ADVERTISEMENT

കൊല്ലം ∙ സർവ സജ്ജമാണ് കൊല്ലം തുറമുഖം. ഇമിഗ്രേഷൻ ചെക് പോസ്റ്റ് അനുവദിച്ചു കൊണ്ടുള്ള ഗസറ്റ് വിജ്ഞാപനം കൂടി പുറത്തിറങ്ങുന്നതോടെ കൊല്ലം രാജ്യാന്തര കപ്പൽ ഗതാഗതത്തിൽ ശ്രദ്ധേയ ഇടമായി മാറും. ഇടത്തരം തുറമുഖത്തിന് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഇവിടെയുണ്ട്. ചരക്കു കപ്പലുകൾക്കും യാത്രാ കപ്പലുകൾക്കുമായി 2 വാർഫ് ഉണ്ട് . 178 മീറ്റർ ആണ് ചരക്കു കപ്പലുകൾക്കുള്ള ബർത്ത് (വാർഫ്). യാത്രാ കപ്പൽ അടുക്കുന്നതിനുള്ള വാർഫിന് 101 മീറ്റർ നീളമുണ്ട്. യാത്രാക്കപ്പൽ അടുക്കുന്ന വാർഫ് 175 മീറ്റർ ആയി വർധിപ്പിക്കാനും 9 മീറ്റർ ഡ്രാഫ്റ്റ് യാനങ്ങൾ അടുക്കാനുള്ള സൗകര്യം ഒരുക്കാനും ലക്ഷ്യമുണ്ട്. പുരാതന തുറമുഖമായിരുന്ന കൊല്ലത്ത് പ്രകൃതിദത്തമായി ലഭിച്ച ആഴമാണ് വലിയ നേട്ടം. കൊച്ചി കഴി‍ഞ്ഞാൽ ആഴമുള്ള തുറമുഖമാണ് കൊല്ലം. 7.5 മീറ്റർ വരെ ആഴമുണ്ട്. 6000 മുതൽ 7,000 വരെ ടൺ ഭാരവുമായി എത്തുന്ന കപ്പലുകൾക്ക് അടുക്കാൻ കഴിയും. 

വാർഫിനു സമീപം ഡ്രാഫ്റ്റ് 7.2 മീറ്റർ ആണ്. ചരക്കുകൾ സംഭരിക്കുന്നതിന് വാർഫിന് സമീപം 10 ഏക്കർ വിസ്തൃതിയിൽ വിശാലമായ സ്റ്റാക്കിങ് യാർ‍ഡ് ഉണ്ട്. 2 ട്രാൻസിറ്റ് ഷെഡുകളും നിർമിച്ചിട്ടുണ്ട്. ചരക്കുകൾ ഇറക്കുന്നതിനും കയറ്റുന്നതിനുമായി 40 അടി കണ്ടെയ്നർ ഹാൻഡ്‌ലിങ് ക്രെയിനിന് പുറമേ 5 ടൺ മൊബൈൽ ക്രെയിനും ഉണ്ട്. ഫോർക്ക് ലിഫ്റ്റ്, വെയ്റ്റിങ് മെഷീൻ വെസൽ, ട്രാഫിക് മോണിറ്റർ സിസ്റ്റം എന്നീ സൗകര്യങ്ങളും ലഭ്യമാണ്. എൻ.കെ പ്രേമചന്ദ്രൻ എംപി യുടെ ശ്രമഫലമായാണ് തുറമുഖത്ത് ഇമിഗ്രേഷൻ ചെക് പോസ്റ്റ് അനുവദിച്ചു കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയത്.

ഐഎസ്പിഎസ് സർട്ടിഫിക്കേഷൻ 
സുരക്ഷാ സൗകര്യമുള്ള രാജ്യാന്തര തുറമുഖത്തിന് ഇന്റർനാഷനൽ മാരിടൈം ഓർഗനൈസേഷൻ നൽകുന്ന ഇന്റർ നാഷനൽ ഷിപ്പിങ് ആൻഡ് പോർട്ട് സെക്യൂരിറ്റി കോഡ് (ഐഎസ്പിഎസ്) താൽക്കാലികമായി ലഭിച്ചിട്ടുണ്ട്. രാജ്യാന്തര കപ്പലുകൾക്ക് തുറമുഖം ഉപയോഗിക്കണമെങ്കിൽ ഐഎസ്പിഎസ് സർട്ടിഫിക്കേഷൻ അനിവാര്യമാണ്. നിരീക്ഷണത്തിനും പരിശോധനയ്ക്കും ക്യാമറകൾ, 50 മീറ്റർ ചുറ്റളവിൽ കരയിലും കടലിലും അതിക്രമിച്ചു കടക്കുന്നത് ശിക്ഷാർഹമാണെന് കാണിക്കുന്ന ബോർഡ്, ചുറ്റുവേലി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയതോടെയാണ് ഐഎസ്പിഎസ് കോ‍ഡ് ലഭിച്ചത്. ഇതിന് പിന്നാലെയാണ് ഇമിഗ്രേഷൻ ചെക് പോസ്റ്റ് അനുവദിച്ചു കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി മന്ത്രി അമിത് ഷാ ഒപ്പുവച്ചത്. സുരക്ഷയുടെ ഭാഗമായി പൊലീസിനെ നിയോഗിക്കുന്ന നടപടി അവസാന ഘട്ടത്തിലാണ്. കേന്ദ്ര തുറമുഖ വകുപ്പു ആവശ്യപ്പെട്ടതിനെ തുടർന്നു സംസ്ഥാനം പൊലീസ് ഉദ്യോഗസ്ഥരുടെ പട്ടിക നൽകുകയും എഫ്ആർആർഒ (ഫോറിനേഴ്സ് റീജനൽ റജിസ്ട്രേഷൻ ഓഫിസ്) കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com