ADVERTISEMENT

ചവറ ∙ സംസ്ഥാന പാതയിൽ ടൈറ്റാനിയം ജംക്‌ഷൻ മുതൽ കാരാളിമുക്ക് വരെയുള്ള ഭാഗത്ത് പലയിടങ്ങളിലും റോഡ് തകർന്ന നിലയിലാണ്. മുള്ളിക്കാല, പടപ്പനാൽ എന്നിവിടങ്ങളിലെ കുഴികൾ അപകട ഭീഷണിയിലാണ്.  നീണ്ടകര ചീലാന്തി ജംക്‌ഷൻ–ടാഗോർ ജംക്‌ഷൻ റോഡ് പൂർണമായും തകർന്നിട്ട് വർഷങ്ങളായി. കാൽനട യാത്രപോലും ദുഷ്കരമാണ്. തേവലക്കരയിൽ ഗ്രാമീണ റോഡുകൾ മിക്കതും തകർന്ന് വെള്ളക്കെട്ടായി മാറി. ടൈറ്റാനിയം–ശാസ്താംകോട്ട പൈപ്പ് റോഡിൽ പന്മന കുരീത്തറ ജംക്‌ഷൻ മുതൽ തേവലക്കര പടിഞ്ഞാറ്റക്കര വരെ  യാത്ര ദുസ്സഹമാണ്. കുണ്ടും കുഴിയും താണ്ടിവേണം യാത്ര ചെയ്യാൻ. 

‘തള്ളിനു’ കുറവില്ലാതെ പത്തനാപുരം 
പത്തനാപുരം∙ താലൂക്കിൽ പത്തനാപുരം–ഏനാത്ത്, പത്തനാപുരം–പുന്നല–കറവൂർ–അലിമുക്ക്, വിളക്കുടി–കിണറ്റിൻകര, റോഡുകൾ തികച്ചും ‘രാജ്യാന്തര നിലവാര’ ത്തിലാണ്. ജർമൻ ടെക്നോളജിയിൽ ഉൾപ്പെടുത്തി നവീകരണം തുടങ്ങിയ പത്തനാപുരം–ഏനാത്ത്, പുന്നല–കറവൂർ– അലിമുക്ക് റോഡ്, റോഡാണെന്നു പോലും തിരിച്ചറിയാത്ത അവസ്ഥയിലെത്തി. ചെളിക്കുളമായ റോഡിലൂടെ കാൽനട യാത്രപോലും സാഹസികമായി. മഴ പെയ്താൽ ഈ റോഡുകളിലൂടെ വാഹനങ്ങൾ പോകാറില്ല. കുറച്ചു ഭാഗത്ത് ടാർ ചെയ്തെങ്കിലും കലുങ്ക്, ഓട നിർമാണം നടക്കാനുള്ള സ്ഥലങ്ങളിൽ ടാറിങ് നടത്താത്തതാണ് ചെളിക്കുണ്ടായതിന് കാരണം. എന്നിട്ടും ഇവിടുത്തെ ജനപ്രതിനിധികളുടെ ‘തള്ളിന്’ ഒരു കുറവുമില്ല. 

കരുനാഗപ്പള്ളിയിൽ ആകെ കുളമായി
കരുനാഗപ്പള്ളി നഗരസഭയുടെയും കുലശേഖരപുരം  പഞ്ചായത്തിന്റെയും അതിർത്തികൾ പങ്കിടുന്ന റോഡിന് വർഷങ്ങൾ ഏറെയായിട്ടും ശാപമോക്ഷമില്ല. ആദിനാട് തെക്ക് ഘണ്ടാകർണൻ കാവ് ക്ഷേത്രത്തിനു തെക്കു ഭാഗത്തു നിന്നും പടിഞ്ഞാറോട്ട് കിണർമുക്ക് വരെയുള്ള റോഡാണ് ശാപ മോക്ഷം കാത്തു കിടക്കുന്നത്. ഈ റോഡിന്റെ ഒരു ഭാഗം നഗരസഭ ഡിവിഷനും മറു ഭാഗം കുലശേഖരപുരം ഗ്രാമ പഞ്ചായത്ത് വാർഡുമാണ്. വർഷങ്ങളായി തകർന്ന് കുണ്ടും കുഴിയും വെള്ളക്കെട്ടുമായി കിടക്കുന്ന ഈ റോഡ് സഞ്ചാരയോഗ്യമാക്കാൻ ആരും മുൻ കൈയ്യെടുത്തിരുന്നില്ല. നിരവധി പേരുടെ ആവശ്യത്തെ തുടർന്നു സി.ആർ.മഹേഷ് എംഎൽഎ മുൻകൈയ്യെടുത്ത് ഈ റോഡിന് വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ 10 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ പദ്ധതിയിൽ റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾക്കായി ടെൻഡർ വിളിച്ചെങ്കിലും ആരും പങ്കെടുക്കാതിരുന്നതിനാൽ റദ്ദായി.  ഒരു വർഷത്തിനകം നിർമാണ പ്രവർത്തനങ്ങൾ നടന്നില്ലെങ്കിൽ പദ്ധതി തന്നെ നഷ്ടമാകും. വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ പണം അനുവദിച്ചിട്ട് 9 മാസങ്ങൾ കഴിഞ്ഞു. 

