ADVERTISEMENT

കാസർകോട് ∙ ജില്ലയിൽ കാലവർഷത്തെ തുടർന്ന് പുഴകളിലെ ജലനിരപ്പ് ഉയർന്നു. കാലവർഷക്കെടുതിയിൽ ഇതുവരെ 164 വീടുകൾ പൂർണമായും 10 വീടുകൾ ഭാഗികമായും തകർന്നു. 2 ചുറ്റുമതിലുകൾ തകർന്നു. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണ്  പ്രവചനം ഉപ്പള, ഷിറിയ പുഴകളിലെ ജലനിരപ്പ് അപകടനില കടന്നു. ചന്ദ്രഗിരി, മൊഗ്രാൽ, കാര്യങ്കോട്, നീലേശ്വരം പുഴകളിലെ ജലനിരപ്പ് മുന്നറിയിപ്പ് നില കടന്നിട്ടുണ്ട്. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷന്റെ മതിൽ മരം വീണു തകർന്നു. കൂടാൽമേർക്കള അങ്ങാടി മൊഗറർ അലങ്കാറിലെ മൈമൂനയുടെ വീടു പൂർണമായി തകർന്നു.

ഇതോടെ ഇവരെ സമീപത്തെ ബന്ധുവിന്റെ വീട്ടിലേക്ക് മാറ്റി. ബംബ്രാണ ബയാൽ ആമിനയുടെ വീട് തെങ്ങ് വീണു തകർന്നു. ജില്ലയിലെ പലയിടങ്ങളിലും മരങ്ങൾ വീണു വൈദ്യുതി ബന്ധം താറുമായിട്ടുണ്ട്.  താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിലായി.  ജില്ലയിൽ 24 മണിക്കൂറിൽ 80.733 മില്ലിമീറ്റർ മഴ ലഭിച്ചു. ഇന്നലെ മഞ്ചേശ്വരത്ത് 42 മില്ലിമീറ്റർ, ഉപ്പള 56.3, പൈക്ക 65, മധൂർ 66 , വിദ്യാനഗർ 55.4, പടിയത്തടുക്ക 81.4, കല്യോട്ട് 114.8,ഷേണി 86.4,എരിക്കുളം 86.4, ചീമേനി 79.6, വെള്ളച്ചാൽ 102.6 മില്ലിമീറ്റർ മഴ ലഭിച്ചു.

തൃക്കരിപ്പൂർ പഞ്ചായത്തിലെ ഈയക്കാട്–കൊയങ്കര പാടശേഖരങ്ങൾ വെള്ളക്കെട്ടിലായ കാഴ്ച.
തൃക്കരിപ്പൂർ പഞ്ചായത്തിലെ ഈയക്കാട്–കൊയങ്കര പാടശേഖരങ്ങൾ വെള്ളക്കെട്ടിലായ കാഴ്ച.

പാലത്തിൽ വെള്ളം കയറി; ഗതാഗതം മുടങ്ങി
∙ ശക്തമായ മഴയിൽ പുത്തിഗെ മുഗു സുബ്രഹ്മണ്യ ക്ഷേത്രത്തിനു സമീപത്തെ പാലത്തിൽ വെള്ളം കയറിയതോടെ ഗതാഗതം തടസ്സപ്പെട്ടു. മുണ്ട്യത്തടുക്ക–ഉക്കിനടുക്ക റോഡിലെ പാലത്തിലാണ് വെള്ളം കയറിയത്. ഉക്കിനടുക്ക മെഡിക്കൽ കോളജ്, കുമ്പള, പൈവളിഗെ, മീഞ്ച, വോർക്കാടി, മഞ്ചേശ്വരം ഭാഗങ്ങളിലേക്കും പുത്തിഗെ പഞ്ചായത്തിലെ കൃഷിഭവൻ, പുത്തിഗെ സ്കൂൾ, വില്ലേജ് ഓഫിസ്, കുടുംബാരോഗ്യകേന്ദ്രം എന്നിവിടങ്ങളിലേക്കും  ഈ പാലത്തിലൂടെയാണ് പോകുന്നത്. ഈ റൂട്ടിലൂടെയുള്ള ബസ് സർവീസ് നിർത്തിവച്ചു. പാലത്തിനു 8.7 മീറ്റർ ഉയരവും 4.7മീറ്റർ വീതിയുമാണുള്ളത്. മഴക്കാലത്ത് പുത്തിഗെ പുഴ കരകവിഞ്ഞൊഴുകുമ്പോൾ റോഡും പാലവും വെള്ളത്തിനടിയിലാവുന്നത് പതിവായതിനാൽ പ്രശ്നപരിഹാരം തേടി മുഖ്യമന്ത്രിക്കു അദാലത്തിലും നവകേരള സദസ്സിലും പരാതി നൽകിയിരുന്നു.

