ADVERTISEMENT

കൊല്ലം ∙ ഇന്റലിജൻസ് സംവിധാനം ശക്തിപ്പെടുത്തി നികുതിപിരിവ് ഊർജിതമാക്കുന്നതിന്റെ മറവിൽ ജിഎസ്ടി വകുപ്പിൽ പിൻവാതിൽ നിയമനം. രാഷ്ട്രീയ താൽപര്യം മുൻനിർത്തി, വകുപ്പിൽനിന്നു വിരമിച്ച ഉദ്യോഗസ്ഥരെയും മറ്റും ഒന്നു മുതൽ ഒന്നര ലക്ഷം രൂപ വരെ ശമ്പളത്തിനു നിയമിക്കാനാണു തീരുമാനം. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി. സീനിയർ ഡേറ്റ അനലിസ്റ്റ്/സീനിയർ സയന്റിസ്റ്റ്, സീനിയർ ഇൻവെസ്റ്റിഗേറ്റർ, ഡേറ്റ അനലിസ്റ്റ്/സയന്റിസ്റ്റ് എന്നീ തസ്തികകളിലേക്കു സർവീസിൽനിന്നു വിരമിച്ചവരോ പുറത്തുനിന്നുള്ളവരോ ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ മറ്റു വകുപ്പുകളിൽ നിന്നുള്ളവരോ ആയി ആകെ 9 പേരെ നിയമിക്കാനാണ് അനുമതി.

2022 ലാണു ജിഎസ്ടി വകുപ്പ് പുനഃസംഘടിപ്പിക്കാൻ സർക്കാർ തീരുമാനിച്ചത്.  ഈ രംഗത്തെ സർക്കാർ– സ്വകാര്യ ഉന്നതപഠന, ഗവേഷണ സ്ഥാപനങ്ങളിൽ നിന്നുള്ള വിദഗ്ധരെയും മറ്റും ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കാൻ ശുപാർശയുമുണ്ടായിരുന്നു. ഇതിന്റെ മറവിലാണു വിദഗ്ധരെ ഒഴിവാക്കി വിരമിച്ചവരെയും ഇഷ്ടക്കാരെയും തിരുകിക്കയറ്റുന്നത്. സിപിഎം അനുകൂല സർവീസ് സംഘടനയിൽപ്പെട്ടവരും പാർട്ടിക്കു താൽപര്യമുള്ള വിരമിച്ച ഉദ്യോഗസ്ഥരും ഇക്കൂട്ടത്തിലുണ്ടെന്നാണ് ആരോപണം.

സീനിയർ ഡേറ്റ അനലിസ്റ്റ്/സീനിയർ സയന്റിസ്റ്റ്, സീനിയർ ഇൻവെസ്റ്റിഗേറ്റർ തസ്തിക, വകുപ്പിലെ ഡപ്യൂട്ടി കമ്മിഷണർ തസ്തികയ്ക്കു തുല്യമാണ്. ഡേറ്റ അനലിസ്റ്റ്/സയന്റിസ്റ്റ് എന്നതു സംസ്ഥാന ടാക്സ് ഓഫിസറുടെ തസ്തികയ്ക്കും തുല്യം.  ആദ്യ 2 എണ്ണത്തിലും ശമ്പളം ഒന്നര ലക്ഷവും മൂന്നാമത്തേതിൽ ഒരു ലക്ഷവുമാണ്. ഡപ്യൂട്ടി കമ്മിഷണർക്കും ടാക്സ് ഓഫിസർക്കും ലഭിക്കുന്നതിനു തുല്യമായ യാത്രപ്പടി പുറമേ. ആദ്യം ഒരു വർഷത്തേക്കാണു നിയമനം. സേവനം തൃപ്തികരമെങ്കിൽ നീട്ടിനൽകാനും ഉത്തരവിൽ വകുപ്പുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com