തകർന്ന കൊട്ടാരക്കര– ശാസ്താംകോട്ട റോഡ്
തകർന്ന കൊട്ടാരക്കര– ശാസ്താംകോട്ട റോഡ്

‘രാജ്യാന്തര നിലവാര’വും തകരുന്നു
കൊട്ടാരക്കര∙ഈയിടെ നവീകരിച്ച 5  പൊതുമരാമത്ത് റോഡുകൾ ഒഴികെ താലൂക്കിലെ റോഡുകൾ ‍ തകർന്നു . രാജ്യാന്തര നിലവാരത്തിൽ 157 കോടി ചെലവിട്ട് നവീകരിച്ച എംസി റോഡും തകർന്നു തുടങ്ങി. റോഡുകളിൽ വിള്ളൽ വ്യാപകമാണ്. കിഫ്ബി പദ്ധതിയിൽ കൊട്ടിഘോഷിച്ച് നിർമാണ ഉദ്ഘാടനം നടത്തിയ കൊട്ടാരക്കര- ശാസ്താംകോട്ട, നെടുവത്തൂർ പ്ലാമൂട്-കിഴക്കേത്തെരുവ് റോഡിന്റെ സ്ഥിതിയാണ് ഏറെ പരിതാപകരം. ആദ്യഘട്ട നിർമാണം പൂർത്തിയാക്കി കരാറുകാർ സ്ഥലം വിട്ടതോടെ റോഡ് തകർന്ന് പൂർവ സ്ഥിതിയിലായി. രാത്രി യാത്ര ദുഷ്കരമാണ്. ഇരുചക്രവാഹനങ്ങൾ പതിവായി അപകടത്തിൽപെടുന്നു. ഈയിടെ നവീകരിച്ച കൊല്ലം-തിരുമംഗലം ദേശീയപാതയുടെ സ്ഥിതിയും ദയനീയം. അഗാധമായ ഗട്ടറുകളാണ് റോഡിൽ. പച്ചിലവളവ് മുതൽ അമ്പലത്തുംകാല വരെ ഇരുപതോളം സ്ഥലങ്ങളിൽ ആഴത്തിൽ ഗട്ടറുകൾ ഉണ്ട്. കൊട്ടാരക്കര പിഡബ്ല്യുഡി സെക്‌ഷൻ പരിധിയിൽ 63 റോഡുകൾ ഉണ്ടെന്നാണ് കണക്ക്. താലൂക്കിൽ റോഡുകളുടെ എണ്ണം നൂറോളം വരും. മിക്കതും തകർന്ന നിലയിലാണ്. 

എസ്എംപി റോഡ്:‘തള്ളാൻ’ മന്ത്രി റിയാസ്
നഗരമധ്യം, റോഡിന് ഇരുവശവും ഒട്ടേറെ സ്ഥാപനങ്ങൾ, ആകെ ദൂരം 700 മീറ്റർ മാത്രം. എന്നാൽ നവീകരണം മാത്രം നടക്കുന്നില്ല. കാരണവും അജ്ഞാതം. 2 വർഷം മുൻപ് മന്ത്രി മുഹമ്മദ് റിയാസ് പങ്കെടുത്ത യോഗത്തിൽ ഉടനടി നടപടി സ്വീകരിക്കുമെന്ന് അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന യോഗത്തിലും സമാന മറുപടി. റോഡ് മാത്രം ഓരോ ദിവസവും പൊട്ടിപ്പൊളിഞ്ഞു യാത്രാദുരിതം വർധിക്കുന്നു. ചിന്നക്കട ലവൽ ക്രോസിൽ നിന്നും എസ്ബിഐ ഓഫിസ് വരെയാണ് റോഡ്. 

