ADVERTISEMENT

പൊടുന്നനേ വീശിയടിച്ച കാറ്റ് കിഴക്കൻ മേഖലയെ  വിറപ്പിച്ചു. പലസ്ഥലത്തും മരങ്ങൾ വീണു. വൈദ്യൂതി ബന്ധം താറുമായി.മരം വീണ് വീടുകൾ തകർന്നു. റോഡിലേക്ക് മരങ്ങൾ വീണതു മൂലം ഗതാഗതം സ്തംഭിച്ചു. പലയിടത്തും അപകടങ്ങൾ ഒഴിവായതു തലനാരിഴയ്ക്ക്

പുനലൂർ ∙ നഗരത്തിലും പരിസരപ്രദേശങ്ങളിലും മഴയ്ക്കൊപ്പം 10 മിനിറ്റോളം ആഞ്ഞുവീശിയ ചുഴലിക്കാറ്റിൽ വ്യാപക നാശം. ആളപായമില്ല. വീട് തകർന്നു.മരങ്ങൾ ഒടിഞ്ഞുവീണു വൈദ്യുതത്തൂണുകളും ലൈനും തകർന്നതിനാൽ മണിക്കൂറുകളോളം വൈദ്യുതി വിതരണം തടസ്സപ്പെട്ടു. അഗ്നിരക്ഷാസേന മണിക്കൂറുകൾ പണിപ്പെട്ട് ഗതാഗതം പുനഃസ്ഥാപിച്ചു.കൊല്ലം –തിരുമംഗലം ദേശീയപാതയിൽ ഒരു മണിക്കൂറോളം ഗതാഗത തടസ്സപ്പെട്ടു. കൂറ്റൻ പരസ്യ ബോർഡുകൾ പലതും തകർന്നു.

എംഎൽഎ റോഡിൽ കൂറ്റൻ മരം ഒടിഞ്ഞുവീണു.കോമളംകുന്ന്, നെല്ലിപ്പള്ളി, ഐക്കരക്കോണം, ശാസ്താംകോണം, ചെമ്മന്തൂർ, പത്തേക്കർ, കൂനംകുഴി, കാഞ്ഞിരമല, കലുങ്ങും മുകൾ ഭാഗങ്ങളിലും നാശംഉണ്ട്. വീടിന്റെയും വൈദ്യുതി ലൈനുകൾ തകർന്നതിന്റെയും നാശ നഷ്ടങ്ങൾ അധികൃതർ തിട്ടപ്പെടുത്തി വരികയാണ്.കലങ്ങുംമുകൾ വാർഡിൽ മരങ്ങൾ വീണു 2 വീടുകൾ നാശം ഉണ്ടായി.

കനത്ത കാറ്റിൽ മരം വീണു തകർന്ന വിളക്കുടി അമ്പലം കുന്ന് ഗീതയുടെ വീട്.
കനത്ത കാറ്റിൽ മരം വീണു തകർന്ന വിളക്കുടി അമ്പലം കുന്ന് ഗീതയുടെ വീട്.

കലങ്ങുംമുകൾ ദേവികോണം പുളിമൂട്ടിൽ ശ്രീപൂർണം വീട്ടിൽ എസ്.ഡി. നായരുടെ വീടിന്റെ മുകളിലേക്കു അയൽവീട്ടിലെ പ്ലാവ് പിഴുതു വീണ് മേൽക്കൂര പൂർണമായും തകർന്നു. കലങ്ങുംമുകൾ കുതിരച്ചിറ ഷാലോം ചാലുവാലിൽ ഏബ്രഹാമിന്റെ വീടിന്റെ മുകളിലേക്ക് സമീപത്തെ പുരയിടത്തിലെ തേക്ക് മരം ഒടിഞ്ഞു വീണു കേടുപാടുകൾ സംഭവിച്ചു. വാളക്കോട് പേസ്റ്റ് ഓഫിസിന് സമീപത്ത് പുത്തൻ വീട്ടിൽ രാജീവ് അലക്സിന്റെ വീടിന്റെ ഓടുകൾക്ക് നാശം സംഭവിച്ചിട്ടുണ്ട്.

