ADVERTISEMENT

കൊല്ലം∙ മൂന്നു വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കുമെന്നു വാഗ്ദാനം ചെയ്ത ഇരവിപുരം റെയിൽവേ മേൽപാലം നിർമാണം 5 വർഷമായിട്ടും  പൂർത്തിയായില്ല. നാടിന്റെ  പ്രതീക്ഷയായ പാലത്തിന്റെ നിർമാണം എന്നു തീരുമെന്ന് അറിയാതെ ആശങ്കയിലാണ് ജനങ്ങൾ. 2019 മാർച്ച് 8നു നിർമാണം ആരംഭിച്ച പാലം 2022 ഡിസംബർ 31നു പൂർത്തിയാക്കുമെന്നായിരുന്നു വാഗ്ദാനം. സംസ്ഥാന സർക്കാരും റെയിൽവേയും പരസ്പരം പഴിചാരി ഒടുവിൽ പാലം  തൂണുകളിൽ നിൽക്കാൻ തുടങ്ങിയിട്ടു വർഷങ്ങളായി. ഈ പ്രദേശത്തെ വ്യാപാര മേഖല ആകെ തകർന്നു. ജനങ്ങളുടെ യാത്രയാണ് ഏറെ ദുഷ്കരം.

പള്ളിമുക്ക്–ഇരവിപുരം റോഡിന്റെ ഗതാഗതം മുടങ്ങിയിട്ട് നാലര വർഷമായി. കേവലം 200 മീറ്റർ കടക്കാൻ 3 കിലോമീറ്റർ ചുറ്റിയാണ് പാളത്തിന് ഇരുവശത്തുമുള്ളവർ സഞ്ചരിക്കുന്നത്. പാലത്തിന്റെ നിർമാണത്തിന്റെ ആദ്യ ഘട്ടത്തിലുണ്ടായിരുന്ന വേഗം പിന്നീട് സാവധാനത്തിലായി. മാസങ്ങളോളം മുടങ്ങിക്കിടക്കുന്ന അവസ്ഥയും ഉണ്ടായിരുന്നു. അതിനിടെ നാട്ടിൽ കോവിഡ് വ്യാപിച്ചത് നിർമാണത്തിന് തടസ്സം പറയാൻ ഒരു കാരണവുമായി. റെയിൽവേ പാളത്തിന് മുകളിലൂടെയുള്ള നിർമാണം നടത്തേണ്ടത് റെയിൽവേയാണ്. അതിന് റെയിൽവേ അനുവദിക്കുന്നില്ലെന്ന പരാതിയായിരുന്നു ഏറെ നാൾ തടസ്സമായി പറഞ്ഞത്.

ഒടുവിൽ 2 മാസം മുൻപ് റെയിൽവേ പാളത്തിനോട് ചേർന്ന് കോൺക്രീറ്റ് തൂണുകൾ നിർമിക്കുന്ന ജോലികൾ റെയിൽവേ ആരംഭിച്ചു. നിർമാണം പൂർത്തിയായ ഈ തൂണുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്.  ഇരുമ്പ് ബീമുകൾ തൂണുകളിൽ സ്ഥാപിക്കുന്നതോടെ റെയിൽവേയുടെ ജോലികൾ ഏകദേശം  പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. അവശേഷിക്കുന്നത് പള്ളിമുക്ക് റോഡിലേക്കും ഇരവിപുരം റോഡിലേക്കുമുള്ള പാലത്തിന്റെ നിർമാണ പൂർത്തീകരണമാണ്. ഇവിടെ പാലത്തിന്റെ മുകളിൽ ഗർഡറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഒ‍ാരോ തടസ്സവാദങ്ങൾ മുന്നോട്ട് വച്ച് പാലത്തിന്റെ നിർമാണം വൈകിപ്പിക്കരുതെന്നാണ് ജനങ്ങളുടെ അപേക്ഷ. എത്രയും വേഗം  നിർമാണം പൂർത്തിയാക്കിയാൽ വർഷങ്ങളായി അനുഭവിക്കുന്ന യാത്രാ ദുരിതം തീരും.

മേൽപാലം
∙നീളം–412 മീറ്റർ
∙വീതി–10.05 മീറ്റർ
∙കിഫ്ബിയിൽ നിന്ന് അനുവദിച്ച തുക–37.14 കോടി രൂപ
∙പാലം നിർമാണത്തിന്– 27.45 കോടി രൂപ.‌
∙സ്ഥലം ഏറ്റെടുക്കുന്നതിന്–9.69 കോടി രൂപ
∙നിർവഹണ ഏജൻസി– റോഡ്സ് ആൻഡ് ബ്രിജസ് കോർപറേഷൻ.
∙നിർമാണ രീതി– സ്റ്റീൽ കോംപസിറ്റ് സ്ട്രക്ചർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com