ADVERTISEMENT

ബേക്കൽ ∙ കാസർകോട് ചന്ദ്രഗിരിപ്പാലം– ബേക്കൽ സംസ്ഥാനപാതയിൽ പാതാളക്കുഴി താണ്ടിക്കടക്കാൻ വലിയൊരു അഭ്യാസം തന്നെ വേണം. കുഴി വെട്ടിച്ചു കടക്കാൻ ആവശ്യമായ മിടുക്ക് കാണിച്ചില്ലെങ്കിൽ അപകടം ഉറപ്പ്. കുഴിയിൽ വീഴുമ്പോൾ ടയർ ഉൾപ്പെടെ വാഹനത്തിന്റെ സാമഗ്രികൾക്ക് കനത്ത നഷ്ടവും ഉണ്ടാകുന്നുണ്ട്. കാസർകോട് – കളനാട്, ഉദുമ– ബേക്കൽ പാതയിൽ പല ഇടങ്ങളിലും കുഴിയില്ലാത്ത സ്ഥലം കുറവ്. ഈ പാതയിലെ കുഴികൾ താണ്ടി ബേക്കലിലേക്കു കടക്കുമ്പോൾ ബേക്കൽ പാലത്തിൽ മധ്യഭാഗത്ത് തന്നെയാണ് വലിയ കുഴി. 3 ദിവസം മുൻപ് ഒരു സ്കൂട്ടർ യാത്രികനു കുഴിയിൽ വീണു പരുക്കേറ്റിരുന്നു. 

  രാത്രി വാഹനങ്ങൾക്ക് ഇത് വലിയ അത്യാഹിതം ഉണ്ടാക്കുമെന്ന ആശങ്കയിലാണ് നാട്ടുകാർ. തദ്ദേശവാസികൾ മണ്ണിട്ടു കുഴി നികത്തിയെങ്കിലും പഴയ പോലെ തന്നെയായി. വലിയ ഭാരമുള്ള വാഹനങ്ങളുടെ പോക്കു വരവ് താങ്ങാൻ കഴിയാതെ കുഴി വലുതാകുകയും റോഡ് അനുദിനം തകരുകയും ചെയ്യുന്നത് പതിവായി.  പാലത്തിൽ വലുതായി വരുന്ന കുഴി ശരിയായി ഉറപ്പിച്ചില്ലെങ്കിൽ കുഴിയിൽ തട്ടി വാഹനവും യാത്രക്കാരും പുഴയിലേക്ക് വീഴാനുള്ള സാധ്യത തള്ളാൻ കഴിയില്ലെന്ന് നാട്ടുകാർ പറയുന്നു.

റോഡിലെയും പാലത്തിലെയും അപകടസാധ്യത അപ്പപ്പോൾ പരിഹരിച്ച് ജീവൻ രക്ഷിക്കാൻ അധികൃതർ പ്രത്യേക മുൻകരുതൽ നടപടിയെടുക്കണം. വാഹനങ്ങൾക്കു റോഡ് നികുതി അടയ്ക്കുന്നത് ജീവനും വാഹനത്തിനും കേടുപാടു കൂടാതെ പോകുന്നതിനുള്ള സൗകര്യം കൂടി ഒരുക്കാനാണ്. ബേക്കൽ പാലത്തിൽ കഴിഞ്ഞ വർഷം കുഴിയിൽ വീണ ഒരു ഓട്ടോറിക്ഷയ്ക്കു മറ്റൊരു ഓട്ടോറിക്ഷയിടിച്ചു പിറകിലെ ടയർ ഊരിത്തെറിച്ചു. ഇപ്പോഴത്തെ കുഴി നടുക്ക് ആയതിനാൽ വലിയ വാഹനവും ഇരുചക്ര വാഹനവും ഒരു പോലെ അപകടത്തിനു ഇരയാകും.  ഡിവൈഡറിൽ ഇടിച്ച് വാഹനം പുഴയിലേക്ക് വീഴാനുള്ള സാധ്യതയുമുണ്ട്. നിലാവ് ഇല്ലാത്ത രാത്രികളിൽ  ഇവിടെ വൈദ്യുതി വെളിച്ചവും ഇല്ല.

വലിയ അപകട ഭീതിയിലാണ് ബേക്കൽ പാലത്തിലൂടെ വാഹനം ഓടിക്കുന്നത്. മുൻപിൽ നിന്നു വലിയ വാഹനം വരുമ്പോൾ കുഴി കാണില്ല. അത് എങ്ങോട്ടാണ് തിരിക്കുന്നത് എന്നറിയാതെ ചെറിയ വാഹനങ്ങൾ കുഴിയിൽ ചാടാൻ സാധ്യത ഏറെയാണ്. കുഴി ഉണ്ടെന്ന അപായ മുന്നറിയിപ്പും ഇവിടെയില്ല. ഇടവിടാതെ വാഹനങ്ങൾ കടന്നു പോകുന്ന പാതയാണ് ഇത്.

English Summary:

A dangerous pothole on Bekal Bridge in Kasaragod, Kerala, is causing accidents and raising concerns among locals.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com