തുടർന്ന് പൊതുമരാമത്ത് വിഭാഗം പാലങ്ങൾ വിഭാഗം ഉദ്യോഗസ്ഥർ സ്ഥലംസന്ദർശിച്ച് എസ്റ്റിമേറ്റ് തയാറാക്കിയിരുന്നു. പാലത്തിനു പകരമായി 10 മീറ്റർ നീളത്തിലും കൂടുതൽ വീതിയിലും ഉരത്തിലും പുതിയ പാലം നിർമിച്ചാൽ മാത്രമേ പരാഹാരമാവുകയുള്ളുവെന്നും പാലത്തിനും ഇരുപുറത്തുമുള്ള 200 മീറ്റർ അനുബന്ധ റോഡിനും സംരക്ഷണ പ്രവൃത്തിക്കുമായി 4 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നതെന്നും റിപ്പോർട്ട് നൽകി. റോഡിനു ആവശ്യമായ സ്ഥലം ലഭിക്കുകയും സർക്കാരിൽ നിന്ന് അനുമതിയും ലഭിച്ചാൽ തുടർനടപടി സ്വീകരിക്കുമെന്നാണ് പുത്തിഗെ വാർഡ് അംഗം എം.എച്ച്. മജീദിനെ പൊതുമരാമത്ത് വിഭാഗം എക്സിക്യൂട്ടിവ് എൻജീനിയർ അറിയിച്ചത്.

കാസർകോട് ടൗൺ പൊലീസ് സ്റ്റേഷന്റെ ചുറ്റുമതിലിനു മുകളിലേക്ക് മരം പൊട്ടി വീണപ്പോൾ.
കാസർകോട് ടൗൺ പൊലീസ് സ്റ്റേഷന്റെ ചുറ്റുമതിലിനു മുകളിലേക്ക് മരം പൊട്ടി വീണപ്പോൾ.

തൃക്കരിപ്പൂർ മേഖലയിൽ വൻനാശം
∙ കനത്ത കാറ്റിലും മഴയിലും തൃക്കരിപ്പൂർ പഞ്ചായത്തിന്റെ പടിഞ്ഞാറൻ മേഖലയിൽ നാശം. ഒന്ന്, 2 വാർഡുകളിലാണ് പ്രധാനമായും നാശം നേരിട്ടത്. തീരത്തോടു ചേർന്ന പ്രദേശങ്ങളാണിത്. പല കുടുംബങ്ങളെയും ബന്ധു വീടുകളിലേക്ക് അടക്കം മാറ്റിപ്പാർപ്പിച്ചു. ആയിറ്റിയിലെ തേളപ്രത്ത് സലാഹുദ്ദീൻ, മണിയനൊടിയിലെ ഇ.സുഭാഷിണി, കെ.ശ്രീജ, സി.കൗസല്യ, കെ.പ്രകാശൻ, എൻ.സുഹറാബി, പേക്കടത്തെ ശാരദ എന്നിവരുടെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ഇ.സുഭാഷിണി, സി.കൗസല്യ എന്നിവരുടെ വീടുകള്‍ തകർന്നു. വീട് നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് എത്രയും വേഗം വീട് നൽകുന്നതിനു നടപടി വേണമെന്നു പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ ഷംസുദ്ദീൻ ആയിറ്റി ആവശ്യപ്പെട്ടു.