മേൽപാലം റോഡിലേക്ക് മന്ത്രിക്കു സ്വാഗതം
കമ്മിഷണർ ഓഫിസിന് സമീപത്തെ മേൽപാലത്തെ റോഡിൽ കുഴികളല്ല പ്രശ്നം, റോഡ് ആകമാനം പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണ്. ടാറിളകി, തകർന്നു കിടക്കുന്ന മേൽപാലത്തിൽ അപകടങ്ങളും പതിവ്.   മേൽപാലത്തിന്റെ അടിവശം സൗന്ദര്യവൽക്കരിക്കുന്ന പദ്ധതിയുടെ സംസ്ഥാനത്ത് തുടക്കം കുറിക്കുന്നത് ഈ പാലത്തിന് കീഴെയാണ്. ഒപ്പം റോഡ് കൂടി നന്നാക്കിത്തരണേ എന്നാണ് നാട്ടുകാർക്ക് പറയാനുള്ളത്. റോഡിന്റെ ടെൻ‍ഡർ ഏറ്റെടുക്കാൻ ആളില്ലാതിരുന്നതായിരുന്നു പ്രശ്നം. എന്നാൽ ഇപ്പോൾ  ടെൻഡർ ഒരു കരാറുകാരൻ ഏറ്റെടുത്തെന്നും പ്രവൃത്തികൾ ഉടൻ ആരംഭിക്കുമെന്നുമാണ് എംഎൽഎ പറയുന്നത്. 

വർഷങ്ങളായി തകർന്ന് കുണ്ടും കുഴിയും വെള്ളക്കെട്ടുമായി 
മാറിയ കരുനാഗപ്പള്ളി ആദിനാട് തെക്ക് ഘണ്ടാകർണൻ കാവ്– 
കിണർമുക്ക് റോഡ്.
വർഷങ്ങളായി തകർന്ന് കുണ്ടും കുഴിയും വെള്ളക്കെട്ടുമായി മാറിയ കരുനാഗപ്പള്ളി ആദിനാട് തെക്ക് ഘണ്ടാകർണൻ കാവ്– കിണർമുക്ക് റോഡ്.

എംഎൽഎ മന്ത്രിയാണ്... എന്നിട്ടെന്താ...?
ഓയൂർ ∙ ചടയമംഗലം മണ്ഡലത്തിൽപെട്ട പൊരിയക്കോട് - അമ്പലംകുന്ന് റോഡ് തകർന്നിട്ട് വർഷങ്ങളായി. പൊരിയക്കോട് മുതൽ മരുതമൺപള്ളി വരെയും അമ്പലംകുന്ന് മുതൽ പൂയപ്പള്ളി വരെയും റോഡ് നവീകരണം നടത്തിയെങ്കിലും പൊരിയക്കോട് മുതൽ അമ്പലംകുന്ന് വരെയുള്ള 2 കിലോമീറ്റർ ഭാഗം പുനർ നിർമാണം നടത്താതെ വർഷങ്ങളായി ഉപേക്ഷിച്ച മട്ടിലാണ്. റോഡിന്റെ മിക്ക ഭാഗങ്ങളിലും വൻകുഴികളായി മഴക്കാലത്ത് വെള്ളക്കെട്ടായ നിലയിലാണ്. സ്ഥലം എംഎൽഎ മന്ത്രിയായിട്ടും റോഡിന്റെ അവസ്ഥ പരിതാപകരമാണെന്ന് നാട്ടുകാർ പറഞ്ഞു. 

കനാൽ റോഡിൽ ആയിരം കുഴികൾ
ശാസ്താംകോട്ട പഞ്ചായത്തിലെ മണക്കാട്ട് മുക്കിൽ നിന്നും പോരുവഴി ചക്കുവള്ളി വരെ നീളുന്ന കനാൽ റോഡ് തകർന്നിട്ട് ഏറെനാളായി. കൊല്ലം–തേനി ദേശീയപാതയുടെ സമാന്തരമായുള്ള തിരക്കേറിയ പാത ഭരണിക്കാവ്– വണ്ടിപ്പെരിയാർ ദേശീയപാതയെ ഒട്ടേറെ ഗ്രാമീണ റോഡുകളുമായി ബന്ധിപ്പിക്കുന്നതാണ്. മുൻപ് ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ടാർ ചെയ്തു നവീകരിച്ചെങ്കിലും പിന്നീട് തകർന്നു ആയിരം കുഴികളായി. കുഴികളെ വെട്ടിക്കാനും മറ്റ് വാഹനങ്ങൾക്ക് വശം കൊടുക്കാനും ആഴമേറിയ കനാലിന്റെ വശത്തേക്ക് വാഹനങ്ങൾ നീങ്ങുന്നത് വലിയ അപകട ഭീഷണി ഉയർത്തുകയാണ്. മയ്യത്തുംകര ഭാഗത്ത് അടുത്തിടെ സ്കൂൾ ബസ് അപകടത്തിൽപെട്ടിരുന്നു. ഇരുചക്രവാഹന യാത്രക്കാരും ആശങ്കയിലാണ്. അപകടങ്ങൾ പതിവായിട്ടും അധികൃതർക്ക് അനക്കമില്ലെന്നാണ് നാട്ടുകാരുടെ പരാതി.

