ADVERTISEMENT

കാസർകോട്∙ പ്ലസ്‌ ടു ക്ലാസിൽ സ്ഥിരമായി എത്തുന്നത് 3 വിദ്യാർഥികൾ. പ്ലസ് വണ്ണിലാകട്ടെ 8 പേരും. സ്കൂളിൽ പ്രിൻസിപ്പൽ ഇല്ല, 5 അധ്യാപകരിൽ സ്ഥിര അധ്യാപകനായി ഒരാൾ മാത്രം. ബാക്കിയുള്ളവരുടേത് താൽക്കാലിക നിയമനമാണ്.ഹൈസ്കൂൾ കെട്ടിടത്തിലാണ് ഹയർസെക്കൻഡറി ക്ലാസുകളും നടക്കുന്നത്.  ജില്ലയിലെ മലയോര പഞ്ചായത്തായ വെസ്റ്റ് എളേരിയിൽ ഹയർസെക്കൻഡറിയുള്ള ഏക സർക്കാർ വിദ്യാലയമായ പെരുമ്പട്ട സി.എച്ച്.മുഹമ്മദ് കോയ സ്മാരക സ്കൂളിലെ നിലവിലെ അവസ്ഥയാണിത്. കൊമേഴ്സ് ബാച്ചിൽ ബിസിനസ് സ്റ്റഡീസ്, അക്കൗണ്ടൻസി, ഇക്കണോമിക്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ കോംപിനേഷനാണ് ഇവിടെ പഠിപ്പിക്കുന്നത്.

പ്ലസ്ടുവിൽ 5 വിദ്യാ‍ർഥികളുണ്ട്. സ്കൂളിലെത്തുന്നത് 3 പേർ മാത്രം. എൻഡോസൾഫാൻ ദുരിതബാധിതരായതിനാൽ 2 പേർ സ്കൂളിലെത്താറില്ല. 16 വിദ്യാർഥികളാണ് ഇത്തവണ പ്ലസ് വൺ പ്രവേശനം നേടിയത്. ഇതിൽ 6 പേർ സ്കൂൾ മാറ്റത്തിലൂടെ മറ്റൊരിടത്ത് ചേർന്നു. ശേഷിച്ച 10 ൽ രണ്ടുപേർ 75 കിലോമീറ്ററിലധികം ദൂരെയുള്ള മഞ്ചേശ്വരത്ത് നിന്നുള്ളവരാണ്. കുമ്പളയിൽ ഇതേ പേരുള്ള മറ്റൊരു  വിദ്യാലയത്തിൽ ചേരുന്നതിനായി ഓൺലൈനിൽ അപേക്ഷിക്കുന്നതിനിടെ സ്കൂൾ പേര്  തെറ്റായി രേഖപ്പെടുത്തിയതിനാലാണ് ഇവർ ഇവിടെ എത്തിയത്. വിടുതൽ വാങ്ങി ഇവരും അടുത്ത ദിവസം മടങ്ങുന്നതോടെ പ്ലസ്‌വണ്ണിലെ അംഗസംഖ്യ 8 വിദ്യാർഥികളിലൊതുങ്ങും.

ഹയർസെക്കൻഡറിയിൽ റെഗുലറായി പഠിക്കുന്ന ഈ 11 വിദ്യാർഥികളെ പഠിപ്പിക്കാൻ വിവിധ വിഷയങ്ങളിലായുള്ളത് 5 അധ്യാപകരാണ്.  പ്രിൻസിപ്പൽമാരെ നിയമിക്കാറുണ്ടെങ്കിലും ഒരു വർഷത്തിനുള്ളിൽ സ്ഥലം മാറ്റിവാങ്ങി പോവുകയാണ്. 2 സ്ഥിരം അധ്യാപകരിൽ ഒരാൾ പ്രിൻസിപ്പൽ ഇൻ ചാർജും മറ്റൊരാൾ  അവധിയിലുമാണ്. കഴിഞ്ഞ ജൂൺവരെ 5 സ്ഥിര അധ്യാപകരുണ്ടായിരുന്നെങ്കിലും മറ്റുള്ളവർ സ്ഥലംമാറ്റം വാങ്ങി. ഹയർസെക്കൻഡറിയിൽ സംസ്ഥാനത്ത് കുറവ് വിദ്യാർഥികൾ പഠിക്കുന്ന വിദ്യാലയങ്ങളുടെ പട്ടികയിൽ മുന്നിൽ ഈ വിദ്യാലയമാണ്. കഴിഞ്ഞ അധ്യയനവർഷം (2023–24) പ്ലസ്ടുവിന് 21 വിദ്യാർഥികളായിരുന്നു. വിജയം 52% ആയിരുന്നു. 5 മുതൽ 10 ക്ലാസ് വരെയുള്ള വിദ്യാലയത്തിൽ 2014ലാണ് ഹയർസെക്കൻഡറി കൊമേഴ്സ് ബാച്ച് അനുവദിച്ചത്.

ആദ്യവർഷങ്ങളിൽ നാൽപതിലേറെ വിദ്യാർഥികൾ പ്രവേശനം നേടിയിരുന്ന വിദ്യാലയത്തിൽ അടുത്തിടെയാണ് എണ്ണം കുറയാൻ തുടങ്ങിയത്.  ഈ സ്കൂളിന്റെ 8 മുതൽ 11 കിലോമീറ്റർ ചുറ്റളവിൽ സർക്കാർ മേഖലയിൽ  ഉൾപ്പെടെ 4 വിദ്യാലയങ്ങളുണ്ട്.  ഒന്നരക്കോടിയോളം  ചെലവിൽ ഹയർസെക്കൻഡറിക്കായി  കെട്ടിടം നിർമിക്കുന്നുണ്ട്. കുന്നിൻ ചെരിവിലുള്ള സ്കൂളിൽ എത്താൻ വാഹന സൗകര്യവും കളി സ്ഥലം ഉൾപ്പെടെയുള്ള ഭൗതിക സാഹചര്യവും ഇല്ലാത്തതും സയൻസ് ബാച്ച് ഇല്ലാത്തതുമാണ് വിദ്യാർഥികൾ കുറയാൻ കാരണമെന്ന് പിടിഎ പ്രസിഡന്റ് ടി.പി.ഷാക്കിറ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com