ADVERTISEMENT

കാസർകോട് ∙ ജില്ലയിലെ പാർട്ടിയുമായും നേതാക്കളുമായും പ്രവർത്തകരുമായി ഏറെ ഹൃദയബന്ധം പുലർത്തിയ നേതാവിനെയാണ് സീതാറാം യച്ചൂരിയുടെ വിയോഗത്തോടെ നഷ്ടമായത്. തിരഞ്ഞെടുപ്പ്, പാർട്ടി പൊതുയോഗങ്ങൾ, സെമിനാർ ഉൾപ്പെടെ ജില്ലയിലെ പല പരിപാടികളിലും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പങ്കെടുക്കുമ്പോൾ നേതാവിന്റെ പ്രസംഗം കേൾക്കാൻ വൻ ജനങ്ങളായിരുന്നു എത്തിയിരുന്നത്.കഴിഞ്ഞ ഡിസംബർ 28നു ചെർക്കളയിൽ നടന്ന പലസ്തീൻ ഐക്യദാർഢ്യം സമ്മേളനത്തിൽ പങ്കെടുക്കാനാണ് ജില്ലയിൽ അവസാനമായി ജനറൽ സെക്രട്ടറി എത്തിയിരുന്നത്. പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജില്ലയിലെത്തിയിരുന്നില്ല.ജനറൽ സെക്രട്ടറി ആയതിന്‌ മുൻപും ശേഷവും ഒട്ടേറെ തവണ ജില്ലയിലെ പരിപാടിക്ക് സീതാറാം യച്ചൂരി എത്തിയിരുന്നുവെന്നു സിപിഎം ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ പറഞ്ഞു.

പരിപാടിക്കായി ക്ഷണിച്ചാൽ, എല്ലാ തിരക്കുകളും മാറ്റിവച്ച്‌ ജില്ലയിലെത്താൻ നേതാവിനു പ്രത്യേകം താൽപര്യം കാട്ടിയതായി നേതാക്കൾ ഓർക്കുന്നു.സീതാറാം യച്ചൂരിയു‌ടെ നിര്യാണം അതീവ ദുഃഖകരമാണെന്ന് എൽഡിഎഫ് ജില്ലാ കൺവീനർ കെ.പി.സതീഷ് ചന്ദ്രൻ. എൺപതുകളുടെ തുടക്കത്തിൽ എസ്എഫ്ഐയുടെ ദേശീയ ജോയിന്റ് സെക്രട്ടറിയായും പിന്നീട് ദേശീയ പ്രസിഡന്റായും പ്രവർത്തിക്കുന്ന കാലത്ത് തന്നെ അദ്ദേഹവുമായി പരിചയപ്പെടാനും പിന്നീട് പാർട്ടി ഉന്നത പദവികളിൽ എത്തിയപ്പോഴും ആ സൗഹൃദം അനുഭവിക്കുവാനും കഴിഞ്ഞതിന്റെ ഓർമകൾ ഇന്നും മനസ്സിലുണ്ടെന്നു കെ.പി.സതീഷ്ചന്ദ്രൻ അനുസ്മരിച്ചുരാജ്യത്തെ തലയെടുപ്പുള്ള ജനനേതാവായി പ്രവർത്തിക്കുമ്പോഴും ലാളിത്യവും സൗമ്യമായ പെരുമാറ്റവും അദ്ദേഹം ജീവിത മുദ്രയാക്കി. ജില്ലയുമായി അദ്ദേഹം അടുത്ത ബന്ധം പുലർത്തിയിരുന്നു.

അനുസ്‌മരണ യോഗം നാളെ
കാസർകോട്‌ ∙ അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെ അനുസ്മരിക്കാൻ നാളെ  ലോക്കൽ കേന്ദ്രങ്ങളിൽ അനുസ്മരണ യോഗങ്ങൾ ചേരും.വൈകിട്ട്‌ നാലിന്‌ നടക്കുന്ന അനുശോചന യോഗത്തിൽ എല്ലാ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്ന്‌ ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ അഭ്യർഥിച്ചു.

യച്ചൂരിയുടെ വിയോഗം തീരാനഷ്ടം: എംപി
കാസർകോട് ∙ സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയുടെ വിയോഗം മതനിരപേക്ഷ ജനാധിപത്യ വിശ്വാസികൾക്ക് തീരാ നഷ്ടമാണെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി അനുശോചന കുറിപ്പിൽ അറിയിച്ചു.രാജ്യത്തിന്റെ മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങൾ മുറുകെപ്പിടിച്ച് പോരാടിയ ദേശസ്നേഹിയായ നേതാവിനെയാണ് നഷ്ടമായിരിക്കുന്നത്.രാജ്യത്തെ വീണ്ടെടുക്കാൻ രാഹുൽ ഗാന്ധിക്കൊപ്പം നടത്തിയ പോരാട്ടം എന്നും സ്മരിക്കപ്പെടുന്നും ഉണ്ണിത്താൻ പറഞ്ഞു. 

English Summary:

Sitaram Yechury, a prominent figure in the Communist Party of India (Marxist), is fondly remembered in [District Name], Kerala, for his strong connection with the party and its members. His visits, marked by large gatherings eager to hear his speeches, left a lasting impact. Yechury's dedication to the district and his active participation in various programs, including his final visit for the Palestine Solidarity Conference, are testaments to his commitment.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com