ADVERTISEMENT

കൊല്ലം ജില്ലയിൽ മാരകമായ ലഹരിമരുന്നു ഗുളികയുടെ വിൽപന 5 വർഷത്തിനിടയിൽ കുതിച്ചുയരുകയാണ്. മൾട്ടി ലവൽ മാർക്കറ്റിങ് രീതിയിലാണു വിപണനം. കൊണ്ടുവരാനും വിൽപനയ്ക്കും ഉള്ള സൗകര്യം, അമിത ലാഭം, നർകോട്ടിക് വിഭാഗത്തിൽ ഉൾപ്പെടാത്തതിനാൽ എക്സൈസും പൊലീസും പിടിച്ചാൽ ജയിലിൽ പോകാതെ രക്ഷപ്പെടാനുള്ള പഴുത് എന്നിവയാണു ഗുളിക വിൽപനയോടുള്ള പ്രിയം കൂടാൻ കാരണം. എംഡിഎംഎ, എൽഎസ്ഡി സ്റ്റാംപ് എന്നിവയുടെ ഹബ് ബെംഗളൂരു ആണെങ്കിൽ ലഹരിമരുന്നു കൊണ്ടുവരുന്നത് മുംബൈ, ഗോവ എന്നിവിടങ്ങളിൽ നിന്നാണ്. കഞ്ചാവ് ഒഡീഷ, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നും.

മുംബൈയിൽ 35 രൂപയാണ് ഒരു ഗുളികയുടെ വില. ഇതു 150 മുതൽ 200 രൂപയ്ക്കാണു വിൽപന. സബ് എജന്റുമാർക്ക് 100 രൂപയ്ക്കു നൽകും. ദിവസം 15,000– 20,000 രൂപ ലാഭം കൊയ്യുന്ന സബ് ഏജന്റുമാർ ഉണ്ട്. ഇവരിൽ നിന്നാണു ചില്ലറ വിൽപനക്കാർ വാങ്ങുന്നത്. 500 രൂപയും ഒരു ഗുളികയും ദിവസവേതനം നൽകി വിൽപന നടത്തുന്നവരും ഉണ്ട്. വിദ്യാർഥികളെയും മറ്റുമാണ് ഇങ്ങനെ വിൽപനയ്ക്ക് ഉപയോഗിക്കുന്നത്. കഴിഞ്ഞ ദിവസം ഗുളികകളുമായി പിടിയിലായ ആൾക്ക് 15–20 ലക്ഷം രൂപയാണത്രെ മാസവരുമാനം ! മയ്യനാട്ടുള്ള ഒരു ഫ്ലാറ്റിലെ 2 പേരാണു ജില്ലയിൽ ഈ ഗുളിക ഉപയോഗിച്ചു തുടങ്ങിയത്.

കൊല്ലത്തുള്ള ഒരു മെഡിക്കൽ സ്റ്റോറിയിൽ നിന്നാണ് അവർക്ക് കിട്ടിയത്. ഇതിന്റെ സാധ്യത മനസ്സിലാക്കിയാണു മയ്യനാട് സ്വദേശിയായ മറ്റൊരാൾ മുംബൈയിൽ നിന്നു പെട്ടിക്കണക്കിനു ഗുളിക കൊണ്ടുവരാൻ തുടങ്ങിയത്.ക‍ഞ്ചാവ് കൊണ്ടുവരുന്നത് പച്ചക്കറി ലോറികളിലും മറ്റുമാണ്. ഗുളിക കൊണ്ടുവരുന്നതു പ്രധാനമായും ട്രെയിനിലാണ്. രാസലഹരി ശരീരത്തിലെ രഹസ്യഭാഗത്തു വച്ചോ ട്രെയിനിലെ ശുചിമുറിയിൽ ഒളിച്ചു വച്ചോ ആണ് കൊണ്ടുവരുന്നത്. ഇതിലെ മുഖ്യകണ്ണികൾ പലപ്പോഴും വാടകവീടുകളിലായിരിക്കും താമസമെന്നു പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. ചിലർ പൊലീസ് നിരീക്ഷണത്തിലുമാണ്.


ജീവിതം നഷ്ടമാക്കുന്ന ഗുളിക
മദ്യം, ക‍ഞ്ചാവ്, എംഡിഎംഎ എന്നിവ പോലെയല്ല ഗുളിക നൽകുന്ന ലഹരി. ഇതു പൊടിച്ചു ദ്രാവക രൂപത്തിലാക്കി ‍ഞരമ്പിൽ കുത്തിവയ്ക്കുകയാണ്.   അതിമാരകമാണ് ഇത്. ഒരാഴ്ച തുടർച്ചയായി കുത്തിവയ്ക്കുന്ന ആൾക്ക് പിന്നീട് ജീവിതത്തിലേക്കു മടങ്ങി വരാനാകില്ല. പതിവു സമയം കഴിഞ്ഞ് ഒന്നോ രണ്ടോ മണിക്കൂറിനകം കുത്തിവച്ചില്ലെങ്കിൽ അസ്വസ്ഥത പ്രകടിപ്പിച്ചു തുടങ്ങും. ഉറങ്ങാനാകാതെ ഭ്രാന്തമായ അവസ്ഥയിലെത്തും. ചിലർക്കു മലവിസർജനം തടസ്സപ്പെടും, മറ്റു ചിലർക്കു തുടർച്ചയായി വയറിളകും.

