ADVERTISEMENT

കാഞ്ഞങ്ങാട്∙ ഇരുട്ടിന്റെ മറവിൽ വീശിയെത്തിയ കാറ്റ് ജില്ലയിൽ വ്യാപകനാശം വിതച്ചു. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെ ആഞ്ഞടിച്ച കാറ്റിൽ ചെറുവത്തൂർ, കയ്യൂർ ചീമേനി, തൃക്കരിപ്പൂർ, രാജപുരം മേഖലകളിൽ വ്യാപക നാശം. വൈദ്യുത പോസ്റ്റുകൾ തകർന്ന് വൈദ്യുതി വിതരണം നിലച്ചു. വീശിയടിച്ച ചുഴലി മരങ്ങളെയും തെങ്ങുകളെയും പിഴുതെറിയുഞ്ഞു. ജനങ്ങളെയാകെ ഭീതിയിലാക്കിയതായിരുന്നു ഒരു മണിക്കൂറിലധികം നീണ്ട കാറ്റിന്റെ ഭീകര താണ്ഡവം. ചെറുവത്തൂരിൽ നിർത്തിയിട്ട ഓട്ടോറിക്ഷ മരം വീണ് പൂർണമായും തകർന്നു.

തൃക്കരിപ്പൂർ കൊയങ്കരയിൽ മരം വീണു തകർന്ന, അരിയിൽ ബാബുവിന്റെ കാർ.
തൃക്കരിപ്പൂർ കൊയങ്കരയിൽ മരം വീണു തകർന്ന, അരിയിൽ ബാബുവിന്റെ കാർ.

തൃക്കരിപ്പൂർ പഞ്ചായത്തിൽ മാത്രം 10 ലധികം വീടുകൾ തകർന്നു. തീരദേശമായ ആയിറ്റി മുതൽ കൊയങ്കര വരെ വലിയ ശബ്ദത്തോടെയാണ് കാറ്റ് ആഞ്ഞടിച്ചത്. കെഎസ്ഇബിക്ക് ലക്ഷക്കണക്കിനു രൂപയുടെ നഷ്ടമുണ്ട്. വീടുകളുടെ മേൽക്കൂരകളിൽ നിന്നു ഷീറ്റുകൾ ദൂരേക്കു പറന്നു. കൊയങ്കരയിൽ കണിച്ചു കുളങ്ങര അടൂർ ചാമുണ്ഡി ദേവസ്ഥനത്തിന്റെ മേൽക്കൂര അടുത്ത വീട്ടിലേക്കു പറന്നു. 50 ലക്ഷത്തിലധികം രൂപയുടെ നഷ്ടം തൃക്കരിപ്പൂരിൽ സംഭവിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് വി.കെ.ബാവ അറിയിച്ചു.

ജന്മക്കടപ്പുറത്ത് റോഡ്‌ തകർന്നു
ഉദുമ∙കടലാക്രമണത്തിൽ ജന്മക്കടപ്പുറത്ത് റോഡ്‌ തകർന്നു. ജന്മക്കടപ്പുറം, കൊവ്വൽ, കൊപ്പൽ എന്നിവിടങ്ങളിലാണ് കടലാക്രമണം രൂക്ഷമായത്. ജന്മ കടപ്പുറം - നൂമ്പിൽ പുഴ റോഡാണ് ശക്തമായ തിരമാലയിൽ തകർന്നത്. കഴിഞ്ഞ ദിവസമുണ്ടായ കടലാക്രമണത്തിൽ കടൽഭിത്തി തകർന്നിരുന്നു. പ്രദേശത്തെ ഒട്ടേറെ തെങ്ങുകൾ കടലിലേക്ക് കടപുഴകിയിട്ടുണ്ട്.

തൃക്കരിപ്പൂർ കൊയങ്കര കണിച്ചുകുളങ്ങര അടൂർ ചാമുണ്ഡി ദേവസ്ഥാന പരിസരത്ത് തകർന്നുവീണ മേൽക്കൂരയുടെ ഷീറ്റ്.
തൃക്കരിപ്പൂർ കൊയങ്കര കണിച്ചുകുളങ്ങര അടൂർ ചാമുണ്ഡി ദേവസ്ഥാന പരിസരത്ത് തകർന്നുവീണ മേൽക്കൂരയുടെ ഷീറ്റ്.

കാറ്റിലും മഴയിലും മേൽക്കൂര തകർന്നു
പെരിയ ∙ അർധരാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടിന്റെ മേൽക്കൂര തകർന്നു. വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന കുടുംബാംഗങ്ങൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. കാഞ്ഞിരടുക്കത്തെ പനച്ചേംപള്ളി ജോസഫിന്റെ വീടാണു തകർന്നത്. ഭാര്യ സുനി, മകൾ നീന ഇവരുടെ മകൾ സില്ല (7) എന്നിവരാണു വീട്ടിലുണ്ടായിരുന്നത്. സുനിയും സില്ലയും കിടന്നിരുന്ന മുറിയുടെ ഒരു ഭാഗത്തേക്കാണ് ആസ്ബസ്റ്റോസ് മേൽക്കൂര തകർന്നു വീണത്.  കുടുംബം അയൽവാസി പൊട്ടക്കുളം മോന്റെ വീട്ടിലേക്കു മാറി. നാട്ടുകാരുടെ സഹായത്തോടെ വീടിന്റെ അറ്റകുറ്റപ്പണി ആരംഭിച്ചു. പഞ്ചായത്ത്, വില്ലേജ് അധികൃതർ ഇന്നലെ സ്ഥലത്തെത്തി.

മലയോരത്തും നാശം
രാജപുരം ∙ മലയോരത്ത് ഇന്നലെയും കനത്തമഴയിലും കാറ്റിലും വ്യാപക നാശനഷ്ടമുണ്ടായി. 
∙ കള്ളാർ പ‍ഞ്ചായത്തിലെ കുടുംബൂർ, പെരുമ്പള്ളി പ്രദേശത്ത് റബർ മരം വീണ് 6 വൈദ്യുതത്തൂണുകൾ തകർന്നു. 
∙ കുടുംബൂരിലെ ഹമീദ്, അക്ബർ, ലത്തീഫ്, മുഹമ്മദ് കുഞ്ഞി, പെരുമ്പള്ളി മത്തായി, എം.മാധവന്‍ നായർ പെരുമ്പള്ളി, എം.രതീഷ് കോളിക്കടവ് എന്നിവരുടെ പറമ്പിലെ റബർ മരങ്ങൾ, കാർഷിക വിളകൾ എന്നിവ നശിച്ചു. 
∙ മാവുങ്കാലിലെ മത്തായിയുടെ വീടിന് മുകളിൽ മരം വീണു. 
∙ കെഎസ്ഇബി രാജപുരം സെക്‌ഷൻ പരിധിയിലെ 15 വൈദ്യുതത്തൂണുകൾ തകർന്നു. 27 സ്ഥലങ്ങളിൽ മരം വീണു. 
38 സ്ഥലങ്ങളിൽ വൈത്യുതക്കമ്പി പൊട്ടി. മഴക്കാലം ആരംഭിച്ചശേഷം രാജപുരം ബളാംതോട് സെക്‌ഷനുകളിലായി 259 വൈദ്യുത തൂണുകളാണ് തകർന്നത്.  റോഡിനോട് ചേർന്നുള്ള തേക്ക് മരം വീണാണ് വൈദ്യുതത്തൂണുകൾ ഏറെയും തകർന്നതെന്നു കെഎസ്ഇബി അധികൃതര്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com