ADVERTISEMENT

കാസർകോട്∙ ഉപ്പളയിലെ വീട്ടിൽനിന്നു പിടിച്ചെടുത്തത് ഒരു കോടിയോളം രൂപയുടെ ലഹരിമരുന്ന്. പ്രത്യേക അന്വേഷണ സംഘം ഇതര സംസ്ഥാന സംഘങ്ങളുടെ പങ്കും അന്വേഷിക്കും. 


പണം എവിടെനിന്ന്? 
വെള്ളിയാഴ്ചയാണ് ഉപ്പള മുളിഞ്ചെ പത്വാടി അൽ ഫലാഹ് മൻസിൽ അഷ്കർ അലി (26)ന്റെ വീട്ടിൽ നിന്ന് 3.407 കിലോഗ്രാം എംഡിഎംഎയും 642.65 ഗ്രാം കഞ്ചാവും 96.65 ഗ്രാം കൊക്കെയ്ൻ ,30 ലഹരി ഗുളികകളും പൊലീസ് പിടികൂടിയത്. 

കോടതിയിൽ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി പൊലീസ് അപേക്ഷ നൽകും. ലഹരിമരുന്ന് വാങ്ങുന്നതിനായി പ്രതിക്ക് ഇത്രയും തുക എവിടെ നിന്നു കിട്ടിയെന്ന ചോദ്യത്തിനു ഉത്തരം കണ്ടെത്താനാണ് പൊലീസ് ശ്രമിക്കുന്നത്. വൻതുകയാണ് ലഹരി മരുന്ന് വാങ്ങാനായി പ്രതി വിനിയോഗിച്ചത്. അതിനാൽ പ്രതിയുടെ ബാങ്ക് വിവരങ്ങളും ഓൺലൈൻ ഇടപാടുകളും പരിശോധിക്കും. 


നിർണായക മൊഴി; പിടികൂടിയത് വൻശേഖരം 
കഴിഞ്ഞ 30നു മേൽപറമ്പ് പൊലീസ് കൈനോത്ത് നിന്നു 49.33 ഗ്രാം എംഡിഎംഎയുമായി കർണാടക മൂഡിഗരെ സ്വദേശിയും കൊപ്പൽ ബൈത്തുസ്സലാം വീട്ടിൽ അബ്ദുൽറഹ്മാൻ (രവി–28)നെ അറസ്റ്റ് ചെയ്തിരുന്നു. ലഹരിമരുന്നിന്റെ ഉറവിടം കണ്ടെത്തുന്നതിനായി പൊലീസ് പ്രതിയെ കസ്റ്റഡിയിലെടത്ത് ചോദ്യം ചെയ്യുന്നതിനിടെ ലഭിച്ചത് ഉപ്പള പത്വാടിയിലെ അഷ്കർ അലിയിൽ നിന്നാണെന്ന വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഉപ്പളയിലെ പരിശോധന. മേൽപറമ്പ് ഇൻസ്പെക്ടർ എ.സന്തോഷ്കുമാർ, മഞ്ചേശ്വരം എസ്ഐ കെ.കെ.നിഖിൽ എന്നിവരുടെ സംഘം നടത്തിയ പരിശോധനയിലാണ് ജില്ലയിലെ ഏറ്റവും വലിയ ലഹരി വേട്ട പിടികൂടിയത്. 

കേരള– കർണാടക ഹബ് ? 
ഇരുനില വീട്ടിലെ ഒരു കിടപ്പുമുറിയിൽ അലമാരയിലും മറ്റുമായി വിവിധ കാർ ബോർഡ് പെട്ടികളിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു ലഹരി ഉൽപന്നങ്ങൾ. കേരളത്തിലെയും കർണാടകയിലെയും വിവിധയിടങ്ങളിലേക്ക് എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി മരുന്നുകൾ കടത്തിയിരുന്നത് ഇവിടെ നിന്നായിരിക്കുമെന്നാണ് പൊലീസ് സംശയിക്കുന്നത്. കേസിന്റെ അന്വേഷണത്തെ ബാധിക്കുന്നതിനാൽ കൂട്ടുപ്രതികളെക്കുറിച്ചോ, മറ്റു വിവരങ്ങൾ നിലവിൽ വെളിപ്പെടുത്താൻ സാധ്യമല്ലെന്നു ജില്ലാ പൊലീസ് മേധാവി ശിൽപ പറഞ്ഞു. എന്നാൽ പ്രതിയിൽ നിന്നു അന്വേഷണത്തിനു ആവശ്യമായ വിവരങ്ങൾ പൊലീസ് സംഘത്തിനു ലഭിച്ചിട്ടുണ്ടെന്നാണു സൂചന. ഇതേ തുടർന്നു പലരും പൊലീസിന്റെ നിരീക്ഷണത്തിലാണ്. ലഹരി ഉൽപനങ്ങൾ കണ്ടെത്തിയ വീട് ഡിവൈഎസ്പിമാരുടെ സംഘവും പരിശോധന നടത്തിയിരുന്നു. മഞ്ചേശ്വരം എസ്ഐ യു.സലീം എഎസ്ഐമാരായ കെ.എം.മധുസൂദനൻ, കെ.വി.സുമേഷ് രാജ് (മഞ്ചേശ്വരം) കെ.പ്രസാദ്,) സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പ്രതീഷ് ഗോപാൽ, കെ.ധനേഷ്, കെ.പ്രദീപൻ ,സിവിൽ പൊലീസ് ഓഫീസർമാരായ കെ.പ്രഷോബ്, വി.എസ്.വന്ദന, കെ.നിതിൻ,കെ.നിധിഷ്, ജില്ലാ പൊലീസ് മേധാവിയുടെ സ്ക്വാഡ് അംഗങ്ങളായ എം.നിജിൻ കുമാർ,രജീഷ് കാട്ടാമ്പള്ളി എന്നിവരും സംഘത്തിലുണ്ടായിരുന്നു. 