പുനലൂർ തൂക്കുപാലത്തിന് സമീപം ടിബി ജംക്‌ഷനിൽ മരത്തിന്റെ ശിഖരം ഒടിഞ്ഞ് നിലം പതിച്ച നിലയിൽ. ഇവിടെ ബസ് കാത്തുനിന്ന സ്കൂൾ വിദ്യാർഥികളും സമീപത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷകളും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
പുനലൂർ തൂക്കുപാലത്തിന് സമീപം ടിബി ജംക്‌ഷനിൽ മരത്തിന്റെ ശിഖരം ഒടിഞ്ഞ് നിലം പതിച്ച നിലയിൽ. ഇവിടെ ബസ് കാത്തുനിന്ന സ്കൂൾ വിദ്യാർഥികളും സമീപത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷകളും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

പുനലൂർ വാളക്കോട് ചൈതന്യ എൽപിഎസിന് സമീപം കൂറ്റൻ പ്ലാവ് മരം വൈദ്യുതലൈനിലേക്കും സമീപത്തെ വീടിനു മുകളിലേക്കും വീണു . തൂക്കുപാലത്തിന് സമീപം ടിബി ജംക്‌ഷനിൽ മരത്തിന്റെ ശിഖരം ഒടിഞ്ഞ് നിലം പതിച്ചു. ഇവിടെ ബസ് കാത്തുനിന്ന സ്കൂൾ വിദ്യാർഥികളും സമീപത്ത് പാർക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷകളും തലനാരിഴയ്ക്കു രക്ഷപ്പെട്ടു. തൂക്കുപാലം ശിവൻകോവിൽ റോഡിൽ ഗുരുമന്ദിരത്തിന് സമീപം കൂറ്റൻ മരം റോഡിലേക്ക് വീണ് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

പത്തനാപുരം∙   മഴയ്ക്കൊപ്പം വീശിയടിച്ച കാറ്റിൽ നിയോജക മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ മരം വീണ് വീടുകൾക്കുംവൈദ്യുതത്തൂണുകൾക്കും വ്യാപക നാശം.വിളക്കുടി അമ്പലംകുന്ന് കൽപകശേരിയിൽ ഗീതയുടെ വീട് പൂർണമായി നശിച്ചു. കമുകുംചേരിയിൽ ശ്രുതി ഭവനിൽ ലതാ ഗോപിനാഥിന്റെ വീടിന്റെ മുകളിൽ പ്ലാവിന്റെ ശിഖരം വീണു. മേലില കോട്ടവട്ടം കളീലിൽ ശ്രീകൃഷ്ണവിലാസം സുരേന്ദ്രൻപിള്ളയുടെ വീടിന്റെ മുകളിലേക്ക് തെങ്ങ് വീണ് മേൽക്കൂര തകർന്നു. പട്ടാഴി മൈലാടുംപാറയിലും ഒരു വീടിനു മുകളിൽ മരം വീണു.

മേലില കോട്ടവട്ടം കളീലിൽ കൃഷ്ണവിലാസത്തിൽ സുരേന്ദ്രൻ പിള്ളയുടെ വീടിനു മുകളിലേക്ക് കനത്ത കാറ്റിൽ തെങ്ങ് വീണ് മേൽക്കൂര തകർന്നപ്പോൾ
മേലില കോട്ടവട്ടം കളീലിൽ കൃഷ്ണവിലാസത്തിൽ സുരേന്ദ്രൻ പിള്ളയുടെ വീടിനു മുകളിലേക്ക് കനത്ത കാറ്റിൽ തെങ്ങ് വീണ് മേൽക്കൂര തകർന്നപ്പോൾ

