ADVERTISEMENT

പരവൂർ∙ പരവൂർ മാർക്കറ്റ് നവീകരണത്തിന്റെ ഭാഗമായുള്ള നിർമാണ പ്രവർത്തനങ്ങൾ ഓണത്തിനു ശേഷം ആരംഭിക്കും. ഭരണാനുമതിയും കിഫ്ബിയുടെ സാങ്കേതികാനുമതിയും ലഭിച്ച പദ്ധതിയുടെ കരാർ നടപടികളും പൂർത്തിയായി. പത്ത് മാസത്തിനകം നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കണമെന്നാണ് കരാർ. നവീകരണത്തിന്റെ ഭാഗമായി നിലവിൽ മാർക്കറ്റ് പ്രവർത്തിക്കുന്ന സ്ഥലത്തിന്റെ സമീപത്ത് നഗരസഭ സ്വകാര്യ വ്യക്തിയിൽ നിന്ന് ഏറ്റെടുത്ത 26 സെന്റ് സ്ഥലം വൃത്തിയാക്കുന്ന നടപടികൾ ഇന്നലെ ആരംഭിച്ചു. സ്ഥലം അനുയോജ്യമാക്കി നൽകുന്നത് സംബന്ധിച്ചു കരാറുകാരനും നഗരസഭയും തമ്മിൽ തർക്കം നിലനിന്നിരുന്നു. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നടത്തിയ ചർച്ചയിൽ സ്ഥലം നിർമാണ പ്രവർത്തനങ്ങൾക്ക് അനുയോജ്യമാക്കി നഗരസഭ കരാറുകാരനു കൈമാറാൻ തീരുമാനിക്കുകയായിരുന്നു.

ഓണം കഴിഞ്ഞതിനു ശേഷം മാർക്കറ്റിലെ കച്ചവട സ്ഥാപനങ്ങളും മത്സ്യസ്റ്റാളുകളും പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപത്തെ നഗരസഭ സ്ഥലത്ത് താൽക്കാലികമായി സ്ഥാപിക്കും. താൽക്കാലിക മാർക്കറ്റിനു ആവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങൾ നഗരസഭ ഒരുക്കി നൽകും. ഒരുകാലത്ത് ജില്ലയിലെ തന്നെ പ്രധാനപ്പെട്ടതും തിരക്കേറിയതുമായ വ്യാപാര കേന്ദ്രമായിരുന്ന പരവൂർ മാർക്കറ്റാണ് ഇന്ന് അസൗകര്യങ്ങളുടെ നടുവിൽ വലയുന്നത്. ചെറിയ മഴയിൽ പോലും മാർക്കറ്റിനുള്ളിൽ മലിന ജലം നിറയുന്ന അവസ്ഥയാണ്. 

∙ പരവൂർ മാർക്കറ്റ് നവീകരണം കിഫ്ബിയുടെ 2.35 കോടി രൂപ ഉപയോഗിച്ചു തീരദേശ വികസന കോർപറേഷനാണ് നടപ്പിലാക്കുന്നത്. 300 ചതുരശ്ര മീറ്ററിൽ മത്സ്യ വിപണനത്തിനായുള്ള സ്റ്റാളുകൾ, മത്സ്യവിൽപനയ്ക്കായി 18 തട്ടുകൾ, 28 സ്റ്റെയിൻലെസ് സ്റ്റീൽ ഡിസ്പ്ലേ ട്രോളികൾ, ചെറുകിട കച്ചവടക്കാർക്കു മുറികൾ, ശീതീകരണ സംവിധാനം, ലോക്കർ റൂം, വെയിറ്റിങ് ഏരിയ, സ്ത്രീകൾക്കും പുരുഷൻമാർക്കും 2 വീതവും ഭിന്നശേഷികാർക്ക് ഒരു ശുചിമുറിയും ഉൾപ്പെടുന്ന സമുച്ചയം, മാലിന്യ സംസ്കരണ സംവിധാനം എന്നിവയുൾപ്പെടുന്ന സൗകര്യങ്ങളോടെയാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com