ADVERTISEMENT

കൊല്ലം ∙ സാമ്പത്തിക വർഷം തുടങ്ങി 5 മാസം പൂർത്തിയായെങ്കിലും കോർപറേഷനിൽ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ ഒരു ദിവസം പോലും ജോലി നൽകിയില്ല.  ശുചീകരണ പ്രവർത്തനത്തിനുള്ള വാർഡ് സാനിറ്റേഷൻ ഫണ്ട് വിനിയോഗിച്ച ചില വാർഡുകളിൽ തൊഴിലുറപ്പു തൊഴിലാളികൾക്ക് ഏതാനും ദിവസം ജോലി നൽകിയെങ്കിലും അതിന് അയ്യങ്കാളി തൊഴിലുറപ്പു പദ്ധതിയുമായി ബന്ധമില്ല. കോർപറേഷൻ മേഖലയിൽ 1200 ലേറെ തൊഴിലാളികൾ ഈ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.കഴിഞ്ഞ വർഷം അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി പ്രകാരം നൽകിയ ജോലിക്ക് കൂലി ഇനത്തിൽ സംസ്ഥാന സർക്കാർ 50 ലക്ഷത്തോളം രൂപ കോർപറേഷന് നൽകാനുണ്ട്. കൂലി ആവശ്യപ്പെട്ടു തൊഴിലാളികൾ സമരം നടത്തിയതിനെ തുടർന്നു തനതു ഫണ്ടിൽ നിന്നാണ് തൊഴിലാളികൾക്കു കൂലി നൽകിയത്. നഗരസഭകളിൽ നടപ്പാക്കുന്ന അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ മുഴുവൻ ചെലവും വഹിക്കുന്നത് സംസ്ഥാന സർക്കാരാണ്. 

ഒരു സാമ്പത്തിക വർഷം കുറഞ്ഞത് 100 ദിവസമാണ് ഓരോ തൊഴിലാളിക്കും തൊഴിൽ ലഭിക്കേണ്ടത്. 333 രൂപയാണ് ദിവസവേതനം. മുൻ വർഷങ്ങളിൽ ഓണത്തിനു മുൻപ് മുപ്പതോളം ദിവസം ജോലി ലഭിച്ചിരുന്നു. ഓണത്തിനു 2 ആഴ്ച മാത്രം ബാക്കിനിൽക്കേ ഒരു ദിവസം പോലും ജോലി ലഭിക്കാത്തത് തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കും. പഞ്ചായത്തുകളിൽ കേന്ദ്ര സർക്കാർ വിഹിതം നൽകുന്ന മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയാണ് നടപ്പാക്കുന്നത്.  ഈ സാമ്പത്തിക വർഷം മിക്ക പഞ്ചായത്തുകളിലും 25–30 ദിവസം തൊഴിലാളികൾക്ക് ജോലി ലഭിച്ചു. അയ്യങ്കാളി തൊഴിലുറപ്പു പദ്ധതിയിൽ കൂടുതൽ തൊഴിൽ ദിനങ്ങൾ നൽകിയതിനെ കഴിഞ്ഞ 3 വർഷങ്ങളിൽ കോർപറേഷൻ പുരസ്കാരം ലഭിച്ചിരുന്നു. ഈ സാമ്പത്തിക വർഷത്തെ പദ്ധതിക്കു അംഗീകാരം ലഭിച്ചതായും ജോലി ഉടൻ ആരംഭിക്കുമെന്നും കോർപറേഷൻ അധികൃതർ പറ‍ഞ്ഞു. 

അടിയന്തര നടപടി സ്വീകരിക്കണം:ആർഎസ്പി 
കൊല്ലം∙ അയ്യങ്കാളി തൊഴിലുറപ്പു തൊഴിലാളികൾക്ക് തൊഴിൽ നൽകാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആർഎസ്പി കോർപറേഷൻ പാർലമെന്ററി പാർട്ടി യോഗം ആവശ്യപ്പെട്ടു. എം.പുഷ്പാംഗദൻ,എസ്. സ്വർണമ്മ, ടെൽസ തോമസ്, ദീപു ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു. തൊഴിലുറപ്പു തൊഴിലാളികൾക്ക് അടിയന്തരമായി തൊഴിൽ നൽകണമെന്ന് ബിജെപി പാർലമെന്ററി പാർട്ടി നേതാവ് ടി.ജി.ഗിരീഷ് പറഞ്ഞു. കൂലി ഇനത്തിൽ സംസ്ഥാന സർക്കാർ നൽകാനുള്ള  50 ലക്ഷം രൂപ അടിയന്തരമായി നൽകണം. വികസന പ്രവർത്തനങ്ങൾക്കുള്ള തനതു ഫണ്ടാണ് കൂലി നൽകാൻ ചെലവഴിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

സെപ്റ്റംബർ 2 മുതൽ ജോലി ആരംഭിക്കും: പ്രസന്ന ഏണസ്റ്റ്
കൊല്ലം ∙ അയ്യങ്കാളി തൊഴിലുറപ്പു പദ്ധതി തൊഴിലാളികൾക്ക് സെപ്റ്റംബർ 2 മുതൽ ജോലി  ആരംഭിക്കുമെന്നു മേയർ പ്രസന്ന ഏണസ്റ്റ്. ഓണക്കാലം കണക്കിലെടുത്ത് 2 മുതൽ 12 വരെ എല്ലാ ഡിവിഷനിലും തൊഴിലുറപ്പു പദ്ധതി പ്രകാരം ശുചീകരണം നടത്തും. തൊഴിലുറപ്പു തൊഴിലാളികൾക്ക് കഴിഞ്ഞ ജനുവരി മുതൽ മാർച്ച് വരെയുള്ള കൂലി വിതരണം തുടങ്ങി. കൂലി വിതരണത്തിന് തനതു ഫണ്ടിൽ നിന്നു 60 ലക്ഷം രൂപ കഴിഞ്ഞ മാർച്ചിൽ ട്രഷറിയിൽ നിക്ഷേപിച്ചെങ്കിലും ട്രഷറി നിയന്ത്രണം കാരണം തുക മാറാൻ കഴിഞ്ഞില്ല.   25 ലക്ഷം രൂപ വരെയുള്ള ബില്ലുകൾ മാറാൻ മാറുന്നതിനുള്ള ട്രഷറി നിയന്ത്രണം മാറിയതിനെ തുടർന്നു കൂലി വിതരണം ആരംഭിച്ചു. ഓണത്തിനു മുൻപ് മുഴുവൻ തുകയും വിതരണം ചെയ്യും. ഈ സാമ്പത്തിക വർഷത്തെ പദ്ധതിക്ക് അംഗീകാരം ലഭിച്ചത് കഴിഞ്ഞ ദിവസമാണെന്ന് മേയർ പറഞ്ഞു.

English Summary:

Ayyankali Scheme Fails Workers: Zero Work Days in after Five Months

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com