റോസ്മലയിൽ അപകടം കാത്തിരിക്കുന്നു
റോസ്മല∙ ശെന്തുരുണി വന്യജീവി സങ്കേതത്തിനുള്ളിലെ റോസ്മല  വനപാത പകുതിയും തകർന്നു തരിപ്പണമായിട്ടും വനംവകുപ്പിന്റെ മനസ്സ് അലിയുന്നില്ല. സഞ്ചാരികളെയും നാട്ടുകാരെയും ദുരിതത്തിലാക്കിയിട്ടും പാതയുടെ തകർച്ച പരിഹരിക്കാൻ നടപടിയില്ല. ആര്യങ്കാവ് റേഞ്ച്, ശെന്തുരുണി വന്യജീവി സങ്കേതം മേഖലയിലാണു വനപാത. റോസ്മലയും പരപ്പാർ അണക്കെട്ടിന്റെ ദൃശ്യചാരുതയും ആസ്വദിക്കാനായി അടുത്തയിടെ സ്കൂട്ടറിൽ എത്തിയ തമിഴ്നാട്ടുകാരായ 2 യുവാക്കൾ തകർന്ന വനപാതയിൽ അഞ്ചാനക്കുഴിയിൽ അപകടത്തിൽപെട്ട് തമിഴ്നാട്ടിലെ ഗവ. ആശുപത്രിയിൽ ചികിത്സയിലാണ്. അഞ്ചാനക്കുഴിയിലും മഞ്ഞത്തേരിയിലും അടക്കം അപകടഭീഷണിയുള്ള ഭാഗങ്ങളിൽ സുരക്ഷ ഒരുക്കാനും നടപടിയില്ല. 10 കൊല്ലം മുൻപു ടാർ ചെയ്ത പാതയിൽ അറ്റകുറ്റപ്പണി നടത്താത്തതിനാൽ കാൽനടയാത്ര പോലും ദുഷ്കരമാണ്. റോസ്മലയിലേക്ക് കെഎസ്ആർടിസിയുടെ ബസ് സർവീസുണ്ട്

ശാസ്താംകോട്ട ഭരണിക്കാവ് മണക്കാട്ട് ജംക്‌ഷൻ – ചക്കുവള്ളി കനാൽ റോഡ് തകർന്നു കുഴികളായ നിലയിൽ
ശാസ്താംകോട്ട ഭരണിക്കാവ് മണക്കാട്ട് ജംക്‌ഷൻ – ചക്കുവള്ളി കനാൽ റോഡ് തകർന്നു കുഴികളായ നിലയിൽ

തകർന്ന തിരുമംഗലം പാത
കൊല്ലം -തിരുമംഗലം ദേശീയപാതയുടെ പുനലൂർ മണ്ഡലത്തിലെ സമാന്തര പാതയിൽ കുറേ ഭാഗം ഗതാഗതത്തിന് ഭീഷണിയായി മാറിയിട്ട് വർഷങ്ങളായിട്ടും പരിഹാരമായില്ല. പാതയുടെ മറ്റു ഭാഗങ്ങൾ ഉന്നത നിലവാരത്തിൽ 2 വർഷം മുൻപ് ടാറിങ് നടത്തി പുനർനിർമിച്ചിരുന്നു. പുനലൂർ ടിബി ജംക്‌ഷൻ- വട്ടപ്പട- ഇടമൺ റോഡിൽ വാഴമൺ മുതൽ താഴേക്കടവാതുക്കൽ വരെയുള്ള ഭാഗത്താണ് തകർച്ച. കാൽനട പോലും അസാധ്യമായ നിലയിലാണ് റോഡ്. 8 കിലോമീറ്റർ ദൂരമുള്ള ഈ പാതയിൽ സ്ഥലം വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് തർക്കം മൂലം മറ്റു ഭാഗങ്ങൾ പുനർനിർമിച്ച സമയത്ത് ഇവിടെ മാത്രം പുനർനിർമാണം നടന്നില്ല.  വീതി വർധിപ്പിച്ച് കലുങ്കും നിർമിച്ച് ബിഎം, ബിസി നിലവാരത്തിൽ ടാറിങ് നടത്തുന്നതിന് 85 ലക്ഷം രൂപ അനുവദിച്ചിട്ട് 20 മാസമായി. 

