ADVERTISEMENT

കുണ്ടറ  ∙ പത്ത് വയസ്സുള്ള മകളെ ക്രൂരമായി മർദിച്ച കേസിൽ പിതാവ് അറസ്റ്റിൽ. കേരളപുരം ഏഴാംക്കുറ്റിക്കു സമീപം വാടകയ്ക്ക് താമസിക്കുന്ന കൊറ്റങ്കര മനക്കര കിഴക്കതിൽ ബി.ഷിബു (37-മിടുക്കൻ ഷിബു) വിനെയാണ് കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തു. ഷിബുവിന്റെ മൂത്ത മകൾക്കാണ് 14ന് ഉച്ചയ്ക്ക് കേരളപുരത്തെ വാടക വീട്ടിൽ വച്ച് മർദനമേറ്റത്. സുഹൃത്തുക്കളുമൊത്ത് വീട്ടിൽ മദ്യപിച്ചിരിക്കുകയായിരുന്ന ഷിബു മകളെ മർദിക്കുകയായിരുന്നു. മാതാവ് ജോലിക്ക് പോകുന്നതിന് മുൻപ് കട്ടിലിൽ കിടന്നിരുന്ന വസ്ത്രങ്ങൾ മടക്കിവയ്ക്കാൻ മകളോടു പറഞ്ഞിരുന്നു. ഷിബു മുറിയിലേക്ക് വന്നപ്പോൾ കട്ടിലിൽ വസ്ത്രങ്ങൾ കിടക്കുന്നത് കണ്ടു പ്രകോപിതനായി കുട്ടിയെ മർദിക്കുകയായിരുന്നു. മുഖത്ത് അടിച്ച ശേഷം തല പിടിച്ച് കതകിൽ ഇടിച്ചു. മുതുകത്ത് ചവിട്ടുകയും കാലിൽ പിടിച്ച് ഉയർത്തി തല തറയിൽ ഇടിക്കുകയും ചെയ്തു. കുട്ടിയുടെ തോളെല്ലിനു പൊട്ടലുണ്ട്. 

മർദിക്കുന്ന സമയത്ത് കുട്ടിയുടെ അനുജത്തിയും വീട്ടിൽ ഉണ്ടായിരുന്നു. കുട്ടി നിലവിളിച്ചപ്പോൾ പിതാവ് തന്നെ സുഹൃത്തിന്റെ ഓട്ടോറിക്ഷയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ടെറസിൽ കാൽ വഴുതി വീണെന്നാണ് കുട്ടിയുടെ അമ്മയോടു പറഞ്ഞത്. ആശുപത്രിയിൽ നിന്ന് വീട്ടിൽ എത്തിയ ശേഷം കുട്ടി അമ്മയോടു മർദന വിവരം പറയുകയായിരുന്നു. തുടർന്ന് ഇവരുടെ പരാതിയിൽ കുണ്ടറ പൊലീസ് ഷിബുവിനെ അറസ്റ്റ് ചെയ്തു. വധശ്രമം, കുട്ടികളുടെ നേർക്കുള്ള അതിക്രമം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ് എടുത്തിട്ടുള്ളത്. 2022ൽ മുത്തച്ഛനെ തള്ളിയിട്ടു കൊന്ന കേസിൽ പ്രതിയാണ് ഷിബു. ഈ കേസിലെ ദൃക്സാക്ഷിയാണ് മർദനമേറ്റ കുട്ടി. കേസുമായി ബന്ധപ്പെട്ട വിചാരണ നടപടികൾ ആരംഭിക്കാനിരിക്കുകയാണു മർദനം. മർദന വിവരം പുറത്ത് പറയരുതെന്ന് പറഞ്ഞു കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. മൊഴിമാറ്റാൻ വേണ്ടിയാണോ മർദിച്ചതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

കുട്ടികൾക്കും അമ്മയ്ക്കും  സംരക്ഷണം ഉറപ്പാക്കി ചൈൽഡ് വെൽഫെയർ കമ്മിറ്റി
കുണ്ടറയിൽ അച്ഛന്റെ ക്രൂര മർദനത്തിന് ഇരയായ കുട്ടിക്കും സഹോദരിക്കും ഇവരുടെ അമ്മയ്ക്കും കൊല്ലം ചൈൽഡ്‌ വെൽഫെയർ കമ്മിറ്റി താൽക്കാലിക സംരക്ഷണം ഉറപ്പാക്കി ഷെൽറ്റർ ഹോമിലേക്കു മാറ്റി. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ സനിൽ വെള്ളിമണിന്റെ നേതൃത്വത്തിൽ ചൈൽഡ് പ്രൊട്ടക്‌ഷൻ ഓഫിസർ ശ്രീജ, ചൈൽഡ് ഹെൽപ് ലൈൻ സൂപ്പർവൈസർ ഷഫ്ന, ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റ് കേസ് വർക്കർ അനു എന്നിവർ കുട്ടികളെ നേരിൽക്കണ്ടു വിവരങ്ങൾ മനസ്സിലാക്കി. കുട്ടികളുടെ പഠനവും സംരക്ഷണവും ഉൾപ്പെടെയുള്ള ഭാവി കാര്യങ്ങൾ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഏർപ്പെടുത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com