ലഹരി എത്തിയത് ബെംഗളൂരുവിൽ നിന്ന്? 
കാസർകോട്∙ എംഡിഎംഎ ഉൾപ്പെടെയുള്ള മാരകമായ വിവിധ ലഹരി ഉൽപ്പനങ്ങൾ വലിയ അളവിൽ പിടികൂടുന്നത് ജില്ലയിലെ ആദ്യത്തേതെന്നു പൊലീസ്. എംഡിഎംഎയ്ക്കു പുറമോ ക‍ഞ്ചാവ്, ലഹരിഗുളിക, കൊക്കെയ്ൻ എന്നിവയാണ് ഉപ്പള പത്വാടിയിലെ വീട്ടിൽ നിന്നായി പിടികൂടിയത്.ബെംഗളൂരുവിൽ നിന്നാണ് എംഡിഎംഎ എത്തിച്ചതെന്നു എന്നാണു പൊലീസ് സംശയിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ലഹരി ഉൽപന്നങ്ങൾ ജില്ലയിലേക്കും കേരളത്തിലേക്കുമായി എത്തിക്കുന്ന സംഘത്തിലെ കണ്ണിയാണ് അഷ്കർ അലി എന്നാണ് പൊലീസിന്റെ നിഗമനം. ജില്ലയിലെ വിവിധ ചെറുകിട സംഘങ്ങൾക്ക് ലഹരി ഉൽപനങ്ങൾ നൽകുന്നത് ഇവിടെ നിന്നാണ്. 

നിശ്ചിത അളവിൽ നൽകുന്ന ലഹരി ഉൽപന്നങ്ങൾ വിൽപന നടത്തിയാൽ കമ്മിഷനായി 5000 രൂപയാണ് ഏജന്റുമാർക്കു സംഘം നൽകുന്നത്.5000 രൂപയുടെ കമ്മിഷൻ വ്യവസ്ഥയിലാണ് അബ്ദുൽറഹ്മാൻ ഉപ്പളയിലെ അഷ്കർ അലിയിൽ നിന്നു എംഡിഎംഎ വാങ്ങി വിൽപന നടത്തുന്നതിനിടെ പിടിയിലാകുന്നത്. 5 വർഷങ്ങൾക്ക് മുമ്പ് മഞ്ചേശ്വരം ജോഡ്ക്കൽ നിന്നു കാറിൽ കടത്താൻ ശ്രമിച്ച 200 കിലോ കഞ്ചാവ് പിടികൂടിയതാണ് ജില്ലയിലെ ഇതുവരെയുള്ള വലിയ ലഹരി വേട്ട എന്നാണ് പൊലീസ് പറ‍യുന്നത്. കഴിഞ്ഞ ദിവസം ഉപ്പളയിൽ നിന്നു പിടികൂടിയ ലഹരി കടത്ത് സംഘത്തിന്റെ തലവൻ ആരാണെന്നു ചോദ്യത്തിനു ഉത്തരം നൽകാൻ ഇതുവരെ പൊലീസിനായില്ല.ആന്ധപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ നിന്നാണ് ഇതു എത്തിച്ചതെന്നാണ് പ്രതികൾ പൊലീസിനോട് പറയുന്നത്. എന്നാൽ പൊലീസ് ഇതു വിശ്വാസത്തെടുത്തിട്ടില്ല. 

