ADVERTISEMENT

പുനലൂർ ∙ നിർമാണവും കമ്മിഷൻ നടപടികളും പൂർത്തിയായതിന് 28 കോടി രൂപ റെയിൽവേയിൽ നിന്നു വാങ്ങി 11 മാസമായിട്ടും പുനലൂർ റെയിൽവേ ട്രാക്ഷൻ സബ് സ്റ്റേഷനിലേക്ക് വൈദ്യുതി എത്തിക്കുന്നതിന് അലംഭാവം കാട്ടുന്ന കെഎസ്ഇബി നടപടിക്കെതിരെ പ്രതിഷേധം. പുനലൂർ സബ്സ്റ്റേഷനിൽ നിന്നു റെയിൽവേയ്ക്ക് വൈദ്യുതി ലഭ്യമാക്കാനാകുമോ എന്ന പ്രാഥമിക പരിശോധന പോലും നടത്താതെയാണ് റെയിൽവേയ്ക്ക് ഉറപ്പു കൊടുത്തതും വൻ തുക കൈപ്പറ്റിയതും എന്നാണ് ഇപ്പോൾ ആക്ഷേപം. 

2.7 കിലോമീറ്റർ ഭൂഗർഭ കേബിളുകൾ സ്ഥാപിക്കുന്നതിനും ഇതിനുള്ള പരിശോധനകളും കേബിൾ സ്ഥാപിക്കുന്നതിനുള്ള വിവിധ ഡിപാർട്ട്മെന്റുകളുടെ അനുമതി ലഭിക്കാനുള്ള നീക്കങ്ങളും റെയിൽവേയിൽ നിന്നും തുക കൈപ്പറ്റി 8 മാസത്തിനു ശേഷമാണ് ആരംഭിച്ചത്. ഇടയ്ക്ക് ചർച്ചകളും വകുപ്പ് മന്ത്രിയുടെ ചേംബറിൽ ഉന്നതതല യോഗം കൂടുകയും ചെയ്തിരുന്നു. റെയിൽവേ സബ്സ്റ്റേഷനിലേക്ക് കേബിൾ വഴി വൈദ്യുതി എത്തിക്കുന്നതിന് ഒട്ടേറെ സാങ്കേതിക തടസ്സങ്ങൾ ഉണ്ടെങ്കിലും നിലവിൽ ഈ സബ്സ്റ്റേഷനിൽ നിന്ന് നൽകാൻ വൈദ്യുതി ഉണ്ടോ എന്ന സംശയമാണ്  കെഎസ്ഇബിയിലെ വിരമിച്ച ഉദ്യോഗസ്ഥർ ചോദിക്കുന്നത്.

തമിഴ്നാട്ടിലെ ചെങ്കോട്ട സബ് സ്റ്റേഷനിലേക്ക് 55 കിലോമീറ്റർ അകലെയുള്ള അച്ചൻപുത്തൂർ സബ്സ്റ്റേഷനിൽ നിന്നും വൈദ്യുതി എത്തിക്കുന്നതിന് വെറും മൂന്നുമാസം നീണ്ട നടപടിക്രമങ്ങൾ മാത്രമാണ് വേണ്ടിവന്നത്. ആ സ്ഥാനത്താണ് 28 കോടി അടച്ചിട്ട് 11 മാസം ആയിട്ടും ഒരു നടപടിയും ഇല്ലാതിരിക്കുന്നത്. കൊല്ലം –ചെങ്കോട്ട പാതയിൽ സമ്പൂർണ വൈദ്യുത ട്രെയിൻ ഓടിക്കഴിഞ്ഞാൽ തലസ്ഥാനത്ത് നിന്നും നൂറിൽ പരം കിലോമീറ്റർ ലാഭിച്ച കൊല്ലം ചെങ്കോട്ട വഴി ചെന്നൈയിലേക്കു പോകാൻ കഴിയുന്ന യാത്രാ മാർഗമാണ് ഇപ്പോൾ വൈകുന്നത്. ഇടയ്ക്ക് വേനലവധി സ്പെഷൽ സർവീസ് ആയി കൊച്ചുവേളി –ചെന്നൈ ട്രെയിൻ അടക്കം വിജയകരമായി ഓടിയിരുന്നു.

എൻ.കെ. പ്രേമചന്ദ്രൻ എംപിയും പി.എസ്.സുപാൽ എംഎൽഎയും ഈ വിഷയത്തിൽ ഇടപെട്ടിരുന്നതാണ്. ഈ നിലയിൽ പോയാൽ കോടികൾ മുടക്കി പുനലൂർ –കൊല്ലം പാത കമ്മിഷൻ ചെയ്തതും ചെങ്കോട്ട സബ്സ്റ്റേഷനിൽ വൈദ്യുതി എത്തിച്ചതും ശാശ്വതമായി ഈ പാതയ്ക്ക് പ്രയോജനപ്പെടില്ലെന്ന സ്ഥിതിയാണ് ഉണ്ടാകുന്നത്.ചെന്നൈ –കൊച്ചുവേളി സ്പെഷൽ എക്സ്പ്രസ്, വേളാങ്കണ്ണി –എറണാകുളം എക്സ്പ്രസ്, പാലക്കാട് –തിരുനെൽവേലി പാലരുവി എക്സ്പ്രസ്, ചെന്നൈ– എഗ്‌മൂർ –കൊല്ലം എക്സ്പ്രസ്, മധുര –ഗുരുവായൂർ ട്രെയിൻ തുടങ്ങിയ ട്രെയിനുകളാണ് ഇതുവഴി കടന്നു പോകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com