ADVERTISEMENT

കാസർകോട് ∙ മാലിന്യരഹിത നഗരം എന്ന ലക്ഷ്യം നേടാൻ ജില്ലാ ആസ്ഥാന നഗരത്തിനു കഴിയുമോ?  ഇതിന് കൂടുതൽ വ്യവസ്ഥാപിതമായ ശ്രമങ്ങൾ അനിവാര്യമാണെന്ന് കാസർകോട് നഗരസഭ പരിധിയിലെ 38 വാർഡുകളിലും കഴിഞ്ഞ 5 വർഷമായി ഹരിതകർമസേന ശേഖരിക്കുന്ന അജൈവ മാലിന്യങ്ങളുടെ കണക്ക് പരിശോധിച്ചാൽ വ്യക്തം.

നഗരസഭ പരിധിയിൽ കഴിഞ്ഞ ജൂണിൽ മാത്രം ഹരിതകർമ സേന 9057 വീടുകളും 2868 സ്ഥാപനങ്ങളും സന്ദർശിച്ച് സംഭരിച്ചത് 33538 കിലോഗ്രാം അജൈവ മാലിന്യം. കാസർകോട് പോലെ ചെറിയൊരു നഗരത്തിലാണ് ഇത്രയും മാലിന്യം. ഇതിന്റെ എത്രയോ ഇരട്ടിയാവും ശേഖരിക്കാതെ ജലാശയങ്ങളിലും പറമ്പുകളിലും വഴിയോരങ്ങളിലും തള്ളുന്നത്. യൂസേഴ്സ് ഫീ ഇനത്തിൽ വീടുകളിൽ നിന്ന് 2.71 ലക്ഷം രൂപയും സ്ഥാപനങ്ങളിൽ നിന്ന് 3.63 ലക്ഷം രൂപയും അടക്കം 6.35 ലക്ഷം രൂപയാണ് ഹരിതകർമസേനയ്ക്കു ലഭിച്ചത്.

പ്ലാസ്റ്റിക് മാലിന്യം കുറയുന്നില്ല
പ്ലാസ്റ്റിക് ക്യാരി ബാഗ് ഉൾപ്പെടെയുള്ളവയുടെ ഉപയോഗം കുറയ്ക്കാൻ നിർദേശങ്ങളും നടപടികളും പുരോഗമിക്കുമ്പോഴും നഗരത്തിൽ എവിടെയും ഇത് കുറച്ചു കൊണ്ടുവരാനായിട്ടില്ല. സർക്കാർ സ്ഥാപനങ്ങൾ പോലും പ്ലാസ്റ്റിക് ക്യാരി ബാഗ് ഉപയോഗിക്കുന്നതാണ് സ്ഥിതി.  പിന്നെങ്ങനെ വീടുകളിലും കടകളിലും ഇത് കുറയും എന്നതാണ് ചോദ്യം. വീടുകളിൽ നിന്ന് കടകളിലേക്ക് സഞ്ചി കൊണ്ടു പോയാലും സിവിൽ സപ്ലൈസ് വകുപ്പ് സ്ഥാപനങ്ങളിൽ നിന്നുൾപ്പെടെ പ്ലാസ്റ്റിക് പാക്കറ്റുകളിലാക്കിയാണ് സാധനങ്ങൾ ലഭിക്കുന്നത്. ഇതോടെ വീടുകളിൽ എത്തുന്ന പ്ലാസ്റ്റിക് കൂടുന്നു. 

പുറത്തേക്ക് എറിയുന്ന മാലിന്യം
38 വാർഡുകളിലും ഹരിതകർമ സേനയുടെ നേതൃത്വത്തിൽ വനിതകളാണ് മാലിന്യ ശേഖരണം നടത്തുന്നത്. വീടുകൾ, കടകൾ, ഓഫിസുകൾ തുടങ്ങിയവയിൽ നിന്ന് മുഴുവൻ അജൈവ മാലിന്യങ്ങളും എടുത്താലും നഗരവീഥികളിലും ഊടുവഴികളിലും പലരും തള്ളുന്ന ജൈവ,അജൈവ മാലിന്യങ്ങൾ നഗരസഭയ്ക്ക് മാലിന്യ രഹിത നഗരം എന്ന ലക്ഷ്യത്തിലെത്താനുള്ള വഴി മുടക്കുന്നു. പല കെട്ടിടങ്ങളിൽ നിന്നും പുറത്തേക്ക് തള്ളുന്ന മാലിന്യങ്ങൾ നഗരത്തിന് ശാപമായി മാറുന്നു.

മെച്ചം വാർഡുകൾ 12 
38 വാർഡുകളുള്ള നഗരസഭയിൽ 100 ശതമാനം ശുചിത്വം എന്ന ലക്ഷ്യം നേടാൻ ഒരു വാർഡിനും ഇതുവരെ സാധിച്ചിട്ടില്ല. എന്നാൽ 80 ശതമാനം വരെ മാലിന്യ നീക്കം വിജയിച്ച 12 വാർഡുകളുണ്ട്. ഈ വാർഡുകളിൽ നഗരസഭ കൗൺസിലർമാർ നേരിട്ട് തന്നെ ഇടപെട്ട് ഹരിതകർമസേനയെ സഹായിക്കുന്നതാണ് ഈ നേട്ടത്തിനുള്ള കാരണങ്ങളിലൊന്ന്.

മൂക്കുപൊത്തി നടക്കേണ്ട ഇടങ്ങൾ
കാസർകോട് പുതിയ ബസ് സ്റ്റാൻഡ്, നഗരസഭ മീൻ മാർക്കറ്റ്, നഗരത്തിലെ പ്രധാന റോഡും ഇട റോഡ് പരിസരങ്ങളും എന്നിവിടങ്ങളിലൂടെ മൂക്കു പൊത്താതെ മുന്നോട്ട് പോകാൻ കഴിയാത്ത സ്ഥിതിയാണ്. മാലിന്യ നിർമാർജനത്തിന് റസിഡന്റ്സ് അസോസിയേഷനുകൾ നടത്തുന്ന ഇടപെടലുകളിൽ വീടുകളിലെ ശുചിത്വ പരിപാലനം ഒരു പരിധി വരെ നടക്കുന്നുണ്ട്. അതിനാൽ നഗര പരിസരത്തെ വീടുകളിലെ മാലിന്യം വലിയ തോതിൽ ഇപ്പോൾ വഴിയോരങ്ങളിലേക്കെത്തുന്നില്ല. 

ലോറി കേടായി; മാലിന്യം കെട്ടിക്കിടക്കുന്നു
നഗരസഭ ശുചീകരണ വിഭാഗം തൊഴിലാളികൾ നഗരത്തിലെ പ്രധാന റോഡുകളിൽ നിന്ന് സംഭരിച്ച് ചാക്കിലാക്കി നഗരസഭ ഓഫിസ് പരിസരത്തും മറ്റു പല ഇടങ്ങളിലുമായി കെട്ടിവച്ച പലവക മാലിന്യം നീക്കം ചെയ്യാതെ 6 മാസം പിന്നിട്ടു. നഗരസഭയുടെ ലോറിയിൽ ആണ് ഇത് നീക്കം ചെയ്തിരുന്നത്. ലോറിയുടെ ബാറ്ററി കേടായതാണ് ഈ മാലിന്യം കെട്ടിക്കിടക്കാനിടയാക്കിയത്.

English Summary:

A month; 33,538 kg of inorganic waste was stored in Kasargod

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com