പടന്ന പഞ്ചായത്തിലെ കൂവക്കൈയിലെ യശോദ, നാരായണി, ജാനകി, ജയശ്രീ എന്നിവരുടെ കുടുംബങ്ങളെ പഞ്ചായത്ത് പ്രസിഡന്റ് പി.വി. മുഹമ്മദ് അസ്‌ലമിന്റെ  നേതൃത്വത്തിൽ തൊട്ടടുത്തെ മറ്റൊരു വീട്ടിലേക്കു മാറ്റിപ്പാർപ്പിച്ചു. ഓരിയിലെ ടി.വി. മധുവിന്റെ വീടിന്റെ അടുക്കളഭാഗം തകർന്നു. കൈപാട്ടിലെ ബി.എസ്.സുഹറയുടെ വീടിനു മുകളിൽ തെങ്ങ് വീണ് മേൽക്കൂര തകർന്നു. പി.കെ.സി.നാസർ ഹാജി, പി.വി.ഖൈറുന്നിസ എന്നിവരുടെ വീട്ടുമതിൽ തകർന്നു.  ഒട്ടേറെ തെങ്ങുകളും മരങ്ങളും കടപുഴകിയിട്ടുണ്ട്. വൈദ്യുതത്തൂണുകൾ തകർന്ന് വൈദ്യുത വിതരണം തടസ്സപ്പെട്ടു. കെഎസ്ഇബിക്ക് ഭീമമായ നഷ്ടമുണ്ട്. റോഡുകൾ പലയിടത്തും വാഹനഗതാഗതത്തെ തടയും വിധം വൻ വെള്ളക്കെട്ടിലാണ്.

മീലിയാട്ട്–ചൊവ്വറമ്പ് രാജീവ് ഗാന്ധി ഫാർമസി കോളജ് റോ‍ഡിൽ കാൽനടയാത്ര പോലും സാധ്യമല്ലാത്ത വിധം വെള്ളക്കെട്ടാണ്. ഈ റോഡിൽ വാഹനങ്ങൾ ഓടുന്നില്ല. കോളജിന്റെ ചുറ്റുമതിൽ വടക്ക്–പടിഞ്ഞാറ് ഭാഗങ്ങളിൽ പാടെ തകർന്നു. കുട്ടനാടി പാടശേഖരം വെള്ളത്തിൽ മുങ്ങി. വെള്ളക്കെട്ടൊഴിഞ്ഞില്ലെങ്കിൽ കൂടുതൽ കുടുംബങ്ങൾ കുടിയൊഴിയേണ്ടി വരും. ഗ്രാമീണ റോഡുകളിൽ പലതിലും ഓവുചാൽ പണിയാത്തതാണ് റോഡുകളിലും വീടുകളിലും വെള്ളക്കെട്ടിനു പ്രധാന കാരണം. തൃക്കരിപ്പൂർ–ചന്തേര റോഡിൽ മാണിയാട്ട് ഭാഗത്തെ വെള്ളക്കെട്ട് ജനങ്ങളിൽ വൻ പ്രതിഷേധമുയർത്തി. 

തൃക്കരിപ്പൂരിലെ കിഴക്കൻ മേഖലയിൽ 100 ഏക്കറോളം നെൽക്കൃഷി വെള്ളത്തിലായി.  കണ്ണൂർ–കാസർകോട് ജില്ലകൾക്ക് അതിരിടുന്ന കുണിയൻ പുഴയോടു ചേർന്നു കിടക്കുന്ന ഈയക്കാട്, വൈക്കത്ത്, കൊയങ്കര, എടാട്ടുമ്മൽ, കിഴക്കെക്കര തുടങ്ങിയ പ്രദേശങ്ങൾ ഉൾപ്പെടുന്ന വിപുലമായ പാടശേഖരങ്ങളാണിത്. പരിസരത്തെ റോഡ് ഉൾപ്പടെ വെള്ളത്തിനടിയിലായി. മഴയ്ക്ക് ശമനം വന്നാലും പാടശേഖരങ്ങളിൽ നിന്നു വെള്ളക്കെട്ട് നീങ്ങാൻ ആഴ്ചകളെടുക്കും. പാടവും തോടും തിരിച്ചറിയാൻ തന്നെ പറ്റാത്ത സ്ഥിതിയാണ്. വെള്ളക്കെട്ട് നീങ്ങുമ്പോഴേക്കും നെൽച്ചെടികൾ ചീഞ്ഞു നശിക്കുമെന്നു കർഷകൻ വി.രാമചന്ദ്രൻ വിശദീകരിച്ചു.

