടെ മകനെതിരെ ചിറ്റാരിക്കാൽ പൊലീസ് വധശ്രമത്തിനു കേസെടുത്തു. ചിറ്റാരിക്കാൽ കാറ്റാംകവലയിലെ മാരിപുറത്ത് ജോസഫിന്റെ മകൻ സന്തോഷിന്റെ പേരിലാണ് കേസെടുത്തത്. നല്ലോംപുഴ വൈദ്യുതി സെ‌ക്‌ഷനിലെ കരാർ തൊഴിലാളിയായ കെ.അരുൺകുമാറിനെയാണ് ശനിയാഴ്ച വൈകിട്ട് സന്തോഷ് ആക്രമിച്ചു പരുക്കേൽപിച്ചത്. തലയിലും മുഖത്തും സാരമായി പരുക്കേറ്റ അരുൺകുമാർ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. 

തകരാറിലായ വൈദ്യുതമീറ്റർ മാറ്റിസ്ഥാപിച്ചതിന്റെ പേരിലാണ് കെഎസ്ഇബി ജീവനക്കാരനു നേരെ വീട്ടുകാരന്റെ ആക്രമണമുണ്ടായത്. കാവുംതലയിൽ ശനിയാഴ്ച വൈകിട്ട് 4നായിരുന്നു സംഭവം. മാരിപ്പുറത്ത് എം.ജെ.ജോസഫ് എന്നയാളുടെ വീട്ടിലെ തകരാറിലായ മീറ്റർ മാറ്റിവയ്ക്കാനാണ് അരുണും സഹപ്രവർത്തകനായ അനീഷും എത്തിയത്. എന്നാൽ, മീറ്ററിനു തകരാറില്ലെന്നും മാറ്റേണ്ടതില്ലെന്നും വീട്ടുടമ തടസ്സവാദമുന്നയിച്ചു. ഇതെത്തുടർന്ന് ഇക്കാര്യം കെഎസ്ഇബിയിൽ അറിയിച്ചപ്പോൾ എഇ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ മീറ്റർ മാറ്റിവയ്ക്കണമെന്ന് കരാർ ജീവനക്കാർക്ക് നിർദേശം നൽകി.

തുടർന്ന് മീറ്റർ മാറ്റിവച്ച് ജീവനക്കാർ തങ്ങളുടെ ഇരുചക്ര വാഹനങ്ങളിൽ മടങ്ങുന്നതിനിടയിലാണ് പിന്നാലെ ജീപ്പിലെത്തിയ വീട്ടുടമയുടെ മകൻ സന്തോഷ്, അരുണിനെ ഇടിച്ചു വീഴ്ത്തുകയും ഇരുമ്പുവടി കൊണ്ട് തലയ്ക്കും മുഖത്തും അടിച്ചു പരുക്കേൽപിക്കുകയും ചെയ്തത്. പരുക്കേറ്റ് റോഡിൽ വീണുകിടന്ന അരുണിനെ പിന്നാലെയെത്തിയ അനീഷിന്റെ സഹായത്തോടെയാണ് ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. അരുണിന്റെ പരാതിയിലാണ് വീട്ടുടമയായ ജോസഫിന്റെ മകൻ സന്തോഷിന്റെ പേരിൽ ചിറ്റാരിക്കാൽ പൊലീസ് വധശ്രമത്തിന് കേസെടുത്തിരിക്കുന്നത്.

ഇന്ന് പ്രതിഷേധ പ്രകടനം
കെഎസ്ഇബി കരാർ തൊഴിലാളിക്കു നേരെയുണ്ടായ വധശ്രമത്തിൽ പ്രതിഷേധിച്ച് ഇന്നു രാവിലെ 11ന് ചിറ്റാരിക്കാൽ ടൗണിൽ സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com