ADVERTISEMENT

കാഞ്ഞങ്ങാട്∙ 80 ഡോക്ടർമാരുടെ ഒഴിവുകളുള്ള ജില്ലയിലെ സർക്കാർ ആശുപത്രികളിലേക്ക് 45 ഡോക്ടർമാർക്ക് നിയമനം. കഴിഞ്ഞ തവണ നിയമിച്ച 185 ഡോക്ടർമാരിൽ 7 പേർ മാത്രമാണ് ഇപ്പോഴും ജോലിയിൽ തുടരുന്നത്. 

അവധിയോ സ്ഥലംമാറ്റമോ
നിയമനം ലഭിക്കുന്ന ഡോക്ടർമാരിൽ ഭൂരിപക്ഷവും സ്ഥലം മാറി പോകുകയോ ഉന്നത വിദ്യാഭ്യാസത്തിന്റെ പേരിൽ അവധിയിൽ പോകുകയോ ചെയ്യുന്നതാണ് പതിവ്. സ്ഥലം മാറിപ്പോകുന്ന ഡോക്ടർമാർക്ക് പകരക്കാരെ നിയമിക്കാൻ ആരോഗ്യ വകുപ്പ് തയാറാകുന്നുമില്ല. ജില്ലയിലേക്ക് നിയമിച്ച 45 ഡോക്ടർമാരിൽ ആരും ഇതുവരെ ജോലിയിൽ പ്രവേശിച്ചിട്ടില്ല. ഒക്ടോബർ 4ന് മുൻപായി ജോലിയിൽ പ്രവേശിക്കണമെന്നാണ് ഉത്തരവ്. ഇതിന് ശേഷം ഇതിൽ എത്ര പേർ തുടരുമെന്ന് കണ്ടുതന്നെ അറിയണം. തെക്കൻ ജില്ലകളിൽ നിന്നു നിയമിക്കപ്പെടുന്നവർക്ക് ജില്ലയിൽ ജോലി ചെയ്യാൻ താൽപര്യമില്ലാത്തതാണ് പലരുടെയും കൊഴിഞ്ഞുപോക്കിനു കാരണം. ഇതിന് പുറമേ ജില്ലയിൽ ജോലിയിൽ പ്രവേശിച്ച് ഉടൻ തന്നെ അവധിയെടുത്ത് ഉന്നത പഠനത്തിനായി പോകുന്നവരുടെ എണ്ണവും കൂടുതലാണ്. 

ആരോഗ്യമന്ത്രിയുടെ ഉറപ്പ് പാലിക്കപ്പെടുമോ
താൽപര്യമില്ലാത്തവരെയും ഉന്നത പഠനത്തിന് പോകുന്നവരെയും ജില്ലയിലേക്ക് നിയമിക്കരുതെന്ന് ജനപ്രതിനിധികൾ അടക്കമുള്ളവർ ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. ഡോക്ടർമാർ അവധിയിലും സ്ഥലം മാറിയും പോകുന്ന പ്രവണത തടയുമെന്ന് മന്ത്രി വീണാ ജോർജ് ഉറപ്പു നൽകിയിരുന്നെങ്കിലും ഇതൊന്നും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. ജില്ലയിൽ നിലവിൽ 80 ഡോക്ടർമാരുടെ കുറവാണുള്ളത്. 

സ്പെഷ്യൽറ്റി, സിവിൽ സർജൻ, അസിസ്റ്റന്റ് സർജൻ, അത്യാഹിത മെഡിക്കൽ ഓഫിസർ, ഡെന്റൽ അസിസ്റ്റന്റ് സർജൻ എന്നിവരുടെ കുറവാണ് ജില്ലയിൽ കൂടുതലും. ജില്ലയിൽ അനുവദിക്കപ്പെട്ട ഡോക്ടർമാരുടെ തസ്തിക 323 ആണ്. ജില്ലയിൽ താൽക്കാലിക ഡോക്ടമാരുടെ നിയമത്തിനുള്ള കൂടിക്കാഴ്ചകൾക്ക് പോലും ആളുകൾ എത്താത്ത സ്ഥിതിയുണ്ട്.  എലിപ്പനി, ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ പകർച്ചവ്യാധികൾ പടർന്നു പിടിക്കുമ്പോഴും ആവശ്യത്തിന് ഡോക്ടർമാരെ കിട്ടാതെ ജില്ലയിലെ സർക്കാർ ആശുപത്രികൾ ശ്വാസം മുട്ടുകയാണ്. കുട്ടികളിൽ മുണ്ടിനീരും വ്യാപകമായി പടരുന്നുണ്ട്.

English Summary:

Kanhangad faces a critical doctor shortage as new appointments struggle to fill the gap left by departures. This article examines the reasons behind the shortage, its impact on public health, and the lack of effective solutions from the health department.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com