പത്തനാപുരം–കുന്നിക്കോട് റോഡിൽ വെള്ളങ്ങാട് വില്ലേജ് ഓഫിസ് ഭാഗം, പത്തനാപുരം–പട്ടാഴി റോഡിൽ കൊച്ചിക്കടവ്, പന്ത്രണ്ട്മുറി, മീനം എന്നിവിടങ്ങളിൽ മരം വീണു വൈദ്യുതത്തൂണുകൾ തകർന്നു. പിറവന്തൂർ കമുകുംചേരി റൈസ്മിൽ ജംക്‌ഷനിൽ വശത്തായി നിന്ന വാകമരത്തിന്റെ ശിഖരങ്ങൾ ഒടിഞ്ഞു റോഡിലേക്ക് വീണ് ഗതാഗതം തടസ്സപ്പെട്ടു. രണ്ട് ദിവസമായി മഴ മാറി നിൽക്കുകയും ശക്തമായ വെയിൽ ഉണ്ടാവുകയും ചെയ്തതിനിടെ അപ്രതീക്ഷിതമായായിട്ടായിരുന്നു കാറ്റ് വീശിയത്. കാറ്റിനൊപ്പം ചെറിയ തോതിൽ മാത്രമാണ് മഴ പെയ്തത്.

തെന്മലയിലും കുളത്തൂപ്പുഴയിലും ആര്യങ്കാവിലും വൈദ്യുതി വിതരണം സ്തംഭിച്ചു 
തെന്മല∙ മഴയ്ക്കൊപ്പം ആഞ്ഞടിച്ച കാറ്റിൽ മരച്ചില്ലകൾ ഒടിഞ്ഞു വീണു തെന്മല, കുളത്തൂപ്പുഴ എന്നിവിടങ്ങളിലും അതിർത്തിയായ ആര്യങ്കാവ് മേഖലയിലും വൈദ്യുതി വിതരണം സ്തംഭിച്ചു. വൈദ്യുതലൈനിൽ മരച്ചില്ലകൾ വീണത് എവിടെയെന്ന് തിട്ടപ്പെടുത്താൻ വൈകുമെന്ന കാരണത്താൽ തെന്മല, കുളത്തൂപ്പുഴ സെക്‌ഷൻ മേഖലയിലെ എല്ലാ ഫീഡറുകളും കെഎസ്ഇബി ഒ‌ാഫാക്കി. 

ആര്യങ്കാവ് മോട്ടർ വാഹന ചെക്പോസ്റ്റ് കവലയിൽ അപകട ഭീഷണിയായ മരങ്ങൾ മുറിച്ചു നീക്കിയപ്പോൾ.
ആര്യങ്കാവ് മോട്ടർ വാഹന ചെക്പോസ്റ്റ് കവലയിൽ അപകട ഭീഷണിയായ മരങ്ങൾ മുറിച്ചു നീക്കിയപ്പോൾ.

ഇതോടെ ഇന്നലെ വൈകിട്ട് 4 മുതൽ കിഴക്കൻ മേഖലയിൽ വൈദ്യുതി വിതരണം നിലച്ചു. അച്ചൻകോവിലിൽ മഴ ശക്തമായിരുന്നെങ്കിലും മരങ്ങൾ ഒടിഞ്ഞു വീണുള്ള വ്യാപക നാശമില്ല. 4 മണിയോടെ നിലച്ച വൈദ്യുതി വിതരണം വൈകിയും പുനഃസ്ഥാപിച്ചിട്ടില്ല. പകരം വൈദ്യുതി വിതരണം നടത്താൻ വഴിയുണ്ടായിട്ടും അപകടാവസ്ഥയുള്ളതു കണ്ടെത്തി പരിഹരിച്ച ശേഷം വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചാൽ മതിയെന്നു തീരുമാനിക്കുകയായിരുന്നു.

കുളത്തൂപ്പുഴയിൽ കടമാൻകോട്, പള്ളംവെട്ടി മുതൽ തെന്മല ഡാം വരെയും തെന്മലയിൽ ഡാം കവലയിലും ദേശീയപാതയിൽ എംഎസ്എൽ ഭാഗത്തും മരവും മരച്ചില്ലകളും ഒ‌ടിഞ്ഞു വീണു. എംഎസ്എല്ലിലെ മരം വീണു ഗതാഗതം മുടങ്ങിയെങ്കിലും ഉടനടി മുറിച്ചു നീക്കി പുനഃസ്ഥാപിച്ചു.    ആര്യങ്കാവിൽ മോട്ടർ വെഹിക്കിൾ ചെക്പോസ്റ്റ് കവലയിൽ പാതയോരത്തുള്ള അപകടത്തിലായ മരം മുറിച്ചു നീക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com