ADVERTISEMENT

ശാസ്താംകോട്ട ∙ കശുവണ്ടി വികസന കോർപറേഷന്റെ ഭരണിക്കാവ് ഫാക്ടറിയോടു ചേർന്നുള്ള സ്ഥലത്ത് രാത്രി അതിക്രമിച്ച് കയറിയ സംഘം ചുറ്റുമതിലും കൂറ്റൻ പരസ്യ ബോർ‍ഡും തകർത്തു.  മണ്ണുമാന്തി യന്ത്രങ്ങൾ എത്തിച്ച് മണിക്കൂറുകൾ അതിക്രമം നടത്തിയത് അറിഞ്ഞില്ലെന്ന ഫാക്ടറി നൈറ്റ് ഡ്യൂട്ടി വാച്ചർമാരുടെ വിശദീകരണം തള്ളിയ കോർപറേഷൻ ഇരുവരെയും സസ്പെൻഡ് ചെയ്തു. ഭരണിക്കാവ്– വണ്ടിപ്പെരിയാർ ദേശീയപാതയോരത്തെ ഫാക്ടറി വളപ്പിൽ നടന്ന സംഭവം ശ്രദ്ധയിൽപ്പെട്ടില്ലെന്ന പൊലീസിന്റെ വാദവും ദുരൂഹമാണ്. സ്ഥലത്തിന്റെ വിലയെച്ചൊല്ലി മുൻ ഉടമയും കശുവണ്ടി വികസന കോർപറേഷനും തമ്മിലുള്ള തർക്കം ഇപ്പോൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. 

ഇതിനിടെയാണ് ഫാക്ടറിയുടെ 200 മീറ്ററോളം നീളമുള്ള ചുറ്റുമതിൽ കഴിഞ്ഞ രാത്രി തകർത്തത്. ‌ഇരുമ്പി‍ൽ നിർമിച്ച കൂറ്റൻ പരസ്യ ബോർഡ് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തകർത്ത നിലയിലാണ്. കോർപറേഷന്റെ സ്ഥലത്ത് നടന്ന അതിക്രമം സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയെന്നും ഡ്യൂട്ടിയിൽ വീഴ്ച വരുത്തിയ വാച്ചർമാരെ സസ്പെൻഡ് ചെയ്തെന്നും കോർപറേഷൻ ഡിപ്പോ അധികൃതർ പറഞ്ഞു. 

എന്നാൽ സ്ഥലം കയ്യേറി നാശനഷ്ടങ്ങൾ വരുത്തിയ സംഭവത്തിൽ കോർപറേഷന് അനങ്ങാപ്പാറ നയമാണെന്നും അടിയന്തരമായി ചുറ്റുമതിൽ നിർമിച്ച് ഫാക്ടറിയുടെ സ്ഥലം സംരക്ഷിക്കണമെന്നും കേരള കശുവണ്ടി തൊഴിലാളി കോൺഗ്രസ് (ഐഎൻടിയുസി) ആവശ്യപ്പെട്ടു. സുപ്രീംകോടതിയിലെ കേസിന്റെ മറവിൽ 4 ഫാക്ടറികൾ മുൻ ഉടമകൾക്ക് വിട്ടുകൊടുത്തത് പോലെ എല്ലാ ഫാക്ടറികളും വിട്ടുകൊടുക്കാനാണ് സിപിഎമ്മിന്റെ ശ്രമം. കോടികളുടെ അഴിമതിയാണ് ഇതിനു പിന്നിലുള്ളതെന്നും ഫാക്ടറി സംരക്ഷിക്കാൻ നടപടിയില്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്നും സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.സുഭാഷ്, യൂണിറ്റ് സെക്രട്ടറി ബേബി ജോൺ എന്നിവർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com