തലവേദനയും ശ്വാസതടസ്സവും ഉണ്ടാകും. ശ്വാസകോശം, വൃക്ക, കരൾ എന്നിവ തകരാറിലാകും. ഹെപ്പറ്റൈറ്റിസ്–സിയും പൊതുവായി കണ്ടുവരുന്നു. ഏതാനും വർഷമേ പിന്നീട് ഇവർക്ക് ആയുസ്സുണ്ടാകൂ. ശക്തികുളങ്ങര മേഖലയിൽ കുറച്ചുനാൾ മുൻപു കൂട്ടുകാരായ 12 പേർക്കാണ് ഹെപ്പടൈറ്റിസ് – സി സ്ഥിരീകരിച്ചത്. ഒരുമിച്ചിരുന്നു ലഹരി മരുന്നു കുത്തിവയ്ക്കുന്ന സംഘമാണ് ഇത്. ജില്ലയിൽ ലഹരിമരുന്നിന്റെ ‘ഹോട്ട് സ്പോട്ടിൽ’ ഇരു വൃക്കകളും തകർന്ന് 23 വയസ്സുകാരൻ മരിച്ചു. 3 വർഷം തുടർച്ചയായി ഗുളിക ഉപയോഗിച്ചതിന്റെ ഫലമാണ്. ഇപ്പോൾ സഹോദരിയാണു ഗുളിക വിൽപന നടത്തുന്നതെന്നു പറയുന്നു.


മൊബൈൽ പണയം വച്ചുംവാങ്ങും 
പണം ഇല്ലാതെ വരുമ്പോൾ സ്വന്തം മൊബൈൽ ഫോൺ പണയം വച്ചും ഗുളിക വാങ്ങും. കഴിഞ്ഞ ദിവസം 15,000 ഗുളികകളുമായി പൊലീസ് പിടികൂടിയ ആളിന്റെ പക്കൽ നിന്നു 17 മൊബൈൽ ഫോൺ പിടികൂടിയിരുന്നു. ഇയാളുടെ വിതരണക്കാരുടെ പക്കൽ നിന്നു എക്സൈസ് നേരത്തെ സമാന രീതിയിൽ ഏറെ ഫോൺ പിടിച്ചെടുത്തിട്ടുണ്ട്. ചിലർ ഗുളിക വാങ്ങി സ്വന്തമായി ഉപയോഗിക്കുന്നതോടൊപ്പം വിൽപന നടത്തിയാണു ഫോൺ തിരിച്ചെടുക്കുന്നത്. മോഷണം, സ്ത്രീകളുടെ മാല പിടിച്ചു പറിക്കൽ എന്നിവയിലേക്കു തിരിയുന്നവരും ഉണ്ട്. മാതാപിതാക്കളെ ആക്രമിച്ച ഒട്ടേറെ സംഭവങ്ങളുണ്ട്. പകൽ 150 രൂപയ്ക്കു കിട്ടുന്ന ഗുളികയ്ക്ക് രാത്രി 200 രൂപയാണു വില. പൊലീസിന്റെയും എക്സൈസിന്റെയും പരിശോധന രാത്രി സമയത്ത് ഉണ്ടാകുമെന്ന ‘ റിസ്ക് ഫാക്ടർ’ കണക്കിലെടുത്താണു വില കൂട്ടുന്നത്.


നടപടിയുമില്ല
മയ്യനാട് പഞ്ചായത്തിൽ നിന്ന് ജനപ്രതിനിധി ഉൾപ്പെടെ 118 പേർ ഒപ്പിട്ട പരാതി സിറ്റി പൊലീസ് കമ്മിഷണർക്കും കലക്ടർക്കും ഉൾപ്പെടെ നൽകിയിട്ടു 8 മാസം കഴിഞ്ഞു. ഒപ്പിട്ടവരിൽ ഏറെയും സ്ത്രീകളാണ്. ഈ സംഘത്തിനെതിരെ കാര്യമായ ഒരു നടപടിയും ഇതുവരെ ഉണ്ടായില്ല.  ലഹരിമാഫിയയെ ചോദ്യം ചെയ്ത പഞ്ചായത്ത് അംഗത്തെ ആക്രമിക്കുക പോലും ഉണ്ടായി. ‘അവരെ പിടിക്കാൻ ഞങ്ങളുണ്ടല്ലോ. നിങ്ങൾ എന്തിനു പോയി’ എന്നാണു പരാതി നൽകാൻ എത്തിയപ്പോഴത്തെ ചോദ്യം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com