ലണ്ടനിൽ നിന്ന് നാട്ടിലേക്ക്; എപ്പോഴും സന്ദർശകർ 
ഉപ്പള∙ നാട്ടുകാർക്ക് പത്വാടിയിലെ അഷ്കർ അലിയെക്കുറിച്ച് പരാതികളില്ല, എന്നാൽ ഈ വീട്ടിലേക്ക് രാപകൽ വ്യത്യാസമില്ലാതെ വാഹനങ്ങൾ വന്നു പോകുന്നത് ഇവരുടെ സുഹൃത്തുക്കളും ബന്ധുക്കളുമായിരുന്നു എന്നാണ് നാട്ടുകാർ കരുതിയത്. ലണ്ടനിലായിരുന്ന അഷ്കര് അലി അടുത്തിടെയാണ് നാട്ടിലെത്തിയത്. ഇതുവരെ മറ്റു കേസുകളിൽ ഒന്നും പ്രതിയല്ലെന്നു പൊലീസ് പറയുന്നു. പത്വാടിയിലേക്ക് വീട്ടിലേക്ക് പൊലീസ് വാഹനങ്ങൾ തുടരെ തുടരെ വരുമ്പോൾ നാട്ടുകാർക്ക് ഭയമായി. കവർച്ചയോ, കൊലപാതകമോ എന്നായിരുന്നു ആദ്യത്തെ സംശയം. വീടിനുള്ളിൽ ആരെയും പൊലീസ് കടത്തിവിട്ടില്ല. പിന്നീടാണ് ലഹരിവേട്ട എന്നാണു അറിഞ്ഞത്.   പൊലീസിന്റെ പരിശോധന വിവരം അറിഞ്ഞ് ആൾക്കൂട്ടമായി. അകത്ത് ആരെയും കടത്തിവിടാതിരിക്കാൻ ഗേറ്റ് പൂട്ടി പൊലീസ് കാവൽ ഏർപ്പെടുത്തി. ചിലർ സമീപത്തെ വീടിന്റെ രണ്ടാം നിലയിൽ കയറിയാണ് പൊലീസിന്റെ നടപടി വീക്ഷിച്ചത്. 


30 ദിവസം; 136 കേസുകൾ 
കാസർകോട് ∙ ലഹരി ഉൽപന്നങ്ങളുടെ വിൽപനയും ഉപയോഗവുമായി ബന്ധപ്പെട്ട് ഒരു മാസത്തിനുള്ളിൽ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളിൽ റജിസ്റ്റർ ചെയ്തത് 136 കേസുകൾ. പ്രതികളായ 140 പേരെ അറസ്റ്റ് ചെയ്തുവെന്നു ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ പറഞ്ഞു. ഓഗസ്റ്റ് 23 മുതൽ സെപ്റ്റംബർ 20വരെയുള്ള കണക്കുകളാണിത്. വാണിജ്യ ആവശ്യങ്ങൾക്കുള്ള (10 ഗ്രാമിനു മുകളിൽ) എംഡിഎംഎയുമായി 3 കേസുകളാണുള്ളത്. ഇതിൽ രണ്ടെണ്ണം മഞ്ചേശ്വരത്തും ഒരെണ്ണം മേൽപറമ്പിലുമാണ്. 10 ഗ്രാമിനു താഴെ എംഡിഎംഎ കൈവശം വച്ചതിനും ക‍ഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് 22, കഞ്ചാവ് നിറച്ച ബീഡി വലിച്ചതിനു 16, എംഡിഎംഎ ഉൾപ്പെടെയുള്ള ലഹരി ഉൽപന്നങ്ങൾ ഉപയോഗിച്ചതിനു 98 കേസുകളുമാണുള്ളത്. ഇതിൽ കൂടുതൽ കേസുകൾ റജിസ്റ്റർ ചെയ്തത് മഞ്ചേശ്വരത്താണ്. ആദൂർ സ്റ്റേഷനിൽ പരിധിയിൽ ക‍ഞ്ചാവ് ചെടി വച്ചു പിടിപ്പിച്ചതിനാണ് ഒരാൾക്കെതിരെ കേസെടുത്തത്.വിദ്യാനഗർ, ബേക്കൽ, കുമ്പള, ഹൊസ്ദുർഗ്, ,ചന്തേര, ആദൂർ, ബദിയടുക്ക എന്നീ സ്റ്റേഷനുകളിലാണ് കഞ്ചാവ് കേസുള്ളത്. ചന്തേര സ്റ്റേഷനിലാണ് ക‍ഞ്ചാവ് കടത്ത് കേസ് ഏറെയുള്ളതെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. 

English Summary:

A major drug bust in Uppala, Kasaragod, has uncovered a significant drug trafficking operation with links to Karnataka. Police seized drugs worth nearly Rs 1 crore, including MDMA, cannabis, and cocaine, from a house and arrested one person. The investigation points towards a larger network, prompting police to investigate the source of the drugs and potential accomplices.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com