ADVERTISEMENT

കരുനാഗപ്പള്ളി ∙ നിവാസികളുടെ ദീർഘകാല വികസന സ്വപ്നങ്ങൾക്കു ചാരുത പകർന്നു മാളിയേക്കൽ റെയിൽവേ മേൽപാലം. കനത്ത മഴയെ അവഗണിച്ചും പാലത്തിന്റെ ഭാഗത്ത് ആദ്യ യാത്രയിൽ പങ്കാളികളാകാൻ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള വൻ ജനാവലി തടിച്ചു കൂടി. ആദ്യ യാത്രയ്ക്കായി നീണ്ട വാഹന നിരയും രൂപപ്പെട്ടിരുന്നു. നാട മുറിച്ചു കഴിഞ്ഞപ്പോഴേക്കും പാലത്തിലേക്ക് തടിച്ചു കൂടി നിന്നവരുടെയും നിരനിരയായി കിടന്ന വാഹനങ്ങളുടെയും തള്ളിക്കയറ്റമായിരുന്നു. ഉത്സവാഘോഷത്തോടെ ഓരോരുത്തരും പാലത്തിലൂടെ പാലത്തിന്റെ മറുകര എത്തി സന്തോഷം പങ്കുവച്ചു. 

കരുനാഗപ്പള്ളി മാളിയേക്കൽ റെയിൽവേ മേൽപാലത്തിന്റെ ഉദ്ഘാടന വേദിയിലേക്ക്, അന്തരിച്ച മുൻ എംഎൽഎ ആർ.രാമചന്ദ്രന് അഭിവാദ്യം അർപ്പിച്ച് പ്ലക്കാർഡുമായി കടന്നു വരുന്നവർ. ചിത്രം: മനോരമ
കരുനാഗപ്പള്ളി മാളിയേക്കൽ റെയിൽവേ മേൽപാലത്തിന്റെ ഉദ്ഘാടന വേദിയിലേക്ക്, അന്തരിച്ച മുൻ എംഎൽഎ ആർ.രാമചന്ദ്രന് അഭിവാദ്യം അർപ്പിച്ച് പ്ലക്കാർഡുമായി കടന്നു വരുന്നവർ. ചിത്രം: മനോരമ

കരുനാഗപ്പള്ളി – ശാസ്താംകോട്ട റോഡിൽ ലെവൽ ക്രോസുകളിൽ കുടുങ്ങിയുള്ള മണിക്കൂറുകൾ നീളുന്ന നരക യാത്രയ്ക്ക് അറുതിവരുന്നതിലുള്ള സന്തോഷത്തിലായിരുന്നു ഓരോരുത്തരും. മുൻ എംഎൽഎ അന്തരിച്ച രാമചന്ദ്രന്റെ ചിത്രങ്ങൾ പതിച്ചു മാളിയേക്കൽ മേൽപാലം യാഥാർഥ്യമാക്കിയ ആർ.രാമചന്ദ്രനും എൽഡിഎഫ് ഗവൺമെന്റിനും അഭിവാദ്യങ്ങൾ എന്നെഴുതിയ ഫ്ലക്സുകൾ ഉയർത്തിയും ഒരു വിഭാഗം പ്രവർത്തകർ എത്തി. സി.ആർ.മഹേഷ് എംഎൽഎയ്ക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ടുള്ള ഫ്ലാക്സുകളും ഉയർന്നിരുന്നു.

സമ്മേളനത്തിലും പാലത്തിന്റെ കൈവരികളിലും മുൻ എംഎൽഎ ആർ.രാമചന്ദ്രന്റെ ഓർമകൾ പ്രകടിപ്പിച്ചുകൊണ്ടുള്ള ഫ്ലക്സുകൾ ഉയർന്നിരുന്നു. സമ്മേളനത്തിൽ പ്രസംഗിച്ച മന്ത്രിമാരും സി.ആർ.മഹേഷ് എംഎൽഎ ഉൾപ്പെടെയുള്ളവരും പാലത്തിനു വേണ്ടിയുള്ള ആർ.രാമചന്ദ്രന്റെ പങ്ക് എടുത്തു പറഞ്ഞു. 

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ആർ.രാമചന്ദ്രൻ എംഎൽഎയുടെ ശ്രമഫലമായിട്ടു കൂടിയാണ് മാളിയേക്കൽ മേൽപാലം പദ്ധതിയിൽ ഉൾപ്പെട്ടതെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം പ്രവർത്തനങ്ങൾ കൂടുതൽ ശക്തമായി മുന്നോട്ടു പോയി. ജില്ലയിലെ മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ജെ.ചിഞ്ചുറാണി, കെ.ബി.ഗണേശ് കുമാർ, സി.ആർ.മഹേഷ് എംഎൽഎ, എല്ലാ രാഷ്ട്രീയ പാർട്ടിക്കാരും ഈ പ്രവൃത്തി പൂർത്തീകരിക്കുന്നതിനു വേണ്ടി പ്രധാനപ്പെട്ട ഉത്തരവാദിത്വങ്ങൾ നിർവഹിച്ചുവെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. 

ഇന്നലെ യാത്രയ്ക്കായി തുറന്ന സമയം മുതൽ പാലത്തിലൂടെ വാഹനങ്ങളുടെയും പാലം കാണാനെത്തിയവരുടെയും തിരക്കായിരുന്നു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് വൻ ആഘോഷ പരിപാടികൾ പാലം ഉദ്ഘാടനത്തിനായി ഒരുക്കാതിരുന്നത്. എന്നിട്ടും ആർപ്പുവിളികളോടെയാണ് നാട്ടുകാർ ഒത്തുകൂടിയത്. 

പാലം ഉദ്ഘാടന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.അനിരുദ്ധൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ ടി.രാജീവ്, തൊടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തൊടിയൂർ വിജയൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സുനിത അശോക്, സുധീർ കാരിക്കൽ, തൊടിയൂർ പഞ്ചായത്ത് അംഗങ്ങളായ ഉഷാകുമാരി, ബഷീർ എവർമാക്സ്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ പി.കെ.ജയപ്രകാശ്, ഐ.ഷിഹാബ്, കെ.എ.ജവാദ്, ഷാജി മാമ്പള്ളി, ആർ.സോമൻ പിള്ള, ബിജു മാരാരിത്തോട്ടം, ഷിഹാബ് എസ്.പൈനുംമൂട്, എ.എ.ജബ്ബാർ, ആദിനാട് സൈനുദീൻ, പി.രാജു, വിനോദ് വന്ദനം, കെഎസ്ഡബ്ലിയുസി സോണൽ മാനേജർ എൻ.ഹരികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

English Summary:

Years of Waiting End as Maliyekkal Overbridge Inaugurated in Karunagappally

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com