ADVERTISEMENT

കൊല്ലം ∙ കർക്കടക വാവുബലി തർപ്പണത്തിനു സ്നാന ഘട്ടങ്ങളിൽ ഒരുക്കം തുടങ്ങി. തിരുമുല്ലവാരത്ത് പന്തൽ നിർമാണവും തെരുവു വിളക്കുകൾ മാറ്റി സ്ഥാപിക്കുന്ന ജോലിയും പുരോഗമിക്കുന്നു. മുണ്ടയ്ക്കൽ പാപനാശനം തീരത്തു കോർപറേഷൻ ശുചീകരണ പ്രവർത്തനം തുടങ്ങി. തിരുമുല്ലവാരത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നേതൃത്വത്തിൽ ഒരുക്കം തുടങ്ങി.

ബലിതർപ്പണത്തിന് 5 പന്തൽ നിർമിക്കും. പ്രധാന പന്തലിൽ ആയിരത്തോളം പേർക്ക് ഒരേ സമയം തർപ്പണം നടത്താൻ കഴിയും. മറ്റു പന്തലുകളിൽ 500 മുതൽ 700 പേർക്ക് വീതം ഒരു സമയം ബലിതർപ്പണം നടത്താനുള്ള സൗകര്യം ഒരുക്കും. ഓരോ പന്തലിലും 3 കർമ്മികളും 25 ജീവനക്കാരും ഉണ്ടാകും. തിരുമുല്ലവാരം മഹാവിഷ്ണു ക്ഷേത്രത്തിൽ തിലഹവനത്തിനുള്ള സൗകര്യം ഉണ്ടാകും. മുണ്ടയ്ക്കൽ പാപനാശനം സ്നാന ഘട്ടത്തിൽ ഗുരുദേവ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആണ് ബലിതർപ്പണം. 3 ലക്ഷം പേർ എത്തുമെന്നാണ് വിലയിരുത്തൽ.

പാപനാശത്തേക്കുള്ള റോഡുകളിലെ കുഴികൾ അടച്ച് സഞ്ചാരയോഗ്യമാക്കാൻ കേരള റോഡ് ഫണ്ട് ബോർഡ്, കോർപറേഷൻ, പൊതുമരാമത്ത് വകുപ്പ് എന്നിവയ്ക്ക് കലക്ടർ നിർദേശം നൽകി. സർവീസ് ബോട്ടുകൾ കൊല്ലം തോട് വഴി മുണ്ടയ്ക്കൽ പാലത്തിന് സമീപമുള്ള ജെട്ടിവരെ സർവീസ് നടത്തണമെന്ന് ഗുരുദേവ കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ലൈഫ് ഗാർഡിന്റെ സേവനത്തിനു പുറമേ കടലിൽ പരിചയമുള്ള യുവാക്കളുടെ സംഘവും സുരക്ഷ ഒരുക്കും.

ബലിതർപ്പണത്തിന് എത്തുന്നവർക്ക് വനം വകുപ്പിന്റെ സഹകരണത്തോടെ 10,000 വൃക്ഷത്തൈ സൗജന്യമായി വിതരണം ചെയ്യും. ഓഗസ്റ്റ് 2നു വൈകിട്ട് 7നു നടക്കുന്ന സമ്മേളനത്തിൽ തൈവിതരണം ഉദ്ഘാടനം ചെയ്യും. തുമ്പറ മാർക്കറ്റ്, ബീച്ച്, ഇരവിപുരം എന്നിവിടങ്ങളിൽ വാഹന പാർക്കിങ് സൗകര്യം ഏർപ്പെടുത്തും. അഷ്ടമുടി വീരഭദ്ര ക്ഷേത്രത്തോടനുബന്ധിച്ചുള്ള ത്രിവേണി സംഗമത്തിൽ ബലി തർപ്പണം നടത്തുന്നതിനും ഒരുക്കം ആരംഭിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com