ADVERTISEMENT

എഴുകോൺ ∙ ഭക്ഷണം കഴിച്ചിട്ടു കടം പറഞ്ഞ കാശ് ചോദിച്ച ഹോട്ടലുടമയായ പട്ടികജാതി സ്ത്രീയെ അധിക്ഷേപിക്കുകയും ദേഹോപദ്രവം ഏൽപിക്കുകയും ഭക്ഷണത്തിൽ മണ്ണു വാരിയിടുകയും ചെയ്തെന്ന പരാതിയിൽ യുവാവ് പിടിയിൽ. ചിറ്റാകോട് പുത്തൻനട ക്ഷേത്രത്തിനു സമീപം കെ.എസ്.നിവാസിൽ അനന്തു (33) ആണ് എഴുകോൺ പൊലീസിന്റെ പിടിയിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

ഇന്നലെ രാവിലെ 8.30ന് പരുത്തുംപാറ അക്ഷര ഹോട്ടലിൽ ആയിരുന്നു സംഭവം. മാറനാട്  ചേലൂർവിള വീട്ടിൽ രാധ(67)യും മകൻ തങ്കപ്പനും ചേർന്നാണ് ഹോട്ടൽ നടത്തുന്നത്. രാവിലെ കടയിലെത്തിയ അനന്തു പൊറോട്ടയും ബീഫ് കറിയും കടമായി ആവശ്യപ്പെട്ടു.  മുൻപ് വാങ്ങിയതിന്റെ പണം തരാനുണ്ടെന്നും അതു തന്നിട്ടാകാം വീണ്ടും ഭക്ഷണം നൽകുന്നത് എന്നും രാധ പറഞ്ഞതോടെ കുപിതനായ പ്രതി രാധയുടെ കവിളിൽ കുത്തുകയും പുറത്തേക്കിറങ്ങി മണ്ണു വാരിക്കൊണ്ടു വന്നു പൊറോട്ടയിലും പാകം ചെയ്തു വച്ചിരുന്ന കറികളിലും ഇടുകയുമായിരുന്നു. 

ജാതിപ്പേരു വിളിച്ചു അധിക്ഷേപിച്ചെന്നും പരാതിയുണ്ട്. സംഭവത്തിനു ശേഷം ബൈക്കിൽ കടന്ന പ്രതിയെ പൊലീസ് പിടികൂടി. ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയാണ് ഇയാളെന്നു പൊലീസ് പറഞ്ഞു. ഡിവൈഎസ്പി ജി.ഡി.വിജയകുമാറിന്റെ നിർദേശാനുസരണം എസ്ഐമാരായ നന്ദകുമാർ, വി.വി.സുരേഷ്, സിപിഒ രാഹുൽ എന്നിവർ ചേർന്നാണു പ്രതിയെ പിടികൂടിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com