ADVERTISEMENT

ബോവിക്കാനം∙‌ ‌എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസത്തിനായി മുളിയാറിൽ നിർമിക്കുന്ന പുനരധിവാസ ഗ്രാമത്തിന്റെ രണ്ടാംഘട്ട നിർമാണം വൈകുന്നതിൽ പ്രതിഷേധം. നിരാലംബരായ ദുരിതബാധിതർക്കും കുടുംബത്തിനും താമസിക്കാനുള്ള കെയർഹോം ഉൾപ്പെടുന്നതാണു രണ്ടാംഘട്ടം. ഇതിന്റെ നിർമാണം എത്രയും പെട്ടെന്ന് ആരംഭിക്കുമെന്ന് ഈ വർഷം ഫെബ്രുവരി 29ന് ആദ്യഘട്ടം ഉദ്ഘാടനം ചെയ്യുമ്പോൾ മന്ത്രി ആർ.ബിന്ദു ഉറപ്പു നൽകിയിരുന്നെങ്കിലും, അവർ ഇന്നു വീണ്ടും ജില്ലയിലെത്തുമ്പോഴും ഒരു പുരോഗതിയും ഇക്കാര്യത്തിൽ ഉണ്ടായില്ല. നിർമാണത്തിനുള്ള ഫണ്ട് കണ്ടെത്താൻ സാധിക്കാത്തതാണ് ഏറെ കൊട്ടിഘോഷിച്ചു പ്രഖ്യാപിച്ച പുനരധിവാസ ഗ്രാമത്തിനു തിരിച്ചടിയാകുന്നത്.

പല സേവനങ്ങളും ബോർഡിൽ മാത്രം
നിർമാണം തുടങ്ങുന്നതിലുണ്ടായ കാലതാമസം മുതൽ ഇക്കാര്യത്തിൽ അധികൃതർ കാണിക്കുന്ന മെല്ലെപ്പോക്ക് ഇപ്പോഴും തുടരുകയാണ്. രാജ്യത്തിനു തന്നെ മാതൃകയാകുമെന്ന പ്രഖ്യാപനത്തോടെ 2020 ൽ അന്നത്തെ സാമൂഹിക ക്ഷേമവകുപ്പ് മന്ത്രി കെ.കെ.ശൈലജ തറക്കല്ലിട്ട പദ്ധതിയുടെ പണി തുടങ്ങാൻ 2 വർഷം വേണ്ടി വന്നു. ഫെബ്രുവരി 29ന് ആദ്യഘട്ട ഉദ്ഘാടനം ചെയ്തെങ്കിലും പ്രവർത്തനം തുടങ്ങിയത് ഈ മാസം മുതലാണ്. പക്ഷേ ഇപ്പോഴും ഒരു തെറപ്പി സെന്ററിലെ സേവനം മാത്രമാണ് ഇവിടെ ലഭിക്കുന്നത്. 

ഫിസിയോ തെറപ്പിസ്റ്റിന്റെ സേവനം മാത്രമാണ് കൃത്യമായി ലഭിക്കുന്നത്. സ്പീച്ച് തെറപ്പിസ്റ്റിനെ നിയമിക്കാത്തതിനാൽ ബഡ്സ് സ്കൂളുകളിലെ തെറപ്പിസ്റ്റുമാരെ ഓരോ ആഴ്ച മാറി മാറി ഇവിടേക്കു നിയോഗിക്കുകയാണ്. കഴിഞ്ഞ ഒരാഴ ്ച തെറപ്പിസ്റ്റ് ഉണ്ടായിരുന്നില്ല. ക്ലിനിക്കൽ സൈക്കോളജി, ഹെഡ്രോ തെറപ്പി എന്നിവയും പേരിനു മാത്രം. ബോർഡിൽ മാത്രമല്ല സേവനത്തിന്റെ കാര്യത്തിലും പുനരധിവാസം ഉറപ്പാക്കാൻ സർക്കാർ തയാറാകണമെന്നാണു ദുരിതബാധിതർ ആവശ്യപ്പെടുന്നത്.

യോഗം ഇന്ന്
പുനരധിവാസ ഗ്രാമത്തിന്റെ പ്രവർത്തനം ചർച്ച ചെയ്യുന്നതിനായി മന്ത്രി ആർ.ബിന്ദുവിന്റെ അധ്യക്ഷതയിൽ ഇന്നു 11.30 നു കലക്ടറേറ്റിൽ യോഗം ചേരും. ഇതിന്റെ നടത്തിപ്പ്, ജീവനക്കാരുടെ നിയമനം തുടങ്ങിയവ ചർച്ചയാകും. കലക്ടർ ചെയർമാനും ജില്ലാ സാമൂഹിക നീതി ഓഫിസർ കൺവീനറുമായ സമിതിക്കാണ് ഇതിന്റെ മേൽനോട്ട ചുമതല.

ചെലവ് 58 കോടി; സർക്കാർ തന്നത് 4.5 കോടി
കാസർകോട് വികസന പാക്കേജിൽ നിന്ന് അനുവദിച്ച നാലര കോടിയോളം രൂപ ചെലവഴിച്ചാണ് ആദ്യഘട്ടത്തിൽ ക്ലിനിക്കൽ സൈക്കോളജി, ഹൈഡ്രോളജി ബ്ലോക്കുകളുടെ നിർമാണം പൂർത്തിയാക്കിയത്.  ഉദ്ദേശിച്ച രീതിയിൽ ഇതിന്റെ നിർമാണം പൂർത്തിയാക്കാൻ 50 കോടിയിലേറെ രൂപ ഇനിയും കണ്ടെത്തേണ്ടതുണ്ട്. 2019ൽ പദ്ധതിക്കു രൂപം നൽകുമ്പോൾ 58 കോടി രൂപയാണ് ചെലവ് പ്രതീക്ഷിച്ചത്. ഇതിൽ ആകെ ചെലവഴിച്ചതു നാലര കോടി രൂപയും. ബാക്കി തുക സർക്കാർ അനുവദിക്കാത്തതാണു എൻഡോസൾഫാൻ ദുരിതബാധിതരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും പ്രതീക്ഷയായ പുനരധിവാസ ഗ്രാമത്തെ പിറകോട്ടടിപ്പിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com