ADVERTISEMENT

ചവറ സൗത്ത്∙ പതിറ്റാണ്ടുകളായി വെള്ളക്കെട്ടിൽ നിന്നു കരകയറാതെ അമ്പതോളം കുടുംബങ്ങൾ. തെക്കുംഭാഗം ഗ്രാമപ്പഞ്ചായത്ത് മൂന്നാം വാർഡിലെ ഊളന്തടം നിവാസികളാണ് വർഷങ്ങളായി ദുരിതത്തിൽ കഴിയുന്നത്. ശക്തമായ മഴ പെയ്താൽ വീടിനു പുറത്തിറങ്ങാൻ കഴിയാത്ത വിധം വെള്ളക്കെട്ടാകും. സമീപപ്രദേശങ്ങളിൽ നിന്നു വ്യത്യസ്തമായി താഴ്ചയിലാണ് വീടുകൾ.

വെള്ളം പുറത്തേക്ക് പോകാൻ നിലവിൽ ഒരു സംവിധാനവുമില്ല. മോട്ടർ ഉപയോഗിച്ച് പമ്പ് ചെയ്താണ് മഴ സമയത്ത് വെള്ളക്കെട്ട് ഒഴിവാക്കുന്നത്. സമീപത്ത് കൂടി കടന്നുപോകുന്ന ഓട ഉയർന്ന് നിൽക്കുന്നതിനാൽ ഇവിടേക്ക് വെള്ളം ഒഴുക്കി വിടാനും കഴിയില്ല. ഓട നിരപ്പിൽ ജലം ഉയരുമ്പോൾ മാത്രമാണ് വെള്ളം ഒഴുകി പോകുന്നത്.

എന്നാൽ ഈ ഓട വേട്ടുതറ–പടപ്പനാൽ റോഡിൽ ബോട്ട് ജെട്ടി ജംക്‌ഷനിൽ കൊണ്ടുവന്ന് നിർത്തിയിരിക്കുകയാണ്. ഇവിടെ എത്തുന്ന ജലം റോഡിലൂടെ ഒഴുകി കായലിൽ എത്തുകയാണ്. എന്നാൽ അടുത്ത സമയത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലൂടെ ജലം ഒഴുകുന്നത് തടഞ്ഞതോടെ റോഡ് മുങ്ങി ഗതാഗതം തടസ്സപ്പെട്ടിരുന്നു.

ജനപ്രതിനിധികൾ ഇടപെട്ട് തൽക്കാലം ജലം ഒഴുക്കി വിടുകയായിരുന്നു. പാവുമ്പ തോട് വരെ ഓട നിർമിച്ച് പ്രശ്നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഈ ഓട നിർമിച്ചാൽ ഊളന്തടത്തിലെ വെള്ളക്കെട്ടിനു ഭാഗികമായ പരിഹാരം ആകുമെന്ന പ്രതീക്ഷയിലാണ് താമസക്കാർ. 

ഏതാനും ദിവസം മുൻപ് ഉണ്ടായ മഴയിൽ ഊളന്തടവും പരിസരവും വെള്ളത്തിനടിയിലായിരുന്നു. വീടുകളിൽ വെള്ളം കയറുകയും ചെയ്തു. ഈ ദുരിതത്തിൽ നിന്നും പ്രദേശം കരകയറി വരുന്നതേ ഉള്ളൂ. വീണ്ടും മഴ ശക്തമായാൽ ഇവരുടെ ദുരിതം ഇരട്ടിയാകും. 

 55 വർഷമായി തങ്ങൾ വെള്ളക്കെട്ട് മൂലം ദുരിതത്തിലാണ്. കിണർ വെള്ളം ഉപയോഗിക്കാനാകില്ല. ശുദ്ധജലം പലപ്പോഴും പുറത്ത് നിന്ന് എത്തിക്കുകയാണ്. വെള്ളം കെട്ടി നിന്ന് ദുർഗന്ധവും കൊതുക് ശല്യവും രൂക്ഷമാണ്. പലവിധ രോഗങ്ങൾ കൊണ്ട് ഇവിടെയുള്ളവർ ബുദ്ധിമുട്ടിലാണ്. അധികൃതർ ഉചിതമായ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഞങ്ങൾ. 

 

 

കാലങ്ങളായി ഉണ്ടാകുന്ന വെള്ളക്കെട്ടിൽ വീടിന്റെ അടിസ്ഥാനം വരെ ഇളകി. ഭർത്താവും മക്കളും ഭർത്താവിന്റെ അസുഖബാധിതയായ അമ്മയും അടങ്ങുന്നതാണ് എന്റെ കുടുംബം. ഏത് നിമിഷവും നിലം പൊത്താറാകുന്ന സ്ഥിതിയിലാണ് വീട്. ഇതേ പോലെ ഒത്തിരി കുടുംബങ്ങളാണ് സമീപത്തും താമസിക്കുന്നത്. 

നിലവിലെ ഓട പൊളിച്ചു  ആഴം കൂട്ടി പണിതാൽ മാത്രമേ പ്രദേശത്തെ വെള്ളക്കെട്ടിനു പരിഹാരം ആകൂ. കൃഷി ചെയ്യാൻ പോലും പറ്റാത്ത അവസ്ഥയാണ്. മഴ പെയ്താൽ എല്ലാം നശിക്കും. വർഷങ്ങളായി ഞങ്ങൾ അനുഭവിക്കുന്ന ദുരിതം ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ നോക്കി കണ്ട് പോകുന്നതല്ലാതെ ശാശ്വതമായ പരിഹാരം ഉണ്ടാകാറില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com