ജില്ലാ പഞ്ചായത്ത് മിണ്ടുന്നില്ല
ചാത്തന്നൂർ ∙ ഒരു വ്യാഴവട്ടമായി തകർന്നു കിടക്കുകയാണ് ചിറക്കര പഞ്ചായത്തിലെ കൊച്ചാലുംമൂട്- ഒഴുകുപാറ ജില്ലാ പഞ്ചായത്ത് റോഡ്. വാഹന യാത്ര അതികഠിനമായി മാറിയിട്ടും റോഡ് പുനരുദ്ധാരണം നടക്കുന്നില്ല. പൂതക്കുളം, ഊന്നിൻമൂട്, ഹരിഹരപുരം മേഖലയിൽ നിന്നും ദേശീയപാതയിൽ ചാത്തന്നൂരിലേക്കുള്ള പ്രധാന റോഡാണിത്. സി.വി.പത്മരാജൻ മന്ത്രിയായിരിക്കുമ്പോൾ റോഡ് പൊതുമാരമത്ത് വകുപ്പിനെ കൊണ്ട് ഏറ്റെടുപ്പിച്ചിരുന്നു. എന്നാൽ പിന്നീട് അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാർ ജില്ലാ കൗൺസിലിനു റോഡ് കൈമാറി. ഇതോടെ റോഡിന്റെ ശനിദശ തുടങ്ങി. ചാത്തന്നൂർ സ്പിന്നിങ് മില്ലിനു സമീപം കാപ്പെക്സ് ജംക്‌ഷനിൽ നിന്ന് ആരംഭിച്ചു മീനാട് പാലമൂട്ടിൽ ചാത്തന്നൂർ-പരവൂർ റോഡിൽ ചേരുന്ന പൊതുമരാമത്ത് റോഡ് തകർന്നു കിടക്കുകയാണ്. 

പണി തുടങ്ങാൻ മുഹൂർത്തമായില്ല
പുത്തൂർ ∙  പഴയചിറ– ചെറുപൊയ്ക-ഭജനമഠം റോഡിന്റെ നവീകരണം കരാർ നൽകിയിട്ടു 2 വർഷം പിന്നിട്ടു. പക്ഷേ പണി തുടങ്ങാൻ കരാറുകാരനോ പണി ചെയ്യിപ്പിക്കാൻ മരാമത്ത് അധികൃതർക്കോ ഇനിയും മുഹൂർത്തമായിട്ടില്ല. അനുഭവിക്കുന്നതു യാത്രക്കാരും. നടുവൊടിക്കുന്ന യാത്രയാണ് ഇതുവഴി വരുന്നവരെ കാത്തിരിക്കുന്നത്. പഴയചിറ മുതൽ ഭജനമഠം വരെ 5.5 കി.മീ നീളത്തിൽ ബിഎം ആൻഡ് ബിസി നിലവാരത്തിൽ റീടാറിങ് നടത്തി   നവീകരിക്കുന്നതിനു 5.5 കോടി രൂപ വകയിരുത്തിയ റോഡാണിത്.  2021 ഡിസംബറിൽ ഭരണാനുമതി ലഭിച്ച റോഡിന്റെ നവീകരണം 2022 ജൂണിൽ കരാർ നൽകിയതാണ്. 

പുനലൂർ ടിബി ജംക്‌ഷൻ- വട്ടപ്പട- ഇടമൺ റോഡിൽ വാഴമൺ മുതൽ താഴേക്കടവാതുക്കൽ വരെയുള്ള ഭാഗത്തെ റോഡ് തകർച്ച.
പുനലൂർ ടിബി ജംക്‌ഷൻ- വട്ടപ്പട- ഇടമൺ റോഡിൽ വാഴമൺ മുതൽ താഴേക്കടവാതുക്കൽ വരെയുള്ള ഭാഗത്തെ റോഡ് തകർച്ച.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com