ADVERTISEMENT

കാസർകോട്∙ കാറ്റിലും മഴയിലും ഉൾപ്പെടെ പരക്കെ വൈദ്യുതി മുടങ്ങുന്നത് പരിശോധിക്കാൻ ജില്ലാ ആസ്ഥാനത്ത് വാഹനമില്ലാത്ത സെക്‌ഷൻ ഓഫിസ്. വൈദ്യുതി വകുപ്പിന്റെ തന്നെ ജീപ്പ് 33 വർഷം ഓടിത്തളർന്ന് സ്ക്രാപ് വിഭാഗത്തിലേക്ക് മാറ്റി. കഴിഞ്ഞ ഒന്നര മാസമായി ജീവനക്കാർ സ്വന്തം ചെലവിൽ തന്നെയാണ് സുരക്ഷാ പ്രവർത്തനത്തിനു ഉൾപ്പെടെ ഓടുന്നത്. സിവിൽസ്റ്റേഷൻ, കാസർകോട് ജനറൽ ആശുപത്രി, കോടതി കോംപ്ലക്സ്, റെയിൽവേ സ്റ്റേഷൻ, ഗവ.കോളജ്, ജില്ലാ പഞ്ചായത്ത് കാര്യാലയം, പൊലീസ് ഓഫിസുകൾ, ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങി 24000 ലേറെ ഉപയോക്താക്കൾ ആണ് വൈദ്യുതി ബോർഡ്  കാസർകോട് സെക്‌ഷൻ പരിധിയിൽ ഉള്ളത്.

ബൈക്ക് ഉള്ള ജീവനക്കാർ അത് ഓടിച്ചു പോകുമ്പോഴും സുരക്ഷാ സാമഗ്രികൾ ഉൾപ്പെടെ കൊണ്ടു പോകുന്നതിന് ഓട്ടോ പിടിക്കണം. വൈദ്യുതി സെക്‌ഷന് സ്വന്തം വാഹനം ഇല്ലാതായതോടെ പലപ്പോഴും ജീവനക്കാരെ വിളിച്ചാൽ കിട്ടുന്നില്ലെന്ന് പരാതികൾ ഉയർന്നു തുടങ്ങി.  കഴിഞ്ഞ ദിവസം പാലിയേറ്റീവ് കേന്ദ്രത്തിൽ  വൈദ്യുതി മുടങ്ങിയപ്പോൾ ഓട്ടോ അയച്ചാൽ വരാമെന്നാണ് മറുപടി ലഭിച്ചതെന്ന് പാലിയേറ്റീവ് കേന്ദ്രം അധികൃതർ പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ശക്തമായ കാറ്റും മഴയും തുടരുന്നു. സെക്‌ഷൻ ഓഫിസിലേക്കും ജീവനക്കാരുടെ ഫോണിലേക്കും തുരുതുരെ വിളി. ചെമ്മനാട് കല്ലുവളപ്പ് ട്രാൻസ്ഫോമർ പരിധിയിൽ ഒരു ലൈനിൽ വൈദ്യുതിയില്ലാതെ 2 ദിവസമായി.

ബെദിര ട്രാൻസ്ഫോമറിൽ 2 ലൈനിൽ വോൾട്ടേജ് കുറവ്. ചെട്ടുംകുഴി താഴെ ജംക്​ഷനിൽ  പോസ്റ്റ് ചെരിഞ്ഞു നിൽക്കുന്നു. തളങ്കര പാലിയേറ്റീവ് ക്ലിനിക്കിൽ 2 ദിവസമായി വൈദ്യുതിയില്ല. ഓഫിസിലെ ഫോൺ എടുക്കുന്നില്ല തുടങ്ങി ഉപയോക്താക്കളുടെ ആവശ്യങ്ങൾ ഇടതടവില്ലാതെ വരുമ്പോഴും പാതിരാത്രിയിലും ജീവനക്കാർ പരാതി പരിഹരിക്കാൻ ഓടുന്നു. എന്നാൽ വകുപ്പ് വാഹനം ഇല്ലാത്തതിനാൽ പ്രശ്നസ്ഥലത്ത് ഉദ്ദേശിച്ച പോലെ ജീവനക്കാർക്ക് വേഗം എത്താൻ കഴിയുന്നില്ല. കാസർകോട് നഗരസഭ, മധൂർ, ചെങ്കള, ചെമ്മനാട് പഞ്ചായത്തുകളിൽ ഉൾപ്പെടെ പൂർണമായും ഭാഗികമായും കാസർകോട് സെക്​ഷനു കീഴിലാണ് വൈദ്യുതി വിതരണം. 

കെഎസ്ഇബിയോ? നമ്മളില്ലേ !
സ്വന്തം വാഹനം വാങ്ങുന്നതിനു പകരം നിശ്ചിത നിരക്കിൽ ടാക്സി എന്ന നിലയിൽ ഓടുന്നതിന് ആവശ്യവുമായി ജീപ്പിനു 3 തവണ ബോർഡ് ടെൻഡർ വച്ചു. എന്നാൽ വൈദ്യുതി ബോർഡ് നിരക്ക് ആരും സ്വീകരിക്കുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. പ്രതിമാസം 1500 കിലോമീറ്റർ ഓട്ടം. കിലോമീറ്ററിനു 20 രൂപ വീതം നൽകും. രാത്രി ഓട്ടത്തിനു 500 രൂപ അധികം കൊടുക്കും. എന്നതാണ് വൈദ്യുതി ബോർഡ് നിരക്ക്. 15 വർഷ കാലയളവിലുള്ള വാഹനം ആയിരിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com