ADVERTISEMENT

ചാത്തന്നൂർ ∙ തോരാതെ പെയ്യുന്ന മഴയും തകർന്ന റോഡും മൂലം ദേശീയപാതയിലെ യാത്ര അതികഠിനം. മഴവെള്ളം കെട്ടി നിൽക്കുന്ന കുഴികൾ അപകടക്കെണികളാണ്. ചാത്തന്നൂർ തിരുമുക്ക്, വൈദ്യുതി ഭവൻ, പോസ്റ്റ് ഓഫിസിനു സമീപം, ചാത്തന്നൂർ ജംക്‌ഷൻ, ജെഎസ്എം, ശീമാട്ടി എന്നീ ഭാഗങ്ങളിൽ ദേശീയപാതയിലെ യാത്ര ബുദ്ധിമുട്ടായി മാറി. തിരുമുക്കിലൂടെ വാഹനങ്ങൾക്കു കടന്നു പോകാൻ കഴിയാത്ത അവസ്ഥയാണ്. റോഡ് എന്നു പറയാൻ കഴിയില്ല, കുഴികളാണ് എവിടെയും. ചെറിയ വാഹനങ്ങൾ വലയുകയാണ്. മഴ വെള്ളം കെട്ടി നിൽക്കുന്നതിനാൽ കുഴികൾ തിരിച്ചറിയാൻ കഴിയുന്നില്ല.

വൈദ്യുതി ഭവനു മുന്നിൽ കൊല്ലം ഭാഗത്തേക്കുള്ള റോഡിന്റെ മധ്യഭാഗത്ത് ആഴമേറിയ കുഴിയാണ്. ബസുകൾക്കു പോലും കയറിയിറങ്ങി പോകാൻ ബുദ്ധിമുട്ടാണ്. കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾ അകപ്പെട്ടാൽ തകരാർ സംഭവിക്കും.ചാത്തന്നൂർ ജംക്‌ഷനിലും മറ്റും ഗതാഗതം തിരിച്ചു വിട്ടിരിക്കുന്ന സർവീസ് റോഡിലൂടെയാണ് മഴ വെള്ളം ഒഴുകുന്നത്. കാൽനടയാത്രക്കാർക്കു സഞ്ചരിക്കാൻ ഇടമില്ല. ഫുട്പാത്തിൽ മിക്കയിടത്തും വാഹനങ്ങളാണ്.ഇടറോഡുകൾ ദേശീയപാതയുമായി ചേരുന്ന ഭാഗവും തകർന്നു കിടക്കുകയാണ്.

ഇട റോഡിനെക്കാൾ ഉയരത്തിലാണ് മിക്ക ഭാഗങ്ങളിലും ദേശീയപാത കടന്നു പോകുന്നത്. മണ്ണിട്ടു ചരിവ് സൃഷ്ടിച്ചാണ് ഇട റോഡുകളെ ദേശീയപാതയുമായി ബന്ധിപ്പിച്ചിട്ടുള്ളത്. ഇടറോഡുകൾ ചേരുന്ന ഭാഗത്തെ കുത്തനെയുള്ള കയറ്റവും ഇറക്കവും വാഹനയാത്രക്കാർക്കു കടുത്ത വെല്ലുവിളിയാണ്. പരാതികൾ ഉയർന്നെങ്കിലും പരിഹാരം ഉണ്ടായിട്ടില്ല. ഇതിനിടെ കനത്ത മഴയിൽ മണ്ണ് ഒലിച്ചു പോയി വാഹനങ്ങൾക്കു സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com