കർഷകർക്ക് അടിയന്തര ധനസഹായം എത്തിക്കണമെന്നു ഈയക്കാട് പാടശേഖര സമിതി സെക്രട്ടറി വി.വി.സുരേശൻ ആവശ്യപ്പെട്ടു. തെക്കെക്കാട്, കാന്തിലോട്ട്, ഓരി, ഗണേഷ് മുക്ക്, വടക്കെപുറം, കാവുന്തല, കൈപാട്, മാട്ടുമ്മൽ, ബദർ നഗർ, പരുത്തിച്ചാൽ, പയ്യളം, മാച്ചിക്കാട്, കൊക്കാകടവ് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വലിയതോതിൽ വെള്ളക്കെട്ടുണ്ട്.മുതിര കൊവ്വലിൽ പത്തോളം കുടുംബങ്ങൾ ദുരിതത്തിലാണ്. ചൊക്കിക്കണ്ടത്ത് വെള്ളക്കെട്ടിന് കാരണമായ മണ്ണിട്ട സ്ഥലം പൊളിച്ച് മാറ്റാൻ നടപടി സ്വീകരിച്ചു. ഉദിനൂർ സെൻട്രലിലെ ടി.കെ.ഗിരിജയുടെ വീട്ടിനകത്തെ വെള്ളം നാട്ടുകാരുടെ സഹകരണത്തോടെ പമ്പു സെറ്റ് ഉപയോഗിച്ച് നീക്കി.

തീരദേശത്തെ വീടിന് മുൻപിലുള്ള വെള്ളക്കെട്ട്.
തീരദേശത്തെ വീടിന് മുൻപിലുള്ള വെള്ളക്കെട്ട്.

കരകവിഞ്ഞ് തേജസ്വിനിപ്പുഴ
∙ തേജസ്വിനിപ്പുഴ കര കവിഞ്ഞതിനെ തുടർന്ന് പൊടോതുരുത്തിയിലും ചാത്തമത്തും 14 കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപാർപ്പിച്ചു. ചാത്തമത്ത് ആലയിൽ ഭഗവതി ക്ഷേത്ര ഓഡിറ്റോറിയത്തിൽ ദുരിത ആശ്വാസ ക്യാംപ് പ്രവർത്തിക്കുന്നുണ്ട്. തേജസ്വിനിയുടെ തീരപ്രദേശമായ ചാത്തമത്ത്, പൊടോതുരുത്തി ഭാഗങ്ങളിലായി അൻപതോളം കുടുംബങ്ങൾ വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിൽ താമസിക്കുന്നുണ്ട്. പൊടോതുരുത്തി കായക്കീൽ ഭഗവതീ ക്ഷേത്രത്തിൽ വെള്ളം കയറി. പ്രദേശത്ത് വൻ കൃഷിനാശമുണ്ട്. ദേശീയപാത വികസന പദ്ധതിയുടെ ഭാഗമായി കാര്യങ്കോട് പുതിയ പാലം പണിയുന്നതിന് വേണ്ടി പുഴയിൽ മണ്ണിട്ട് ബണ്ട് ഉയർത്തിയതാണ് ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിന് കാരണമായതെന്ന് പറയുന്നു. താൽക്കാലികമായി പണിത ബണ്ട് പൂർണമായും പൊളിച്ച് മാറ്റിയിട്ടില്ല.

തീരദേശ മേഖലയിൽ വെള്ളക്കെട്ട് രൂക്ഷം
∙ മഴ ശക്തമായതോടെ കാഞ്ഞങ്ങാട് നഗരസഭയുടെ തീരദേശ മേഖലയിൽ വെള്ളക്കെട്ട് രൂക്ഷമായി. പല കുടുംബങ്ങൾക്കും വെള്ളക്കെട്ട് കാരണം വീടിന് പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയാണ്. പടന്നക്കാട് മുതൽ അജാനൂർ വരെയുള്ള ഭാഗത്തെ മിക്കയിടങ്ങളിലും വെള്ളക്കെട്ടുണ്ട്. ബല്ലാ കടപ്പുറം, മീനാപ്പീസ്, വടകരമുക്ക്, ആവിക്കര, കുശാൽ നഗർ ഭാഗങ്ങളിലാണ് വെള്ളക്കെട്ട് രൂക്ഷം. മഴ ശക്തമായാൽ ഈ പ്രദേശങ്ങളിൽ വെള്ളക്കെട്ട് പതിവാണ്. ശാസ്ത്രീയരീതിയിൽ ഓവുചാൽ നിർമിച്ചാൽ മാത്രമേ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകൂ എന്ന് നാട്ടുകാർ പറയുന്നു. ഇതിന് നഗരസഭ മുൻകൈയെടുത്ത് പരിഹാരം കാണണമെന്ന് നഗരസഭാ കൗൺസിൽ കെ.കെ.ജാഫർ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com